ന്യൂഡൽഹി: ഒക്ടോബര്‍ 21 ഓടെ ഇന്ത്യ 100 കോടി (100 Crore Covid Vaccine Dose) ജനങ്ങൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കി അവരെ കോവിഡ് മഹാമാരിയിൽ നിന്ന് സംരക്ഷിച്ചിരിക്കുകയാണ്. 2020 ന്റെ ആദ്യ പാദത്തില്‍ കോവിഡ് 19 എന്ന രോഗത്തോടുള്ള ഭയത്തിന്റെ മൂടുപടത്തില്‍ ഒളിച്ചിരുന്നവരാണ് ഇന്ത്യയിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവ് (Vaccianation Drive) എന്ന ബഹുമതിയാണ് ഇന്ത്യയെ തേടിയെത്തിയിരിക്കുന്നത്. ഈ നിലയിലെത്താന്‍ സാധിച്ചതിന്റെ സന്തോഷം തന്റെ ബ്ലോഗിലൂടെ പങ്കിടുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi).
ബ്ലോഗിന്റെ പ്രസക്ത ഭാഗങ്ങള്‍:
വ്യത്യസ്തമായ സാമൂഹ്യ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ വാക്സിനേറ്റ് ചെയ്യുക എന്നത് ഒരു ഭഗീരഥ പ്രയത്നം തന്നെയാണ്. വേഗത്തിൽ വ്യാപകമായി ജനങ്ങളിലേക്ക് എത്തിക്കേണ്ട ഏതൊരു ക്യാമ്പയിനും വിജയിക്കണമെങ്കിൽ അതിന്റെ ഭാഗമായ എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം ആർജിക്കുക എന്നത് അനിവാര്യമാണ്. വാക്സിനേഷൻ ഡ്രൈവ് വിജയിക്കാനുള്ള ഒരു കാരണം, അവിശ്വാസവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള പല ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും ആളുകൾ വാക്സിനിൽ അർപ്പിച്ച വിശ്വാസമാണ്. വാക്സിന്റെ കാര്യത്തിൽ, വിദേശ ബ്രാൻഡുകളെ മാത്രം വിശ്വസിക്കുന്ന ചിലരുണ്ട്. എന്നിരുന്നാലും, കോവിഡ് -19 വാക്സിൻ പോലെ നിർണായകമായ ഒരു കാര്യം വന്നപ്പോൾ, ഇന്ത്യക്കാർ ഏകകണ്ഠമായി 'മെയ്ഡ് ഇൻ ഇന്ത്യ' വാക്സിനുകളെ വിശ്വസിച്ചു. ഇത് ഒരു മാതൃകാപരമായ മാറ്റം തന്നെയാണ്.
ജനകീയ പങ്കാളിത്തം എന്ന മനോഭാവത്തിൽ ഉറച്ച് ഒരു പൊതു ലക്ഷ്യത്തിനായി പൗരന്മാരും സർക്കാരും ഒത്തുചേർന്നാൽ ഇന്ത്യക്ക് എന്തും നേടാനാകുമെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ വാക്സിൻ ഡ്രൈവ്. തുടക്കത്തിൽ, 130 കോടി ഇന്ത്യക്കാരുടെ കഴിവുകളെ പലരും സംശയിക്കുകയുണ്ടായി. ചിലർ ഇന്ത്യ വാക്സിൻ ഡ്രൈവ് പൂർത്തിയാക്കാൻ മൂന്നോ നാലോ വർഷമെടുക്കും എന്ന് അഭിപ്രായപ്പെട്ടപ്പോൾ, മറ്റുള്ളവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ആരെങ്കലും മുന്നോട്ട് വരുമോ എന്ന് സംശയിച്ചു. എന്നാൽ 2020 ലെ ദേശീയ ലോക്ക്ഡൗൺ, തുടർന്നുള്ള ലോക്ക്ഡൗണുകൾ എന്നിവയിലൊക്കെ സഹകരിച്ചത് പോലെ തന്നെ, ഇന്ത്യയിലെ ജനങ്ങൾ വാക്സിൻ ഡ്രൈവിലും തങ്ങളുടെ സഹകരണം ഉറപ്പാക്കുക തന്നെ ചെയ്തു. ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടാണ് നമുക്ക് ഈ വിജയ്തിലെത്താൻ സാധിച്ചത്.
വാക്സിനുകളുടെ ഡെലിവറി ഷെഡ്യൂളിനെക്കുറിച്ച് സംസ്ഥാനങ്ങൾക്ക് നമ്മൾ മുൻകൂട്ടി അറിയിപ്പ് നൽകി. അതിലൂടെ അവർക്ക് അവരുടെ വാക്സിനേഷൻ ക്യാമ്പുകൾ മെച്ചപ്പെട്ട രീതിയിൽ ആസൂത്രണം ചെയ്യാനും മുൻകൂട്ടി തീരുമാനിച്ച ദിവസങ്ങളിൽ ആളുകൾക്ക് വാക്സിനുകൾ നൽകാനും സാധിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ മികച്ച ശ്രമമാണിത്. ഈ ശ്രമങ്ങളെല്ലാം കോവിൻ എന്ന ഒരു കരുത്തുറ്റ സാങ്കേതിക പ്ലാറ്റ്ഫോം വഴിയാണ് പൂർത്തീകരിച്ചത്. വാക്സിൻ ഡ്രൈവ് തുല്യമായി പൊതുജനങ്ങൾക്ക് ട്രാക്കു ചെയ്യാവുന്ന രീതിയിൽ സുതാര്യവുമാണെന്ന് കോവിൻ വഴി സർക്കാർ ഉറപ്പു വരുത്തി. സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു തത്സമയ ഡാഷ്‌ബോർഡിന് പുറമേ, ക്യു ആർ കോഡ് ഉപയോഗിച്ച് സർട്ടിഫിക്കറ്റുകൾ പരിശോധിച്ചുറപ്പിക്കാനുള്ള സംവിധാനവും സർക്കാർ ഉറപ്പാക്കി. ലോകത്ത് ഇന്ത്യയിൽ ഒഴികെ മറ്റൊരിടത്തും ഇത്രയും നല്ല മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ല. 2015ലെ എന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഞാൻ പറഞ്ഞിരുന്നു, 'ടീം ഇന്ത്യ' കാരണം നമ്മുടെ രാജ്യം മുന്നേറുകയാണന്ന്, 'ടീം ഇന്ത്യ' എന്നു പറയുന്നത് നമ്മുടെ 130 കോടി ജനങ്ങൾ ഉൾക്കൊള്ളുന്ന ഒരു വലിയ സംഘമാണ്. ജനങ്ങളുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി. ഇന്ത്യയുടെ കോവിഡ് വാക്സിനേഷനിലെ വിജയം ‘ജനാധിപത്യത്തിന് എന്തും നൽകാൻ കഴിയും’ എന്നാണ് ലോകത്തോട് വിളിച്ചു പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.