ഷാജഹാൻപൂരിലെ ബഹദൂർ ഗഞ്ച് എന്ന പ്രദേശത്തെ ജനങ്ങൾ കോവിഡ് ബാധ സ്ഥിരീകരിച്ചാൽ ഉടനെ ഒരു അരയാൽ വൃക്ഷത്തിന് ചുവട്ടിൽ ഇരിക്കാൻ വരി നിൽക്കുകയാണ്. ശാസ്ത്രത്തിന് മീതെ വിശ്വാസവും അന്ധവിശ്വാസവും വിജയം നേടുന്നതിന്റെ മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുന്നു. നിലവിൽ കോവിഡ് സ്ഥിരീകരിച്ച രണ്ട് കുടുംബങ്ങളിൽ നിന്ന് ആറോളം പേരാണ് ഒരു ഡോസ് ഓക്സിജന് വേണ്ടി ഈ അരയാൽ വൃക്ഷത്തിന് ചുവട്ടിൽ കിടക്കുന്നത്.
'എനിക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. എന്നാൽ, അടുത്തൊന്നും ഓക്സിജൻ ഉള്ള ആശുപത്രികൾ ഉണ്ടായിരുന്നില്ല. അരയാൽ വൃക്ഷം ഓക്സിജൻ പുറത്തു വിടും എന്ന് ആരോ പറഞ്ഞത് കേട്ടത് അപ്പോഴാണ്. അങ്ങനെയാണ് ബന്ധുക്കൾ എന്നെ ഇവിടേക്ക് കൊണ്ടുവന്നത്. എനിക്ക്, ഇപ്പോൾ സുഖപ്പെടുന്നുണ്ട്. നന്നായി ശ്വസിക്കാനും കഴിയുന്നു' - മരത്തിന്റെ ചുവട്ടിൽ കഴിയുന്ന രോഗികളിൽ ഒരാളായ ഊർമിള പറയുന്നു.
ലോക്ക്ഡൗൺ ലംഘിക്കുന്നവർക്ക് ശിക്ഷ തവളച്ചാട്ടം; വ്യത്യസ്തമായി പൊലീസിന്റെ ഈ ശിക്ഷാ നടപടികൾ
ബി ജെ പി - എം എൽ എ റോഷൻലാൽ വർമ ഈ സ്ഥലത്തെത്തുകയും രോഗികളെ സന്ദർശിക്കുകയും ചെയ്‌തു. ആരോഗ്യ സംവിധാനങ്ങളുടെ പ്രവർത്തനത്തിൽ ക്ഷുഭിതനായ എം എൽ എ ജില്ലാ അധികൃതരെ ശനിയാഴ്ച തന്നെ ബന്ധപ്പെടുകയും ഈ രോഗികളെ ആശുപത്രികളിലേക്ക് മാറ്റാനുള്ള ഏർപ്പാടുണ്ടാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ അരയാൽ വൃക്ഷത്തിന് ചുവട്ടിൽ കഴിയുമ്പോൾ രോഗമുക്തി ഉണ്ടാകുന്നതായി തോന്നുന്നതിനാൽ ആശുപത്രിയിലേക്ക് മാറാൻ താത്പര്യമില്ലെന്നാണ് ഊർമിള പറയുന്നത്.
മതപുരോഹിതരായ മുത്തച്ഛനമാരുടെ കൊച്ചുമകൻ; ജന്മദിനത്തിൽ കാറൽ മാർക്സിനെക്കുറിച്ച് ചില അപൂർവ വസ്തുതകകൾ
'അരയാൽ വൃക്ഷം ധാരാളമായി ഓക്സിജൻ നൽകുമെന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. മറ്റ് സാധ്യതകളൊന്നും ഇല്ലാതിരുന്നതിനാൽ ഞങ്ങൾ ആന്റിയെ ഇങ്ങോട്ടേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ അവർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. അവരുടെ ആരോഗ്യം മെച്ചപ്പെടുന്നു എന്നതും ഇനി ഓക്സിജന്റെ ആവശ്യം ഇല്ല എന്നതുമാണ് പ്രധാനപ്പെട്ട കാര്യം. ആളുകൾ ഞങ്ങളെപ്പറ്റി എന്തൊക്കെ പറയുന്നു എന്നത് ഞങ്ങളെ ബാധിക്കുന്നില്ല' - ഊർമിളയുടെ കുടുംബാംഗങ്ങളിൽ ഒരാൾ പ്രതികരിച്ചു.
ഈ സംഭവത്തിൽ അരയാൽ വൃക്ഷത്തിനടിയിൽ കിടന്നാൽ രോഗം മാറുമെന്ന തോന്നൽ അവരുടെ മാനസികാവസ്ഥ മൂലം ഉണ്ടാകുന്നതാണെന്ന് ലഖ്‌നൗവിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. 'ശുദ്ധവായു ആയതിനാലാകാം ആളുകൾക്ക് ആയാസമില്ലാതെ ശ്വസിക്കാൻ കഴിയുന്നതായി തോന്നുന്നത്', കിംഗ് ജോർജസ് മെഡിക്കൽ സർവകലാശാലയിലെ ഡോക്ടർ പറഞ്ഞു.
അതിനിടെ, ഓക്സിജൻ സിലിണ്ടർ ലഭിക്കുന്നില്ല എന്ന് പരാതിപ്പെടുന്ന രോഗികളുടെ ബന്ധുക്കളോട് അരയാലിന്റെ ചുവട്ടിലേക്ക് പോകാൻ പൊലീസ് നിർദ്ദേശിച്ചതായുള്ള വാർത്തകൾ ഉത്തർപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പ്രയാഗ്‌രാജിലെ എം എൽ എ ഹർഷവർദ്ധൻ വാജ്‌പേയിയുടെ ഓക്സിജൻ പ്ലാന്റിന് മുന്നിൽ ജനങ്ങൾ ഓക്സിജൻ സിലിണ്ടറിന് വേണ്ടി കൂട്ടം കൂടി നിൽക്കുകയാണ്. ഓക്സിജൻ കിട്ടാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇവിടെ പതിവായതോടെയാണ് പൊലീസിനെ വിന്യസിക്കാൻ തീരുമാനിച്ചത്. എന്നാൽ, പൊലീസ് ഇത്തരം വിചിത്രമായ നിർദ്ദേശങ്ങളാണ് ജനങ്ങൾക്ക് നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.