ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും നിയന്ത്രണവുമായി കേന്ദ്രം; വരുന്നത് കർശന ഡിജിറ്റൽ നിയമങ്ങൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
തുറന്നതും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് സാഹചര്യം ഉറപ്പാക്കുക എന്നതാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്
ഡൽഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും സാധാരണ ഉപയോക്താക്കൾക്കും ഒരുപോലെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് 2021-ലെ ഐ.ടി. നിയമത്തിൽ വിപുലമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് നിയമങ്ങൾ പ്രകാരം ഡിജിറ്റൽ ലോകത്തെ ഉള്ളടക്കങ്ങൾക്ക് മേൽ സർക്കാരിന് വലിയ തോതിലുള്ള നിരീക്ഷണാധികാരമാണ് ലഭിക്കുന്നത്. വാർത്തകൾ, വിശകലനങ്ങൾ, പൊതുവിഷയങ്ങളിലെ പ്രതികരണങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവെക്കുന്ന ഇൻഫ്ലുവൻസർമാരെ ഇനി മുതൽ വാർത്താ പ്രസാധകരായി (News Publishers) കണക്കാക്കും എന്നതാണ് ഇതിലെ പ്രധാന മാറ്റം. ഇതോടെ ഇവർ ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് കൃത്യമായി പാലിക്കാൻ ബാധ്യസ്ഥരാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ഉള്ളടക്കങ്ങൾ തടയാൻ കർശനമായ വ്യവസ്ഥകളാണ് പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദങ്ങൾ എന്നിവയിൽ അത് കൃത്രിമമായി നിർമ്മിച്ചതാണ് എന്ന ലേബൽ നിർബന്ധമായും ചേർത്തിരിക്കണം. ഉപയോക്താക്കൾക്ക് ഈ ലേബൽ നീക്കം ചെയ്യാൻ സാധിക്കാത്ത വിധം മെറ്റാഡാറ്റയിൽ തന്നെ ഇത് ഉൾപ്പെടുത്തണമെന്ന് നിയമം നിർദ്ദേശിക്കുന്നു. യഥാർത്ഥ വ്യക്തികളെയോ സംഭവങ്ങളെയോ തെറ്റായി ചിത്രീകരിക്കുന്ന എഐ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രത്യേക സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടി വരും.
advertisement
നിയമവിരുദ്ധമോ അശ്ലീലമോ ആയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിൽ മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള സമയപരിധിയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതോ ലൈംഗിക ചുവയുള്ളതോ ആയ പോസ്റ്റുകൾക്കെതിരെ പരാതി ലഭിച്ചാൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ അവ നീക്കം ചെയ്യണം. രാജ്യത്തിന്റെ പരമാധികാരത്തെയോ പൊതു ക്രമത്തെയോ ബാധിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ സർക്കാർ അറിയിപ്പ് ലഭിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിൽ നടപടിയെടുക്കേണ്ടി വരും. നിയമലംഘനം നടത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനൊപ്പം അത്തരം ഉള്ളടക്കങ്ങൾ പങ്കുവെച്ച ഉപയോക്താവിന്റെ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കായി കുറഞ്ഞത് 180 ദിവസത്തേക്ക് സൂക്ഷിക്കണമെന്നും പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശമുണ്ട്.
advertisement
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ കമ്പനികൾക്ക് ഉപയോക്താക്കളുടെ ഉള്ളടക്കത്തിന്മേൽ വലിയ ഉത്തരവാദിത്തമാണ് ഇനി മുതൽ ഉണ്ടാവുക. നിയമവിരുദ്ധമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പോസ്റ്റുകൾ ഉപയോക്താക്കൾ പങ്കുവെക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ കമ്പനികൾ ബാധ്യസ്ഥരാണ്. നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്നവരുടെ അക്കൗണ്ടുകൾ റദ്ദാക്കാൻ പോലും പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകാൻ സർക്കാരിന് സാധിക്കും. ഇതിന് പുറമെ മന്ത്രാലയം കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന അഡൈ്വസറികളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (SOP) പ്ലാറ്റ്‌ഫോമുകൾ നിർബന്ധമായും പാലിക്കേണ്ടി വരും.
advertisement
തുറന്നതും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് സാഹചര്യം ഉറപ്പാക്കുക എന്നതാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും ഐടി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുക്കാനും ഈ ഭേദഗതികൾ സഹായിക്കും. ഈ കരട് നിയമത്തിന്മേൽ പൊതുജനങ്ങൾക്ക് 2026 ഏപ്രിൽ 14 വരെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണ്. വേഡ് അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിൽ തയ്യാറാക്കിയ നിർദ്ദേശങ്ങൾ ഇമെയിൽ വഴിയാണ് അധികൃതർക്ക് സമർപ്പിക്കേണ്ടത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 31, 2026 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും നിയന്ത്രണവുമായി കേന്ദ്രം; വരുന്നത് കർശന ഡിജിറ്റൽ നിയമങ്ങൾ









