തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം: രണ്ട് ജില്ലകളിലായി 11 മരണം; രണ്ടു പേർ അറസ്റ്റിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
30തോളം പേർ സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിൽസയിലാണ്
തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം. രണ്ട് ജില്ലകളിലായി 11 പേർ മരിച്ചു. വില്ലുപുരം ജില്ലയിലെ എക്കിയാർകുപ്പത്തുണ്ടായ വിഷമദ്യ ദുരന്തത്തിൽ ഏഴ് പേരും ചെങ്കൽപട്ട് ജില്ലയിൽ നാലു പേരുമാണ് മരിച്ചത്. 30തോളം പേർ സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിൽസയിലാണ്. മരിച്ചവരിൽ ഒരു സ്ത്രീയും ഉണ്ട്. മലർവിഴി (60), ശങ്കർ (55), ധരണിവേൽ (50), സുരേഷ് (65), രാജമൂർത്തി (55) എന്നിവരാണ് വില്ലുപുരത്ത് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായതായാണ് വിവരം. ഇതിൽ ഒരാൾ വില്ലുപുരം മരക്കാനം സ്വദേശി അമരൻ (25) ആണ്. കൂടാതെ ഇൻസ്‌പെക്ടർമാരും സബ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടെ ഏഴ് പോലീസുകാരെ സസ്പെൻഡ് ചെയ്തതായി നോർത്ത് സോൺ ഐജി സീനിയർ പോലീസ് ഓഫീസർ കണ്ണൻ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെയാണ് പ്രധാനമായും ദുരന്തം ബാധിച്ചതെന്ന് വില്ലുപുരം ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു. പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്) എന്നിവിടങ്ങളിലാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ചികിൽസക്കായി എത്തിച്ചത്.
മെഥനോൾ, രാസവസ്തുക്കൾ, വെള്ളം എന്നിവ ചേർത്താണ് മരണത്തിനു കാരണമായ മദ്യം ഉണ്ടാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 200 മില്ലിയുടെ പാക്കറ്റ് 30 രൂപയ്ക്കാണ് വിറ്റിരുന്നത്. ചിലർ ഒരു ദിവസം ഏഴോ എട്ടോ പാക്കറ്റുകൾ കഴിച്ചിരുന്നു എന്നും ഒരു ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ശനിയാഴ്ച പതിനഞ്ചിലേറേ പേർ അമരനിൽ നിന്ന് മദ്യം വാങ്ങിയതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇതിൽ എട്ടോളം പേരെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പുതുച്ചേരിയിലെ ആശുപത്രിയിലെത്തിച്ചത്.
advertisement
അനധികൃത മദ്യത്തിന്റെ വിൽപന വർദ്ധിച്ചു വരുന്നതായി ജില്ലാ പോലീസിന് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കാൻ സമ്മർദത്തിലായി. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്യാൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് സി ശൈലേന്ദ്ര ബാബു ഉത്തരവിട്ടിരുന്നു. അരുൺ വടിവേൽ അഴകൻ (മരക്കാനം), മരിയ സോബി മഞ്ജുള (കോട്ടക്കുപ്പം-പ്രൊഹിബിഷൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം), സബ് ഇൻസ്‌പെക്ടർമാരായ കെ ദീപൻ (മരക്കാനം), ശിവ ഗുരുനാഥൻ (പ്രൊഹിബിഷൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം) എന്നിവരെയാണ് ഇതുപ്രകാരം സസ്പെൻഡ് ചെയ്തത്.
advertisement
നിരോധിത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിൽപന ഇല്ലാതാക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ വീതവും ചികിത്സയിലുള്ളവർക്ക് 50,000 രൂപ വീതവും നൽകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി, ന്യൂനപക്ഷ ക്ഷേമ മന്ത്രി ജിംഗി കെ എസ് മസ്താൻ എന്നിവർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ പുതുച്ചേരിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. അനധികൃത മദ്യവിൽപനക്കാരെ കണ്ടെത്താനായി പല ഗ്രാമങ്ങളിലും പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളായ എഐഎഡിഎംകെയും പിഎംകെയും ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
May 15, 2023 11:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം: രണ്ട് ജില്ലകളിലായി 11 മരണം; രണ്ടു പേർ അറസ്റ്റിൽ