• HOME
  • »
  • NEWS
  • »
  • india
  • »
  • മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ CBI അറസ്റ്റിൽ

മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ CBI അറസ്റ്റിൽ

ജനാധിപത്യത്തിലെ കരിദിനമെന്ന് ആം ആദ്മി പാർട്ടി

  • Share this:

    ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ. 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ആണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.

    അഴിമതി നിരോധന നിയമപ്രകാരമാണ് ഡൽഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സത്യേന്ദർ ജെയിനിനു ശേഷം കെജ്രിവാൾ മന്ത്രിസഭയിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ. ജനാധിപത്യത്തിലെ കരിദിനമെന്നാണ് സിസോദിയയുടെ അറസ്റ്റിനെ കുറിച്ച് ആം ആദ്മി പാർട്ടി പ്രതികരിച്ചത്. വ്യാജ കേസിലാണ് ‘ബിജെപിയുടെ സിബിഐ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് അറസ്റ്റെന്നും ആം ആദ്മി ട്വീറ്റിൽ പറഞ്ഞു.

    വൃത്തികെട്ട രാഷ്ട്രീയമാണ് സിസോദിയയുടെ അറസ്റ്റിനു പിന്നിലെന്നാണ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. സിസോദിയ നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ അറസ്റ്റ് ജനങ്ങളിൽ കടുത്ത അസംതൃപ്തിയുണ്ടാക്കിയെന്നും കെജ്രിവാൾ പറഞ്ഞു. നടന്നു കൊണ്ടിരിക്കുന്നത് എല്ലാവരും കാണുന്നുണ്ട്. ജനങ്ങൾ എല്ലാം മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ഈ അറസ്റ്റ് തങ്ങളുടെ ആവേശം വർധിപ്പിക്കുകയേ ഉള്ളൂ. തങ്ങളുടെ പോരാട്ടം കൂടുതൽ ശക്തമാകുമെന്നും ട്വീറ്റിലൂടെ കെജ്രിവാൾ പറഞ്ഞു.


    ഇന്നു രാവിലെ പതിനൊന്ന് മണിയോടെയാണ് സിസോദിയ ഇഡി സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി എത്തിയത്. പാർട്ടി അണികൾക്കൊപ്പം രാജ്ഘട്ടിൽ സന്ദർശിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം സിസോദിയയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

    അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും തെറ്റായ ആരോപണങ്ങളുടെ പേരിൽ ജയിലിൽ പോകേണ്ടി വന്നാൽ കാര്യമാക്കുന്നില്ലെന്നുമായിരുന്നു സിസോദിയ പ്രതികരിച്ചത്.

    അറസ്റ്റിന് മുന്നോടിയായി ഡൽഹിയിലെ ദക്ഷിണ ജില്ലകളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. പ്രതിഷേധവുമായി എത്തിയ അമ്പതോളം എഎപി നേതാക്കളേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്തിരുന്നു.

    2021-2022ലെ ഡല്‍ഹി മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

    Published by:Naseeba TC
    First published: