'ഖാർഗെയ്ക്ക് പ്രായമായില്ലേ'? നേതൃമാറ്റം വേണമെന്ന് സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്

Last Updated:

ഒഡീഷയിലും ദേശീയ തലത്തിലും പാർട്ടിയെ പുനഃരുജ്ജീവിപ്പിക്കാൻ 'ഓപ്പൺ-ഹാർട്ട് സർജറി' നടത്തണമെന്ന് കത്തിൽ ശക്തമായ ഭാഷയിൽ അദ്ദേഹം ആവശ്യപ്പെട്ടു

സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും
സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രായത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും പാർട്ടിയുടെ നിലവിലെ നേതൃത്വത്തെ ചോദ്യം ചെയ്തും പാർട്ടി നേതാവ് സോണിയാ ഗാന്ധിക്ക് കത്തെഴുതി ഒഡീഷയിലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ മുഹമ്മദ് മോക്വിം. ഇത് പാർട്ടിക്കുള്ളിൽ പുതിയ കലാപത്തിന് തുടക്കമിട്ടു.
ഒഡീഷയിലും ദേശീയ തലത്തിലും പാർട്ടിയെ പുനഃരുജ്ജീവിപ്പിക്കാൻ 'ഓപ്പൺ-ഹാർട്ട് സർജറി' നടത്തണമെന്ന് കത്തിൽ ശക്തമായ ഭാഷയിൽ അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് മുഹമ്മദ് മോക്വിം സോണിയാ ഗാന്ധിക്ക് കത്തയച്ചത്. ഒഡീഷാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി(ഒപിസിസി)യുടെ നിലവിലെ അധ്യക്ഷൻ ഭക്ത ചരൺ ദാസിന്റെയും മുൻ പ്രസിഡന്റ് ശരത് പട്‌നായിക്കിന്റെയും നേതൃത്വത്തിൽ പാർട്ടി മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.
2024ലെ ഒഡീഷയിലെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെയും 2025ലെ നുവാപാഡ ഉപതിരഞ്ഞെടുപ്പിലെയും കോൺഗ്രസിന്റെ ദയനീയ പ്രകടനം അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയുടെ സംഘടനാപരമായ ആഴത്തിലുള്ള തകർച്ചയുടെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
പാർട്ടിയിൽ രൂക്ഷമായ നേതൃത്വ പ്രതിസന്ധിയുണ്ട്. ഭക്തയും ശരത്തും നിരവധി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുവെന്നും കേഡറിനെ ഊർജസ്വലമാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കത്തിൽ എഴുതി. "താഴെത്തട്ടിലുള്ള പ്രവർത്തകർ ആശയക്കുഴപ്പത്തിലുമാണ്. അവർ നിരാശരുമാണ്, അവരെ വഴികാട്ടാൻ ആളില്ല," മുഹമ്മദ് പറഞ്ഞു.
ഖാർഗെയുടെ നേതൃത്വത്തെയും ചോദ്യം ചെയ്യുന്നു
ഖാർഗെയുടെ പ്രായം പ്രശ്‌നമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. ഇന്ത്യയിലെ യുവാക്കളുമായി വീണ്ടും ഒന്നിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെങ്കിൽ യുവ നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
"പാർട്ടി ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ മാർഗനിർദേശവും പുതിയ നേതൃത്വവും ആവശ്യമുള്ളതിനാലാണ് ഞാൻ സോണിയാ ഗാന്ധിക്ക് കത്തെഴുതുന്നത്," അദ്ദേഹം പറഞ്ഞു. "നമ്മൾ യുവ നേതാക്കളെ മുന്നോട്ട് കൊണ്ടുവരണം. സോണിയാജിയും സിഡബ്ല്യുസിയും ഇത് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്" അദ്ദേഹം പറഞ്ഞു.
advertisement
ജ്യോതിരാദിത്യ സിന്ധ്യ മുതൽ ഹിമന്ത ബിശ്വ ശർമ വരെയുള്ള നിരവധി യുവ നേതാക്കളുടെ രാജി അർത്ഥമാക്കുന്നത് പാർട്ടിക്ക് അടുത്ത തലമുറയെ നിലനിർത്താൻ കഴിയുന്നില്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"അച്ചടക്കമുള്ള അംഗമാണ് താൻ" എന്ന് സ്വയം വിശേഷിപ്പിച്ച മുഹമ്മദ് മോക്വിം ഒപിസിസി അധ്യക്ഷൻ ഭക്ത ചരൺ ദാസ് തന്നെ 'വിഭീഷണൻ' എന്ന് വിളിച്ചതിനെ വിമർശിച്ചു. വഞ്ചകനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണിത്. "യാതൊരു അടിസ്ഥാനവുമില്ലാതെ ഞാൻ പാർട്ടിക്കുള്ളിലെ 'വിഭീഷണൻ' ആണെന്ന് ഭക്ത മാധ്യമങ്ങളോട് പറഞ്ഞു".
advertisement
താഴെത്തട്ടിലെ പാർട്ടി പ്രവർത്തകരും പാർട്ടിയുടെ ദേശീയ നേതാക്കളും തമ്മിലുള്ള വർധിച്ചുവരുന്ന വിടവും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ''ഞാൻ ഒരു എംഎൽഎ ആയിരുന്നപ്പോൾ മൂന്ന് വർഷത്തോളം എനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞില്ല,'' അദ്ദേഹം പറഞ്ഞു.
സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തിയാൽ മാത്രമെ കോൺഗ്രസിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന് മോക്വിം കത്തിൽ ആവർത്തിച്ചു. ''ഒരു തുറന്ന ഹൃദയശസ്ത്രക്രിയ, ആഴത്തിലുള്ള ഘടനാപരവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ നവീകരണം ആവശ്യമാണ്,'' അദ്ദേഹം കത്തിൽ പറഞ്ഞു.
പരിഹസിച്ച് ബിജെപി
മുങ്ങുന്ന കപ്പലിൽ തുടരാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവിന്റെ ആരോപണത്തെ ചൂണ്ടിക്കാട്ടി ബിജെപി പറഞ്ഞു. ഇത് കോൺഗ്രസിനെതിരേയുള്ള കോൺഗ്രസിന്റെ പോരാട്ടമാണെന്നും വിശേഷിപ്പിച്ചു.
advertisement
"മുങ്ങുന്ന കപ്പലിൽ നിന്ന് പുറത്തുകടക്കാൻ കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നു. പാർട്ടി ഒരു ദുഷ്കരമായ ഘട്ടത്തിലായതിനാൽ സോണിയ ഗാന്ധിക്ക് കത്തെഴുതിയതായി ഒഡീഷയിലെ കട്ടക് കോൺഗ്രസ് എംഎൽഎ മുഹമ്മദ് മോക്വിം പറയുന്നു. കോൺഗ്രസ് പ്രസിഡന്റ് ഖാർഗെയ്‌ക്കെതിരേയും അദ്ദേഹം സംസാരിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവചിച്ചതുപോലെ 'ഓരോ ദിസവും കോൺഗ്രസിൽ പൊട്ടിത്തെറി സംഭവിക്കുന്നു", ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ഒഡീഷയിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വവുമായുള്ള നിരവധി ഏറ്റുമുട്ടലുകളിലെ ഏറ്റവും പുതിയതാണ് മോക്വിമിന്റെ കത്ത്.
advertisement
ശരത് പട്‌നായിക്കിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതിന് 2023 ജൂലൈയിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. 2024 ജനുവരിയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി സസ്‌പെൻഷൻ റദ്ദാക്കി.  2022ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതിന് അദ്ദേഹത്തിന് മുമ്പ് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 2022 സെപ്റ്റംബറിൽ വിജിലൻസ് കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2024ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു.
മോക്വിമിന്റെ പുതിയ കത്തിനോട് ഭക്തചരൺ ദാസോ ശരത് പട്‌നായിക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഖാർഗെയ്ക്ക് പ്രായമായില്ലേ'? നേതൃമാറ്റം വേണമെന്ന് സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്
Next Article
advertisement
ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണശ്രമം നടത്തിയ കോൺഗ്രസ് സംഘടനാ നേതാവായ വാച്ചർ പിടിയിൽ
ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണശ്രമം നടത്തിയ കോൺഗ്രസ് സംഘടനാ നേതാവായ വാച്ചർ പിടിയിൽ
  • ഹരിപ്പാട് ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണശ്രമം നടത്തിയ വാച്ചർ പിടിയിലായി.

  • പെട്ടിയിൽ ഒളിപ്പിച്ചിരുന്ന 32,000 രൂപ കണ്ടെത്തി, ദേവസ്വം ബോർഡ് വാച്ചർ സസ്പെൻഡ് ചെയ്യപ്പെട്ടു.

  • ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ സി സി ടി വി ക്യാമറകൾ പ്രവർത്തനരഹിതമാണ്, സുരക്ഷാ വീഴ്ചയുണ്ടായി.

View All
advertisement