• HOME
  • »
  • NEWS
  • »
  • india
  • »
  • കോയമ്പത്തൂര്‍: ഹിന്ദുക്കള്‍ക്ക് നേരെ IS ആസൂത്രണം ചെയ്തിരുന്നത് വലിയ ആക്രമണമെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്

കോയമ്പത്തൂര്‍: ഹിന്ദുക്കള്‍ക്ക് നേരെ IS ആസൂത്രണം ചെയ്തിരുന്നത് വലിയ ആക്രമണമെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്

പ്രതികള്‍ കോയമ്പത്തൂരിലെ ആറ് ക്ഷേത്രങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് അറിഞ്ഞിരുന്നുവെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി

  • Share this:
കോയമ്പത്തൂരിലെ (Coimbatore) ഉക്കടത്ത് പ്രശസ്തമായ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം ഒക്ടോബര്‍ 23 ന് ഉണ്ടായ കാര്‍ സ്ഫോടനം (Car blast) ഇസ്ലാമിക് സ്റ്റേറ്റ് (IS) വലിയൊരു ആക്രമണമായാണ് ആസൂത്രണം ചെയ്തിരുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്‌ഫോടനത്തില്‍ 25 കാരന്‍ കൊല്ലപ്പെട്ടിരുന്നു. പ്രതികള്‍ കോയമ്പത്തൂരിലെ ആറ് ക്ഷേത്രങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് അറിഞ്ഞിരുന്നുവെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

ഇതിന് പുറമെ പ്രതികള്‍ സ്ഫോടക വസ്തുക്കളെ കുറിച്ച് ഗവേഷണം നടത്തുകയും പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവ ഉപയോഗിച്ച് ചില സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ആക്രണം ഒരു പ്രധാന വ്യക്തിയെയോ നേതാവിനെയോ ലക്ഷ്യമിട്ടുള്ളതാണോയെന്നും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടില്‍ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍ തുടങ്ങിയ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഭീകരപ്രവര്‍ത്തനത്തിനാണ് പദ്ധതിയിട്ടിരുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. 2019 ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തയാളാണ് മുബിന്‍.

Also Read- യുവമോർച്ച നേതാവിന്റെ കൊല: പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 14 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച് NIA

'എന്റെ മരണവാര്‍ത്ത നിങ്ങളിലേക്ക് എത്തുകയാണെങ്കില്‍, എന്റെ തെറ്റുകള്‍ പൊറുക്കുക, എന്റെ കുറവുകള്‍ മറയ്ക്കുക, ജനാസയില്‍ പങ്കെടുക്കുക, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക', എന്ന് വാചകമുള്ള ചിത്രമാണ് മുബിന്റെ മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേയില്‍ നല്‍കിയിരുന്നത്. ഇത് സ്‌ഫോടനം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നതാണെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു.

സ്‌ഫോടനത്തില്‍ ക്ഷേത്രത്തിന് മുന്നിലെ ആസ്ബറ്റോസ് ഷീറ്റ് തകര്‍ന്നെങ്കിലും ആര്‍ക്കും തന്നെ അപടകം സംഭവിച്ചില്ല. അതേസമയം, സംഭവത്തില്‍ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സെക്രട്ടേറിയറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ക്രമസമാധാന നില അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു.

അതേസമയം, സ്‌ഫോടനത്തിനായി രാസവസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനില്‍ നിന്നെന്ന് അന്വേഷണ ഏജന്‍സിക്ക് തെളിവ് ലഭിച്ചിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ ജമേഷ് മുബീന്റെ ബന്ധു അഫ്‌സര്‍ ഖാന്റെ ലാപ് ടോപ്പില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയും ചെയ്തു.

Also Read- മഹാരാഷ്ട്രയിൽ മെഡിക്കല്‍ വിദ്യാഭ്യാസം മറാത്തിയില്‍; മാറ്റം അടുത്ത അധ്യയന വര്‍ഷം മുതൽ

സ്‌ഫോടനം നടത്തിയ ജമേഷ് മുബീന്‍ പലതവണ കേരളത്തിലെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണ് കേരളത്തിലെത്തിയതെന്നാണ് പറയുന്നത്. കേരളത്തില്‍ ആരെയൊക്കെ കണ്ടുവെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ലോണ്‍ വൂള്‍ഫ് അറ്റാക്ക് നടത്താനാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ ലക്ഷ്യമിട്ടതെന്ന് എന്‍ഐഎ പറയുന്നു. ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ സ്‌ഫോടനവസ്തുക്കളുമായോ വെടികോപ്പുകളുമായോ ഒറ്റയ്ക്ക് ഇടിച്ചുകയറി ആക്രമണ പരമ്പര സൃഷ്ടിക്കുന്നതാണ് ലോണ്‍ വൂള്‍ഫ് അറ്റാക്ക്. ഇതുവഴി നിരവധിപ്പേരെ ഒറ്റയടിക്ക് കൊലപ്പെടുത്താന്‍ കഴിയും.

എന്നാല്‍ ജമേഷിന്റെ പരിചയക്കുറവാണ് ആക്രമണം പാളിപ്പോകാന്‍ ഇടയാക്കിയതെന്നും എന്‍ഐഎ പറയുന്നു. ലക്ഷ്യമിട്ട സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ സ്‌ഫോടനം നടക്കുകയായിരുന്നു.
Published by:Rajesh V
First published: