EVM തട്ടിപ്പ്: സയിദ് ഷുജയുടെ വാദങ്ങൾ തള്ളി വാർത്താസമ്മേളന സംഘാടകരും
EVM തട്ടിപ്പ്: സയിദ് ഷുജയുടെ വാദങ്ങൾ തള്ളി വാർത്താസമ്മേളന സംഘാടകരും
സയിദ് ഷുജയുടെ വാർത്താസമ്മേളനം മോഡറേറ്റ് ചെയ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തകയും ഫോറിൻ പ്രസ് അസോസിയേഷൻ ഡയറക്ടറുമായ ഡിബോറ ബൊനെറ്റിയും ഷുജയെ തള്ളി രംഗത്തെത്തി
വോട്ടിംഗ് യന്ത്രത്തിൽ തട്ടിപ്പ് നടത്തിയെന്ന സൈബർ വിദഗ്ധൻ സയിദ് ഷുജയുടെ വെളിപ്പെടുത്തലിനെ തുടർന്നുള്ള വിവാദം അവസാനിക്കുന്നില്ല. പരിപാടിയുടെ സഹസംഘാടകരായ ഫോറിൻ പ്രസ് അസോസിയേഷൻ സയിദ് ഷുജയുടെ വെളിപ്പെടുത്തലിനെതിരെ രംഗത്ത് വന്നു. യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ല ഷുജയുടെ വെളിപ്പെടുത്തലുകളെന്ന് ഫോറിൻ പ്രസ് അസോസിയേഷൻ ട്വീറ്റ് ചെയ്തു. മുഖം മറച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ഷുജ നടത്തിയ ആരോപണങ്ങളിൽ ഒന്നിനുപോലും തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു. സയിദ് ഷുജയുടെ വാർത്താസമ്മേളനം മോഡറേറ്റ് ചെയ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തകയും ഫോറിൻ പ്രസ് അസോസിയേഷൻ ഡയറക്ടറുമായ ഡിബോറ ബൊനെറ്റിയും ഷുജയെ തള്ളി രംഗത്തെത്തി. ഗുരുതരമായ ആരോപണങ്ങൾ സാധൂകരിക്കുന്ന യാതൊരു തെളിവും ഷുജ മുന്നോട്ടുവച്ചിട്ടില്ലെന്ന് ഡിബോറ ട്വിറ്ററിൽ കുറിച്ചു. ഷുജയുടെ ആരോപണങ്ങൾക്ക് വിശ്വാസ്യതയില്ല. ഷുജയ്ക്ക് ഇത്തരമോരു വേദി ഒരുക്കി നൽകേണ്ടിയിരുന്നില്ലെന്നും അവർ ട്വീറ്റ് ചെയ്തു.
The speaker at yesterday’s event #IJA did not follow up his claims with any proof. He was not credible and should not have been given a platform. https://t.co/o3UxUUmzbA
തിങ്കളാഴ്ചയാണ് ലണ്ടനിൽ സ്കൈപ്പിലൂടെ സയിദ് ഷുജ ആരോപണങ്ങൾ നടത്തിയത്. ലണ്ടനിലെ ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടുമായി ബന്ധമുണ്ടെന്നും ഷുജ ആരോപിച്ചിരുന്നു. മുണ്ടെയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിച്ച എൻഐഎ ഓഫീസർ തൻസിൽ അഹമ്മദിനെ കൊലപ്പെടുത്തിയതെന്നാണ് ഷുജ അവകാശപ്പെട്ടത്. എന്നാൽ ഇതും തെറ്റാണെന്ന് എൻഐഎ ചൂണ്ടിക്കാട്ടുന്നു. ഗോപിനാഥ് മുണ്ടെയുടെ മരണം അന്വേഷിച്ചത് എൻഐഎ ആയിരുന്നില്ല, സിബിഐ ആയിരുന്നു. കൊല്ലപ്പെടുന്നതിന് മുൻപേ ഇന്ത്യൻ മുജാഹിദീനുമായി ബന്ധപ്പെട്ട കേസായിരുന്നു തൻസിൽ അഹമ്മദ് അന്വേഷിച്ചിരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.