ചിന്നസ്വാമി സ്‌റ്റേഡിയം ദുരന്തം: ഉത്തരവാദിത്വം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെന്ന് റിപ്പോര്‍ട്ട്
- Published by:Sarika N
- news18-malayalam
Last Updated:
ദുരന്തത്തില്‍ പതിനൊന്ന് പേര്‍ മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
ജൂണ്‍ നാലിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് ഉത്തരവാദിത്തം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനാണെന്ന് സിഐഡി അന്വേഷണ റിപ്പോർട്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കന്നി ഐപിഎല്‍ നേട്ടം ആഘോഷത്തിനിടെയാണ് ആള്‍ക്കൂട്ട ദുരന്തമുണ്ടായത്. മികച്ച ദീര്‍ഘവീക്ഷണവും ഏകോപനവും ഉണ്ടായിരുന്നുവെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് സംഘാടകരെ കുറ്റപ്പെടുത്തിക്കൊണ്ട് റിപ്പോര്‍ട്ട് പറയുന്നു. സംഘാടകര്‍ കൃത്യമായി ആസൂത്രണം ചെയ്യാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേർത്തു.
ദുരന്തത്തില്‍ പതിനൊന്ന് പേര്‍ മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 2,200 പേജുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. കേസ് ഫയല്‍ ചെയ്യാന്‍ കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കി.
ടിക്കറ്റിലുണ്ടായ ആശയക്കുഴപ്പം ദുരന്തത്തിന് വഴിവെച്ചു
ആളുകള്‍ സ്റ്റേഡിയത്തിന്റെ ഗേറ്റുകളില്‍ എത്തുന്നതിന് വളരെ മുമ്പ് തന്നെ പ്രശ്‌നം ആരംഭിച്ചതായി സിഐഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ടിക്കറ്റിന്റെ ലഭ്യത സംബന്ധിച്ച് ആശയക്കുഴപ്പം നിറഞ്ഞ സന്ദേശങ്ങള്‍ പങ്കിട്ടത് ഊഹാപോഹങ്ങള്‍ പരക്കാൻ കാരണമായി. സോഷ്യല്‍ മീഡിയയിലൂടെ കിംവദന്തികള്‍ വേഗത്തില്‍ പടര്‍ന്നു. ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് ആര്‍ക്കും ഉറപ്പില്ലായിരുന്നു. ആ അനിശ്ചിതത്വം പ്രവേശന കവാടങ്ങളില്‍ വലിയ തിക്കും തിരക്കും ഉണ്ടാക്കി.
advertisement
പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സംഘാടകരായ തരാവോയാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു യോഗം നടന്നുവെങ്കിലും അത് പേരിന് മാത്രമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തീരുമാനങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയില്ല, ഉദ്യോഗസ്ഥരെ പൂര്‍ണമായി വിവരങ്ങള്‍ അറിയിച്ചില്ല, നിര്‍ണായക വിവരങ്ങള്‍ മറച്ചുവെച്ചു എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുരക്ഷാ വീഴ്ചയും ഏകോപനമില്ലായ്മയും പ്രശ്‌നം വഷളാക്കി
പരിപാടിയുടെ സംഘാടകരായ ഡിഎന്‍എയെയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. പരിപാടിക്കായി നിയമിച്ച സ്വകാര്യ സുരക്ഷാ ഏജന്‍സി ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം വേദിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കുന്നതിന് ഇടപെട്ടില്ലായെന്ന് കാട്ടി കെഎസ്‍സിഎയും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്.
advertisement
അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാ ഗേറ്റുകളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍, സ്വകാര്യ ഗാര്‍ഡുകള്‍, പരിക്കേറ്റവര്‍, ഇരകളെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവരില്‍നിന്നും മൊഴിയെടുത്തു. മൂന്ന് സംഘടനകളും പരിപാടി ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും ആശയവിനിമയം നടത്തുന്നതിനും പരാജയപ്പെട്ടുവെന്ന് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാസങ്ങളോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമായതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
Nov 20, 2025 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചിന്നസ്വാമി സ്‌റ്റേഡിയം ദുരന്തം: ഉത്തരവാദിത്വം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെന്ന് റിപ്പോര്‍ട്ട്










