അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്താണ്? നല്ല ഭരണം നടത്തിയ മുഖ്യമന്ത്രിമാരെ ജനം വീണ്ടും അധികാരത്തിലെത്തിച്ചു. കേരളത്തിലും ബംഗാളിലും അതുതന്നെയാണ് സംഭവിച്ചത്. അസമിൽ ബിജെപി അധികാരം നിലനിറുത്തിയെങ്കിലും അവിടെ മുഖ്യമന്ത്രിയെക്കാൾ വലിയ രാഷ്ട്രീയം പറയുകയും രാഷ്ട്രീയം കളിപ്പിക്കുകയും ചെയ്യുന്നത് ധനകാര്യവും പൊതുമരാമത്തും അടക്കം അഞ്ചിലേറെ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഹിമന്ദ ബിശ്വ ശർമയാണ്. കേരളത്തിലും ബംഗാളിലും സർക്കാരിനെ തിരഞ്ഞെടുപ്പിൽ നയിച്ചതും വിജയത്തിലെത്തിച്ചതും മുഖ്യമന്ത്രിമാർ തന്നെയായിരുന്നു.
നന്ദിഗ്രാമിലെ തോൽവി നിറം കെടുത്തിയെങ്കിലും ബംഗാളിൽ മമത തന്നെയാണ് നേതാവ്. കേരളത്തിൽ ക്യാപ്റ്റൻ രണ്ട് കാര്യങ്ങളാണ് തുടക്കത്തിലേ പ്രഖ്യാപിച്ചത്. ഇടത് മുന്നണിയെ വീണ്ടും അധികാരത്തിൽ എത്തിക്കും. ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കും. ആ രണ്ട് പ്രഖ്യാപനങ്ങളും പിണറായി വിജയൻ നടപ്പിലാക്കി. കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫിനെ വീണ്ടും അധികാരത്തിൽ എത്തിച്ചു. ബിജെപിയുടെ നേമം അക്കൗണ്ട് പൂട്ടിച്ചു.
രണ്ടായിരത്തി പതിനാറും, ഇരുപത്തി ഒന്നും2016ൽ നിന്ന് 2021ൽ എത്തുമ്പോൾ രാഷ്ട്രീയ പ്രതിയോഗികളെ മാത്രമായിരുന്നില്ല പിണറായിക്ക് നേരിടേണ്ടി വന്നത്. ശബരിമല വിഷയം രാഷ്ട്രീയ ആയുധമായി തിരിച്ചു വന്നു. പുതിയ ആയുധമായി സ്വർണക്കടത്തും അതിന്റെ പേരിലെ അന്വേഷണവും വന്നു. ശബരിമല അയ്യപ്പനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറക്കാൻ കോൺഗ്രസ് ബിജെപിയോട് മത്സരിച്ചു. ആ മത്സരത്തിനിടയിൽ ഇരുപാർട്ടികളും ജനഹിതം മനസിലാക്കാതെ പോയി. ദേവസ്വം മന്ത്രിക്കെതിരെയുള്ള പോരാട്ടത്തിൽ പോലും അയ്യപ്പൻ കൂടെ നിന്നില്ല. കടകംപളളി സുരേന്ദ്രൻ ഭൂരിപക്ഷം ഇരട്ടിയിലധികം വർധിപ്പിച്ചു.
Also Read-
'കുറവുകൾ പരിഹരിച്ച് മുന്നോട്ടു പോകും'; ഒ രാജഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ 'പൊങ്കാല'സ്വർണ്ണക്കടത്തിന്റെ പേരിൽ കേന്ദ്രഏജൻസികൾ അതിലും വലിയ വെല്ലുവിളി ഉയർത്തി.അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ എത്തി. മുഖ്യമന്ത്രിക്കൊപ്പമുള്ള ഉദ്ദ്യോഗസ്ഥരെ പിടികൂടി. മന്ത്രിയേയും സ്പീക്കറേയും ചോദ്യം ചെയ്തു. പ്രതികളുടെ മൊഴികൾ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന രീതിയിൽ ചോർന്നു. ഇത് കോൺഗ്രസും ബിജെപിയും ഒരു പോലെ ഏറ്റെടുത്തു. മത്സരിച്ച് വാർത്ത സമ്മേളനങ്ങളും പ്രതിഷേധ സമരങ്ങളും നടത്തി. എന്നിട്ടും കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തിയെങ്കിൽ അത് ക്യാപ്റ്റന്റെ കഴിവു തന്നെയാണ്.
ബംഗാൾ രാഷ്ട്രീയംകേരളത്തിൽ അന്വേഷണ ഏജൻസികളിലൂടെയാണ് കേന്ദ്ര ഇടപെടലുണ്ടായതെങ്കിൽ ബംഗാളിൽ നേരിട്ടായിരുന്നു. അമിത് ഷാ തന്നെ ബംഗാളിലെ തന്ത്രങ്ങൾക്ക് നേതൃത്വം നൽകി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഒഴിവാക്കിയത് ഔദാര്യമൊന്നുമായിരുന്നില്ല. മമതയ്ക്കെതിരെ മാത്രം അന്വേഷണം നില‍്ക്കില്ല എന്നത് കൊണ്ടു കൂടിയാണ്. മമതയക്കെതിരെ ഉയർന്ന ശാരദ കുംഭകോണം ഉൾപ്പടെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത് തിരഞ്ഞെടുപ്പിൽ ചർച്ചയേ ആയില്ല. അതിന് കാരണവുമുണ്ട്. മമതയ്ക്കൊപ്പം പ്രതിപട്ടികയിലുള്ള ഭൂരിപക്ഷം പേരും ഇപ്പോൾ ബിജെപിക്കൊപ്പമാണ്. അവരാണ് ഇപ്പോൾ ബംഗാളിൽ ബിജെപിയെ നയിക്കുന്നതും. അതുകൊണ്ട് തന്നെ അന്വേഷണം നടന്നാൽ അത് സ്വന്തം പാളയത്തിലുമെത്തുമെന്ന തിരിച്ചറിവ് തന്നെ കാരണം.
ബംഗാളിൽ തൃണമൂൽ സർക്കാർ വീണ്ടും അധികാരത്തിലെത്തിയത് മമത ബാനർജിയെന്ന ദീദിയുടെ മിടുക്ക് കൊണ്ട് മാത്രമാണ്. കൈപിടിച്ച് രാഷ്ട്രീയത്തിൽ കൊണ്ട് വന്ന് സ്ഥാനമാനങ്ങൾ നൽകി ഒപ്പം നിറുത്തിയവരിൽ പലരും പിന്നിൽ നിന്ന് കുത്തി. പരസ്യമായി അധിക്ഷേപിച്ച ശേഷം ശത്രുവിനൊപ്പം ചേർന്നു. അതിലൊരാളാണ് നന്ദിഗ്രാമിൽ മമതയെ തോൽപിച്ച സുവേന്ദു അധികാരി. പക്ഷെ മമത പതറിയില്ല.
Also Read-
Kerala Assembly Election Result | മലബാറിൽ മാത്രമൊതുങ്ങി മുസ്ലീം ലീഗ്; അഴീക്കോടും കളമശേരിയും കൈവിട്ടുകേന്ദ്ര സർക്കാരിന്റെയും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടേയും സർവ്വ ആയുധങ്ങളുമെടുത്തുള്ള ആക്രമണങ്ങളെ ഒറ്റയ്ക്ക് നിന്ന് നേരിട്ടു. അവരെ തറപറ്റിച്ചു. രണ്ട് സീറ്റിൽ മത്സരിക്കുന്നത് സാധാരണ സംഭവമാകുന്ന നാട്ടിൽ പ്രതിയോഗികളെയെല്ലാം വെല്ലുവിളിച്ച് നന്ദിഗ്രാം പോയി മത്സരിച്ചു. കഴിഞ്ഞ രണ്ട് തവണ വിജയിച്ച ഭവാനിപൂർ ഇത്തവണ വേണ്ടെന്ന് വച്ചു. നന്ദിഗ്രാമിൽ മമത തോറ്റപ്പോൾ ഭവാനിപൂരിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചു. നന്ദിഗ്രാമിൽ എത്തിയതിനെക്കാൾ കൂടുതൽ തവണ മമത മറ്റു മണ്ഡലങ്ങളിൽ എത്തി. തൃണമൂൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തി. അങ്ങനെയാണ് അധികാരം പിടിക്കാൻ പടയോട്ടം നടത്തിയെത്തിയ ബിജെപിയെ മൂന്നക്കം തൊടാൻ അനുവദിക്കാതെ തറപറ്റിച്ചത്.
Also Read-
Kerala Assembly Election Result | ഏറ്റവും ഉയർന്ന ഭൂരിപക്ഷം മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക്; കുറവ് പെരിന്തൽമണ്ണയിൽകേരളത്തിലേയും ബംഗാളിലേയും വിജയത്തിന് ചില സാമ്യങ്ങളുണ്ട്. രണ്ടിടത്തും തുടർ ഭരണത്തിന് യോഗ്യത നേടിയത് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റ് നേടിയാണ്. “ ഉറപ്പാണ്” കേരളത്തിലെ ജനങ്ങൾക്ക് പിണറായി നൽകിയ വാഗ്ദാനമെങ്കിൽ ബംഗാളിന്റെ പുത്രിയായി സ്വയം സമർപ്പിക്കുകയാണ് മമത ചെയ്തത്. രാഷ്ട്രീയ ചാണക്യൻ പ്രശാന്ത് കിഷോറാണ് ദീദിയായിരുന്ന മമത ബാനർജിയെ ബംഗാളിന്റെ പുത്രിയായി അവതരിപ്പിച്ചത്. ബംഗാളിന് ആവശ്യം സ്വന്തം പുത്രിയെയാണ് എന്നതായിരുന്നു ആ ടാഗ് ലൈൻ. തമിഴ്നാടും പുതിച്ചേരിയും മുങ്ങുന്ന കപ്പലിൽ ഓടി കയറിയ ബിജെപി, തമിഴ്നാട്ടിൽ അണ്ണഡിഎംകെയ്ക്കൊപ്പം മുങ്ങി. രജനീകാന്ത് അനാരോഗ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാതെ സിങ്കപ്പൂരിലേക്ക് പോയതിന് പിന്നാലെയാണ് അണ്ണഡിഎംകെയ്ക്കൊപ്പം കൂടിയത്. ശശികല രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ചതിന് പിന്നിലും ചില ഡെല്ലി ബുദ്ധിയാണെന്ന പ്രചാരണമുണ്ടായിരുന്നു. ആ തന്ത്രങ്ങളെല്ലാം പാളി. പുതുച്ചേരിയിൽ മാത്രമാണ് തിരഞ്ഞെടുപ്പിന് മുമ്പേ മെനഞ്ഞ തന്ത്രം ഇത്തവണ ഫലിച്ചത്. കോൺഗ്രസിനെ പിളർത്തി തുടങ്ങിയ തിരഞ്ഞെടുപ്പ് തന്ത്രം അവിടെ ഫലം കണ്ടു. മുൻമുഖ്യമന്ത്രി രങ്കസ്വാമിയെ ഒപ്പം കൂട്ടി അധികാരത്തിലെത്തി.
പാളിയ തന്ത്രങ്ങൾതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വരെ സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും പ്രവർത്തനങ്ങളെ വിമർശിച്ച കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അയ്യപ്പനെ കൂട്ടുപിടിച്ചു. അയ്യപ്പനെ സ്വന്തമാക്കാൻ ബിജെപിയുമായി മത്സരിച്ചു. കോവിഡ് കാലത്ത് അന്നം മുട്ടിക്കാൻ ഇറങ്ങിയവരെന്ന പഴികേൾപ്പിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പറയുന്നത് ഏറ്റുപിടിക്കാൻ ആളില്ലാത്ത പാർട്ടിയായി കോൺഗ്രസ്. പാർട്ടി പ്രസിഡണ്ടും നേതാക്കളും പലവഴിക്ക് പട നയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ മുഖ്യമന്ത്രിയാകാനായിരുന്നു നേതാക്കൾ കളമൊരുക്കിയത്. ഇങ്ങനെ ഇരിക്കാൻ കിട്ടിയ കൊമ്പ് മുറിച്ച് അതിനടിയിൽ പെട്ട് ശ്വാസംമുട്ടുകയാണ് കോൺഗ്രസ്. കെ.പി.സി.സി പ്രസിഡണ്ടിനും നേതാക്കൾക്കുമെതിരെ വിമർശനമുയരും. ഒരുപക്ഷെ ചില ചെറു ചലനങ്ങളുണ്ടാകും. അതിനപ്പുറത്ത് കടുത്തതൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ ബിജെപിയിൽ അതാകില്ല സ്ഥിതി. കണക്കും ഉത്തരവും പറയേണ്ടി വരും. പ്രത്യേകിച്ച് സിറ്റിങ് സീറ്റിലേയും പാലക്കാട്ടേയും പരാജയത്തെ കുറിച്ച്. അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു ബംഗാൾ വിശേഷം കൂടി. ഒന്നിച്ച് മത്സരിച്ചിട്ടും ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിനോ സിപിഎമ്മിനോ കഴിഞ്ഞില്ല. അതും മറക്കണ്ട.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.