HOME /NEWS /India / Modi@72 |വനിതാ വോട്ടുകള്‍; വടക്കുകിഴക്കന്‍ മേഖലകളിലേക്കുള്ള വ്യാപനം; നരേന്ദ്രമോദി ബിജെപിയിൽ വരുത്തിയ അഞ്ചു മാറ്റങ്ങൾ

Modi@72 |വനിതാ വോട്ടുകള്‍; വടക്കുകിഴക്കന്‍ മേഖലകളിലേക്കുള്ള വ്യാപനം; നരേന്ദ്രമോദി ബിജെപിയിൽ വരുത്തിയ അഞ്ചു മാറ്റങ്ങൾ

(File pic: Reuters)

(File pic: Reuters)

2013 നും 2019 നും ഇടയില്‍, ബിജെപി അതിന്റെ സാമൂഹിക പിന്തുണാ അടിത്തറ മാത്രമല്ല, ഒബിസി വിഭാഗക്കാര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അതിന്റെ ആന്തരിക സംഘടനാ സംവിധാനങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിരുന്നു.

  • Share this:

    ആര്‍എസ്എസിനൊപ്പമുള്ള 35 വര്‍ഷത്തെ സേവനത്തിന് ശേഷം 1987-ലാണ് നരേന്ദ്ര മോദി (Narendra Modi) ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (BJP) ചേര്‍ന്നത്. 2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം മോദി പാര്‍ട്ടിയെ അടിമുടി മാറ്റിമറിച്ചു. 1980 കളുടെ അവസാനത്തില്‍ മോദി പാര്‍ട്ടിയില്‍ ചേരുമ്പോള്‍ പാര്‍ലമെന്റില്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

    1987ലെ അഹമ്മദാബാദ് സിവില്‍ തെരഞ്ഞെടുപ്പിനായി പാര്‍ട്ടി ക്യാമ്പെയിന്‍ സംഘടിപ്പിക്കുക എന്നതായിരുന്നു ബിജെപി മോദിക്ക് നല്‍കിയ ആദ്യത്തെ ഉത്തരവാദിത്തം, അത് വിജയം കണ്ടു. 1990-ല്‍ എല്‍.കെ. അദ്വാനി സംഘടിപ്പിച്ച സോമനാഥില്‍ നിന്ന് അയോധ്യയിലേക്കുള്ള രഥയാത്രയുടെ പ്രധാന സംഘാടകനെന്ന നിലയില്‍ ഗുജറാത്തിന് പുറത്ത് മോദിക്ക് ആദ്യമായി വലിയ അംഗീകാരം ലഭിച്ചു. 1991 ല്‍ 'ഗുജറാത്തിലെ ബി.ജെ.പിയുടെ വളര്‍ച്ചയുടെ ശില്പി' എന്നാണ് ദേശീയ പത്രങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

    2013-ല്‍ മോദി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായപ്പോള്‍ നഗര കേന്ദ്രീകൃതവും സവര്‍ണ ആധിപത്യമുള്ള ബ്രാഹ്മണ-ബനിയ പാര്‍ട്ടിയായിരുന്നു ബിജെപി. 2014 നും 2022 നും ഇടയില്‍ മോദി ബിജെപിയെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുക മാത്രമല്ല, അമിത് ഷായ്ക്കൊപ്പം പാര്‍ട്ടിയുടെ ഘടനാപരമായ പുനരുജ്ജീവനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. മൊത്തത്തില്‍, മോദി ഒരു 'പുതിയ' ബിജെപിയെ സൃഷ്ടിച്ചു. പഴയ ബിജെപിയില്‍ നിന്ന് അഞ്ച് വ്യത്യാസങ്ങളാണ് മോദിയുടെ ഇപ്പോഴത്തെ ബിജെപിക്ക് ഉള്ളത്. അവ ഏതെല്ലാമെന്ന് നോക്കാം.

    1. ഉത്തരേന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിച്ചു

    ഉത്തരേന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളിലെ സ്വാധീനമുള്ള പാര്‍ട്ടിയായി പുനര്‍നിര്‍മിച്ചതാണ് 2014ന് ശേഷമുള്ള ബിജെപിയുടെ പ്രധാന വളര്‍ച്ച. ലോക്സഭയിലെ 543 സീറ്റുകളില്‍ 225-ഉം ഉള്ളത് ഉത്തരേന്ത്യയിലാണ്. നഗര കേന്ദ്രീകൃതവും സവര്‍ണ ആധിപത്യവുമുള്ള പാര്‍ട്ടിയില്‍ ഇത് ഒരു വലിയ മാറ്റമായിരുന്നു.

    വോട്ട് വിഹിതമാണ് ഗ്രാമീണ മേഖലയിലെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായ പ്രധാന ഘടകം. 2019ല്‍, ഹിന്ദി സംസാരിക്കുന്ന 127 ഗ്രാമീണ മണ്ഡലങ്ങളിലെ 16.5% സീറ്റുകളില്‍ 40% വോട്ട് വിഹിതം നേടാന്‍ ബിജെപിക്ക് കഴിഞ്ഞു. 2014-ല്‍ അത് മൂന്നിരട്ടിയായി വര്‍ധിച്ച് ഗ്രാമീണ സീറ്റുകളുടെ വോട്ട് വിഹിതം 57.4% ആക്കി. നഗര പ്രദേശങ്ങളിലും ഇതേ വളര്‍ച്ചയാണ് ബിജെപിക്ക് ഉണ്ടായത്. 2019ല്‍, ഹിന്ദി സംസാരിക്കുന്ന 79 നഗര കേന്ദ്രീകൃത സീറ്റുകളില്‍, 13.9% മണ്ഡലങ്ങളില്‍ മാത്രം 40% വോട്ടുകളും 2014 ല്‍ 82.2% ഉം 2019 ല്‍ 94.9% വോട്ടുകളും പാര്‍ട്ടി നേടി.

    2. ജാതി: ബി.ജെ.പിയുടെ സാമൂഹിക സഖ്യം പുതിയ ഗ്രൂപ്പുകളിലേക്ക് വ്യാപിപ്പിച്ചു

    വര്‍ഷങ്ങളോളമായി, ഉയര്‍ന്ന ജാതിക്കാര്‍ക്ക് ആധിപത്യമുള്ള പാര്‍ട്ടിയായാണ് ബിജെപിയെ കണ്ടുവന്നിരുന്നത്. ഈ ധാരണ മാറ്റുകയായിരുന്നു മോദിയുടെ മറ്റൊരു ലക്ഷ്യം. 2020 ജൂണില്‍, ഒബിസിക്ക് 113 ഉം എസ്ടി വിഭാഗത്തിന് 43 ഉം എസ്സി വിഭാഗത്തിന് 53 ഉം എംപിമാരാണ് ബിജെപിയെ ലോക്സഭയില്‍ പ്രതിനിധീകരിച്ചതെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ബിജെപിയുടെ 37.2% ലോക്സഭാ എംപിമാരില്‍ ഒബിസി- 14.1%, എസ്ടി, എസ്‌സി- 17.4% എന്നിങ്ങനെയായിരുന്നു ഉണ്ടായിരുന്നത്. 2019-ല്‍ തിരഞ്ഞെടുക്കപ്പെട്ട 303 ലോക്സഭാ എംപിമാരില്‍ 68.9% (209) പേരും താഴ്ന്ന ജാതികളില്‍ നിന്നുള്ളവരുമായിരുന്നു.

    2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ യുപി ലോക്സഭാ സ്ഥാനാര്‍ത്ഥികളില്‍ 57.5 ശതമാനവും ഒബിസി, പട്ടികജാതി വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. കൂടാതെ, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 52.8% സ്ഥാനാര്‍ത്ഥികളും 2020-ല്‍ സംസ്ഥാനത്തെ 50% ഭാരവാഹികളും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ 48.1% പേരും ബിജെപിയുടെ ജില്ലാതല അധ്യക്ഷന്മാരില്‍ 35.6% പേരും ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു.

    2013 നും 2019 നും ഇടയില്‍, ബിജെപി അതിന്റെ സാമൂഹിക പിന്തുണാ അടിത്തറ മാത്രമല്ല, ഒബിസി വിഭാഗക്കാര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അതിന്റെ ആന്തരിക സംഘടനാ സംവിധാനങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിരുന്നു.

    3. പാവപ്പെട്ടവരുടെ പാര്‍ട്ടിയെന്ന പേര്, ആനുകൂല്യങ്ങള്‍ നേരിട്ട് കൈമാറി

    മോദിയുടെ കീഴിലുള്ള ബിജെപിയുടെ വളര്‍ച്ചയുടെ പ്രധാന പങ്ക് പാവപ്പെട്ട വോട്ടര്‍മാര്‍ക്കാണ്. ഐഡി സംവിധാനങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഡാറ്റ, ടെക്‌നോളജി എന്നിവ ഉപയോഗിച്ചാണ് മോദി ഇത് നേടിയെടുത്തത്. 2014ല്‍ മോദി സര്‍ക്കാര്‍ നേരിട്ടുള്ള ആനുകൂല്യങ്ങള്‍ കൈമാറാനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു.

    പിന്നീട് മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കി. 2018-19 ഓടെ 434 സ്‌കീമുകളായി ആനുകൂല്യങ്ങള്‍ 15 മടങ്ങ് വിപുലീകരിച്ചു. 2013-14ല്‍ 10.8 കോടി പ്രാരംഭ ഗുണഭോക്താക്കള്‍ക്കാണ് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിച്ചത്. 2018-19ല്‍ 76.3 കോടി ഗുണഭോക്താക്കളായി വര്‍ധിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2013-14 ലെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടുകള്‍ 7,367 കോടി രൂപയില്‍ നിന്ന് 2018-19 ല്‍ 2.14 ലക്ഷം കോടി രൂപയായി 29 മടങ്ങ് വര്‍ധിച്ചു. എല്‍പിജി, ഗ്രാമീണ ഭവനങ്ങള്‍, ശൗചാലയങ്ങള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്കായുള്ള ഇത്തരം നേരിട്ടുള്ള പണമിടപാടുകള്‍ മോദിക്കും ബി.ജെ.പി.ക്കും ഒരു പുതിയ മാനം സൃഷ്ടിച്ചു.

    4. വനിതാ വോട്ടുകള്‍

    വനിതാ വോട്ടുകളാണ് മോദിയുടെ കീഴിലുള്ള ബിജെപിയുടെ വളര്‍ച്ചയുടെ മറ്റൊരു ഘടകം. ചരിത്രപരമായി, ഇന്ത്യയില്‍ വോട്ടിംഗില്‍ ലിംഗപരമായ വിഭജനം ഉണ്ടായിട്ടുണ്ട്. 2000 കളുടെ തുടക്കം വരെ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കുറവാണ് വോട്ട് ചെയ്തിരുന്നത്. ഇതില്‍ കൂടുതല്‍ ആളുകളും ബിജെപിയെക്കാള്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്. 2019 ലെ തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം (67.17%) പുരുഷന്മാരേക്കാള്‍ (67%) അല്പം കൂടുതലാണ്. പ്രധാന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ ബിജെപിക്ക് വോട്ട് ചെയ്തു. സ്ത്രീകളോടുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ മോദിയുടെ നേതൃത്വത്തിലാണെന്നതിന് മതിയായ തെളിവുകളുണ്ട്. ഒരു പുതിയ ഗ്രാമീണ വനിതാ മണ്ഡലം വളര്‍ത്തിയെടുത്തത്, പാര്‍ട്ടിയെ ഉയര്‍ച്ചയുടെ മുന്‍നിരയില്‍ എത്തിച്ചു.

    2019 ല്‍ മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി മത്സരിപ്പിച്ചത്. പതിനേഴാം ലോക്സഭയിലെ അവരുടെ വനിതാ പ്രാതിനിധ്യം തൃണമൂല്‍ കോണ്‍ഗ്രസിനേക്കാളും കോണ്‍ഗ്രസിനേക്കാളും നാലിരട്ടി കൂടുതലായിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ രണ്ട് സര്‍ക്കാരുകളേക്കാളും ശരാശരി വനിതാ മന്ത്രിമാരുടെ സാന്നിധ്യം മോദിയുടെ രണ്ട് സര്‍ക്കാരുകള്‍ക്കുണ്ടായിരുന്നു. വാജ്പേയിയുടെ (1999-2004) കീഴിലുള്ള ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പ്രതിവര്‍ഷം ശരാശരി 9% വനിതാ മന്ത്രിമാരുണ്ടായിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ യുപിഎ-1, യുപിഎ-2 മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം ശരാശരി 11.2% ആയി ഉയര്‍ത്തി. മോദിയുടെ എന്‍ഡിഎ-1, എന്‍ഡിഎ-2 മന്ത്രിസ്ഥാനങ്ങളിലെ വനിതകളുടെ വിഹിതം ശരാശരി 12.7% ആയി ഉയര്‍ത്തി.

    2020 ഒക്ടോബറില്‍ ബിജെപിക്ക് 16.9% സ്ത്രീകളാണ് കേന്ദ്ര ഭാരവാഹികളായി ഉണ്ടായിരുന്നത്. ഇത് സിപിഐ(എം) (14.7%), തൃണമൂല്‍ കോണ്‍ഗ്രസ് (13%), സിപിഐ (11.1%), എന്‍സിപി (10.8%), കോണ്‍ഗ്രസ് (8.5%) എന്നിവയുടെ കേന്ദ്ര നേതൃത്വത്തിലെ വനിതാ പ്രാതിനിധ്യത്തേക്കാള്‍ കൂടുതലാണ്.

    5. വടക്കുകിഴക്കന്‍ മേഖലകളിലേക്കുള്ള പാര്‍ട്ടിയുടെ വ്യാപനം

    ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളുടെ പുറത്തേക്കുള്ള ബിജെപിയുടെ വളര്‍ച്ചയാണ് മോദിയുടെ മറ്റൊരു നേട്ടം. 2016 വരെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നും ബിജെപി മികച്ച രണ്ടാമത്തെ പാര്‍ട്ടിയായി പോലും വിജയിച്ചിട്ടില്ല. 2021-ഓടെ ഈ മേഖലയിലെ എട്ട് സംസ്ഥാനങ്ങളില്‍ ആറിലും പാര്‍ട്ടി അധികാരത്തിലേറി. ഇവയില്‍ നാലെണ്ണത്തില്‍-അസ്സാം (മെയ് 24 2021, മെയ് 10 2021), ത്രിപുര (മാര്‍ച്ച് 9 2018), അരുണാചല്‍ പ്രദേശ് (ഡിസംബര്‍ 31 2016, മെയ് 29 2019), മണിപ്പൂര്‍ (മാര്‍ച്ച് 15 2017) -ബിജെപി മുഖ്യമന്ത്രിമാര്‍ ബഹുകക്ഷി സഖ്യങ്ങളുടെ തലപ്പത്ത് അധികാരമേറ്റെടുത്തു.

    ആസാമിലും (രണ്ട് തവണ), ത്രിപുരയിലും പാര്‍ട്ടിയുടെ ആദ്യ വിജയങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളവയാണ്. നാഗാലാന്‍ഡിലും (മാര്‍ച്ച് 8 2018), മേഘാലയയിലും (മാര്‍ച്ച് 6 2018), വലിയ പ്രാദേശിക പാര്‍ട്ടികള്‍ നയിക്കുന്ന സഖ്യ സര്‍ക്കാരുകളില്‍ ബിജെപി ഭാ​ഗമായി. 2021 വരെ പരിശോധിച്ചാൽ, ബി.ജെ.പിക്ക് നിയന്ത്രണമില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മിസോറാമും സിക്കിമും മാത്രമാണ്. എന്നിരുന്നാലും, രണ്ട് സംസ്ഥാനങ്ങളിലെയും ഭരിക്കുന്ന പാര്‍ട്ടികള്‍ ഔപചാരികമായി ഇപ്പോഴും നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യത്തില്‍ (2016 മെയ് 24 ന് രൂപീകരിച്ച ബിജെപി നേതൃത്വത്തിലുള്ള സഖ്യം) അംഗങ്ങളാണ്. 2014 ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 32% (25ല്‍ എട്ട്) ലോക്സഭാ സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയത്. 2019 ആയപ്പോഴേക്കും അത് 56% ആയി ഉയര്‍ന്നു (25ല്‍ ല്‍ 14).

    ഈ ലേഖനത്തില്‍ വിവരിച്ചിരിക്കുന്ന പ്രധാനപ്പെട്ട അഞ്ച് മാറ്റങ്ങള്‍ നരേന്ദ്ര മോദി ബിജെപിയെ ഒരു രാഷ്ട്രീയ സംഘടനയായി എത്രത്തോളം മാറ്റിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.

    (എഴുത്തുകാരനും അക്കാദമിക് വിദഗ്ധനുമായ നളിന്‍ മേത്ത നെറ്റ്‍വര്‍ക്ക് 18-ല്‍ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ്. ഡെറാഡൂണിലെ യുപിഇഎസ് യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് മോഡേണ്‍ മീഡിയ ഡീനും, സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ നോണ്‍ റസിഡന്റ് സീനിയര്‍ ഫെല്ലോയുമാണ്. The New BJP: Modi and the Making of the World's Largest Political Party, Westland എന്ന കൃതിയുടെ രചയിതാവു കൂടിയാണ് അദ്ദേഹം)

    First published:

    Tags: Bjp, Narendra modi, Pm modi