ദളിത് യുവാവിനെ കൊണ്ട് ചെരിപ്പ് നക്കിച്ച സംഭവം; പ്രതിയുടെ വീട് ഇടിച്ച് നിരത്തണമെന്ന് യോഗി ആദിത്യനാഥിനോട് യുവാവ്

Last Updated:

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെ പ്രതിയുള്‍പ്പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെക്കൊണ്ട് ലൈന്‍മാന്‍ ചെരിപ്പ് നക്കിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെ പ്രതിയുള്‍പ്പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. യുപിയിലെ സോനബദ്ര ജില്ലയിലാണ് സംഭവം നടന്നത്. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും അവരുടെ വീട് ഇടിച്ച് നിരത്തണമെന്നും അധിക്ഷേപത്തിനിരയായ യുവാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടായിരുന്നു യുവാവിന്റെ അഭ്യര്‍ത്ഥന.
ദളിത് യുവാവായ രാജേന്ദ്ര ചമാറാണ് ആക്രമണത്തിനിരയായത്. വൈദ്യുതി വകുപ്പിലെ ലൈന്‍മാനായ തേജ്ബലി സിംഗ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചമാറിനെ ആക്രമിച്ചത്. ഇവര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംരക്ഷണ നിയമമനുസരിച്ച് കേസെടുത്തിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഓഫീസര്‍ അമിത് കുമാര്‍ പറഞ്ഞു. ജൂലൈ ആറിനാണ് സംഭവം നടന്നത്. ബഹൗര്‍ ജില്ലാ സ്വദേശിനിയാണ് ചമാര്‍. ബാല്‍ദിഹിലുള്ള തന്റെ ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തിന് ഈ ദുരനുഭവമുണ്ടായത്.
ബന്ധുവിന്റെ വീട്ടിലെ വൈദ്യുതി ബന്ധം തകരാറിലായത് ശ്രദ്ധയില്‍പ്പെട്ട ചമാര്‍ അത് ശരിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് തേജ്ബലിയുടെ വരവ്. വൈദ്യുതി വകുപ്പിലെ ലൈന്‍മാനായ തേജ്ബലി ചമാറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തേജ്ബലി ചമാറിനെ ഉപദ്രവിക്കുകയും തന്റെ ഷൂസിലേക്ക് തുപ്പിയതിന് ശേഷം അത് നക്കിത്തുടയ്ക്കാന്‍ ഇയാള്‍ ചമാറിനോട് ആവശ്യപ്പെടുകയുമായിരുന്നു. ശേഷം ചമാറിനെ നിര്‍ബന്ധിച്ച് തന്റെ ഷൂസ് നക്കിപ്പിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു.
advertisement
ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെ നിരവധി പേര്‍ യുപി പോലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. കൂടാതെ പട്ടേല്‍ ചമാറിന്റെ കൈപിടിച്ച് തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. വിഷയം ഗൗരവമായി കൈകാര്യം ചെയ്യണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവസ്ഥലം വിശദമായി പരിശോധിക്കണമെന്നും ഡിഐജിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
കൂടാതെ പ്രതികള്‍ക്കെതിരെ പട്ടിജകജാതി-പട്ടികവര്‍ഗ്ഗ സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുമുണ്ട്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണണെന്ന് ഡിജിപി ഉത്തരവിട്ടതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം തേജ്ബലിയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിക്കൊണ്ട് വൈദ്യുതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി പോലീസ് അറിയിച്ചു.
advertisement
എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്നാണ് ആക്രമണത്തിനിരയായ യുവാവ് പറയുന്നു. പ്രതിയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചു. ” പ്രതിയുടെ വീട് ഇടിച്ച് നിരത്തണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണ്. ഒരു മനുഷ്യനായ എന്നെ അവര്‍ അത്രയും നികൃഷ്ടമായാണ് ആക്രമിച്ചത്,” ചമേര്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ യുപി ഭരിക്കുന്ന ബിജെപിയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് പ്രവേഷ് ശുക്ല മൂത്രമൊഴിച്ച സംഭവത്തേക്കാള്‍ ലജ്ജാകരമാണിതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
advertisement
ബിജെപി ഭരണത്തിന്‍ കീഴില്‍ ദളിതരെ മനുഷ്യരായി പരിഗണിക്കുന്നില്ലെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. നിന്ദ്യമായ പ്രവൃത്തിയെന്നാണ് കോണ്‍ഗ്രസ് സംഭവത്തെ വിശേഷിപ്പിച്ചത്. ബിജെപി ദളിതരെ അപമാനിക്കുകയാണെന്ന് രാഷ്ട്രീയ ലോക്ദള്‍ ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
ദളിത് യുവാവിനെ കൊണ്ട് ചെരിപ്പ് നക്കിച്ച സംഭവം; പ്രതിയുടെ വീട് ഇടിച്ച് നിരത്തണമെന്ന് യോഗി ആദിത്യനാഥിനോട് യുവാവ്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement