• HOME
  • »
  • NEWS
  • »
  • india
  • »
  • Bhagat Singh | ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിൻ്റെ പേര്: എഎപി എന്തുകൊണ്ട് ഭഗത് സിംഗിൻ്റെ ആശയങ്ങളെ പിന്തുണയ്ക്കുന്നു

Bhagat Singh | ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിൻ്റെ പേര്: എഎപി എന്തുകൊണ്ട് ഭഗത് സിംഗിൻ്റെ ആശയങ്ങളെ പിന്തുണയ്ക്കുന്നു

ഒടുവിൽ തങ്ങളുടെ ശ്രമങ്ങൾ ഫലം കണ്ടെന്നും ചണ്ഡീഗഡ് എയർപോർട്ടിന് ഷഹീദ് ഭഗത് സിംഗിൻ്റെ പേര് നൽകുന്നതിനെ പഞ്ചാബിനു വേണ്ടി സ്വാഗതം ചെയ്യുന്നുവെന്നും ഭഗവന്ത് മാൻ പഞ്ചാബിയിൽ കുറിച്ച ട്വീറ്റിൽ പറഞ്ഞു.

  • Share this:
'മൊഹാലിയിലെ എയർപോർട്ട് ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര എയർപോർട്ട് ചണ്ഡീഗഡ് എന്ന് ബുധനാഴ്ച പുനർനാമകരണം ചെയ്യും'. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസത്തെ മൻ കീ ബാത്ത് റേഡിയോ പ്രസംഗത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചതിനു ശേഷം ഭഗത് സിംഗിൻ്റെ 115-ാം ജന്മവാർഷികത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എയർപോർട്ടിൻ്റെ ഔദ്യോഗിക പേരുമാറ്റ ചടങ്ങ് നടത്തും.

ചടങ്ങിൽ മറ്റു പ്രമുഖരോടൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹരിയാന ഗവർണ്ണർ ബന്ദാരു ദത്താത്രേയ എന്നിവരും പങ്കെടുക്കും. കേന്ദ്രത്തിൻ്റെ തീരുമാനത്തെ ഭഗവന്ത് മാൻ സ്വാഗതം ചെയ്തു. എയർപോർട്ടിൻ്റെ പേരിനൊപ്പം മൊഹാലി, ചണ്ഡിഗഡ്, പഞ്ച്കുല എന്നീ സ്ഥലപ്പേരുകളും ചേർക്കണം എന്ന് മുൻപ് ഇതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു.

ഒടുവിൽ തങ്ങളുടെ ശ്രമങ്ങൾ ഫലം കണ്ടെന്നും ചണ്ഡീഗഡ് എയർപോർട്ടിന് ഷഹീദ് ഭഗത് സിംഗിൻ്റെ പേര് നൽകുന്നതിനെ പഞ്ചാബിനു വേണ്ടി സ്വാഗതം ചെയ്യുന്നുവെന്നും ഭഗവന്ത് മാൻ പഞ്ചാബിയിൽ കുറിച്ച ട്വീറ്റിൽ പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും സമാന പ്രതികരണം നടത്തി.

സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന് ആദരമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായിരുന്നു. തങ്ങളെ നയിക്കുന്ന ആശയങ്ങളിൽ പ്രമുഖമായത് ഭഗത് സിംഗിൻ്റെ ചിന്തകളാണെന്ന് ആം ആദ്മി പാർട്ടി പ്രസ്താവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ഭഗത് സിംഗിനെ ഏറ്റെടുക്കാൻ ശ്രമിച്ച ഏക പാർട്ടി ആം ആദ്മി മാത്രമല്ല.

Also read : പോപ്പുലർ ഫ്രണ്ട് നിരോധനം: ഉത്തരവിൽ പറയുന്ന ഏഴ് കാരണങ്ങൾ

ഇടത്-വലത് കക്ഷികളുടെ താരമായ് ഭഗത് സിംഗ്

ഭഗത് സിംഗിൻ്റെ ആശയങ്ങളുടെ വിശാലതയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണമെന്ന് ഭഗത് സിംഗിൻ്റെ ജീവിതത്തെ കുറിച്ച് ആഴത്തിൽ പഠിച്ച പ്രൊഫസർ ചമൻ ലാൽ പറയുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് മാത്രമല്ല, പട്ടിണി, അഴിമതി, വിവേചനം, വർഗ്ഗീയത എന്നിവയിൽ നിന്നെല്ലാം സ്വാതന്ത്ര്യം നേടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് ചമൻ ലാലിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.

ആം ആദ്മി പാർട്ടിയുടെ ദേശീയ വ്യക്തിത്വങ്ങളിൽ ഒരാളായി പാർട്ടി ഭഗത് സിംഗിനെ കരുതുന്നതായി ഒരു എഎപി നേതാവ് ദി പ്രിൻ്റിനോട് പറഞ്ഞു. 2014-ൽ അധികാരത്തിൽ വന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ സർക്കാരിൻ്റെയും നയങ്ങളുടെയും ആശയങ്ങളുടെ പ്രധാന കേന്ദ്രമായി ഗാന്ധിയെ അവരോധിച്ചുവെന്നും ആം ആദ്മിക്ക് ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു പാരമ്പര്യം ആവശ്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയെ വലതുപക്ഷത്തുള്ള ചില കക്ഷികൾ എതിർക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഭഗത് സിംഗിനെ ഇടതു പക്ഷവും വലതു പക്ഷവും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഭഗത് സിംഗിനെ രാജ്യമെമ്പാടും ഇഷ്ടപ്പെടുന്നു, ഇത് വോട്ടർമാരിൽ ഭിന്നിപ്പുണ്ടാക്കുന്നില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

ഭഗത് സിംഗിനോടുള്ള എഎപിയുടെ ബഹുമാനം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഭഗത് സിംഗിനെയും ഡോ. ബി.ആർ അംബേദ്കറെയുമാണ് ആം ആദ്മി പാർട്ടി തങ്ങളുടെ നേതാക്കന്മാരായി ഉയർത്തി കാട്ടുന്നത്. കോൺഗ്രസും ബിജെപിയും പോലുള്ള പാർട്ടികളിൽ നിന്ന് തങ്ങൾക്ക് ഇത് വ്യത്യസ്ത മുഖം നൽകുമെന്നാണ് എഎപി കണക്കുകൂട്ടുന്നത് എന്ന് ദി വീക്കിലെ ഒരു റിപ്പോർട്ടിൽ പറയുന്നു.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം, പതിവിൽ നിന്ന് വിരുദ്ധമായി ചണ്ഡീഗഡ് രാജ്ഭവനിൻ വെച്ചല്ല ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഭഗത് സിംഗിൻ്റെ ജന്മസ്ഥലമായ ഘട്കർ കലനിൽ വെച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. ഭഗത് സിംഗിൻ്റെ ആരാധകനാണെന്ന് അവകാശപ്പെടുന്ന ഭഗവന്ത് മാൻ അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം എപ്പോഴും മഞ്ഞ ടർബനാണ് ധരിക്കാറുള്ളത്. സംസ്ഥാനത്തെ എഎപി നേതാക്കൾ മഞ്ഞ തലക്കെട്ടിന് വളരെ പ്രചാരം നൽകി വരികയാണ്.

എന്നാൽ, മഞ്ഞ തലക്കെട്ട് ധരിച്ച് നിൽക്കുന്ന ഭഗത് സിംഗിൻ്റെ പ്രമുഖ ചിത്രം 1975-ലെ ഒരു പെയിൻ്റിംഗിനെ ആസ്പദമാക്കിയുള്ളതാണ്. എന്നാൽ, യാഥാർത്ഥ്യത്തിൽ 1931 മാർച്ച് 23-ന് തൻ്റെ 23-ാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി ഒരിക്കലും മഞ്ഞ തലക്കെട്ട് ധരിച്ചിട്ടില്ലെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.

ഭഗത് സിംഗിൻ്റെ രക്തസാക്ഷിത്വ ദിനം ഭഗവന്ത് മാൻ സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഭഗത് സിംഗിൻ്റെയും അംബേദ്കറുടെയും ചിത്രങ്ങൾ മാത്രമേ പഞ്ചാബിലെ സർക്കാർ ഓഫീസുകളിൽ പ്രദർശിപ്പിക്കൂ എന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഗാന്ധിജിയുടെ ഫോട്ടോകൾ ഓഫീസുകളിൽ തുടരുമെന്ന് പിന്നീട് വ്യക്തത വരുത്തുകയും ചെയ്തു. കെജ്രിവാളും മാനും നടത്തുന്ന ഓൺലൈൻ മാധ്യമസമ്മേളനങ്ങളിൽ ഭഗത് സിംഗിൻ്റെയും അംബേദ്കറുടെയും ചിത്രങ്ങൾ പശ്ചാത്തലത്തിൽ കാണാം.

പൊതു ഹീറോ

ആം ആദ്മി മാത്രമല്ല ഭഗത് സിംഗിനെ ആദരിച്ച പാർട്ടി. അടൽ ബിഹാരി വാജ്പേയിക്ക് ഭാരത രത്ന നൽകണം എന്ന ബിജെപിയുടെ ആവശ്യം ആർഎസ്എസ് എതിർത്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി ലഭിക്കേണ്ടത് ഭഗത് സിംഗിനോ ഇന്ത്യൻ പട്ടാളക്കാർക്കോ ആണെന്ന് ആർഎസ്എസ് പറഞ്ഞതായി ദി പ്രിൻ്റിലെ ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2015-ൽ ഹുസൈനിവാലയിലെ രക്തസാക്ഷി മെമ്മോറിയൽ സന്ദർശിക്കുമ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദി ധരിച്ചതും മഞ്ഞ തലക്കെട്ടായിരുന്നു. ഇവിടം സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു മോദി. 2013-ൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൻ്റെ ഭാഗമായ പ്രചാരണത്തിനിടെ ഭഗത് സിംഗിൻ്റെ വ്യക്തിപരമായ ഡയറി സംബന്ധിച്ച ഒരു പുസ്തകം മോദി പുറത്തിറക്കിയിരുന്നു. എന്നാൽ, ഈ പുസ്തകം ഭാഗികമായി ഭഗത് സിംഗിൻ്റെ ഇടത് ആശയങ്ങളോടുള്ള ആഭിമുഖ്യമാണ് എടുത്തുകാണിക്കുന്നത് എന്നതാണ് വസ്തുത.

വർഷങ്ങൾക്കു മുൻപ്, ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് മാസങ്ങൾക്ക് ശേഷം 1985 മാർച്ച് 23-ന് ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി മെമ്മോറിയൽ സന്ദർശിച്ച രാജീവ് ഗാന്ധിയും ഭഗത് സിംഗിൻ്റെ ഓർമ്മകൾ ഉണർത്തിയിരുന്നു.

എന്നാൽ, രാഷ്ട്രീയ പാർട്ടികളും സംഘടനകളും മാത്രമല്ല ഭഗത് സിംഗിനോട് ചേർന്നു നിന്നിട്ടുള്ളത്. കേന്ദ്രത്തിൻ്റെ കാർഷിക നിയമത്തിനെതിരായ പോരാട്ടങ്ങൾ നടത്തുമ്പോൾ രാജ്യത്തെ കർഷക സംഘടനകളും ഭഗത് സിംഗിനെ തങ്ങളുടെ നേതാവായി ഉയർത്തിക്കാട്ടിയിരുന്നു. ആം ആദ്മി പാർട്ടി ഭഗത് സിംഗിനെ ഉയർത്തിക്കാട്ടുമ്പോൾ പോലും അദ്ദേഹത്തിൻ്റെ ആശയങ്ങൾ പിന്തുടരുന്നില്ല എന്ന വിമർശനവും കർഷക സംഘടനകൾ ഉന്നയിച്ചിരുന്നു.
Published by:Amal Surendran
First published: