മുൻ ഐപിഎസ് ഓഫീസർ അണ്ണാമലൈ കുപ്പുസ്വാമി ബിജെപിയിൽ ചേർന്നു. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറി പി മുരളീധർ റാവുവിന്റെയും തമിഴ്നാട് പാർട്ടി പ്രസിഡന്റ് എൽ മുരുഗന്റെയും സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പാർട്ടി അംഗത്വമെടുത്തത്. കർണാടക പൊലീസിലെ സിങ്കം എന്നറിയപ്പെട്ട അണ്ണാമലൈ രാജിവെച്ച് ഒരു വർഷം കഴിയുമ്പോഴാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്.
2019 മെയ് മാസത്തിലാണ് അണ്ണാമലൈ ഐപിഎസ് രാജിവെച്ചത്. ബിജെപിയിൽ ചേരുമെന്ന് അന്നുതന്നെ അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ചായിരുന്നു അദ്ദേഹം ആലോചിച്ചിരുന്നത്. ''കഴിഞ്ഞ കുറച്ചുമാസങ്ങളായി പല സാധ്യതകളും ആലോചിച്ചിരുന്നു. ഒടുവിൽ ബിജെപിയിൽ ചേര്‍ന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു'' അണ്ണാമലൈയെ ഉദ്ധരിച്ച് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ബിജെപിയിൽ അംഗമാകാൻ സ്വാഭാവിക യോഗ്യതയുള്ളയാളായിട്ടാണ് താൻ സ്വയംകാണുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. ''ബിജെപിയുടെ വിശാലമായ വീക്ഷണവുമായി ഞാൻ യോജിക്കുന്നു. പാർട്ടിയിൽ തുടരാനും തമിഴ്‌നാട്ടിൽ പാർട്ടി വളർത്താൻ സഹായിക്കാനും എനിക്ക് അവസരമുണ്ടാകും, ”- അദ്ദേഹം പറഞ്ഞു. മറ്റു രാഷ്ട്രീയ പാർട്ടികളുമായും രജനികാന്തുമായും സംസാരിച്ചിരുന്നുവെങ്കിലും അവസാനം ബിജെപിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തെക്കുറിച്ച് ഇരട്ടത്താപ്പുള്ള ദ്രാവിഡ പാർട്ടികളിൽ ചേരുന്നത് പരിഗണിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “മാറ്റം കൊണ്ടുവരിക എന്ന യഥാർത്ഥ ലക്ഷ്യത്തോട് ദ്രാവിഡ പാർട്ടികൾ നീതി പുലർത്തുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ നേതാക്കളുടെ ആശയങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു അണ്ണാദുരൈ, പെരിയോർ, എംജിആർ എന്നിവരുടെ ആശയങ്ങൾ, ”അദ്ദേഹം പറഞ്ഞു.
TRENDING സ്വാതന്ത്ര്യാനന്തരം 73 വർഷം; 19 കോൺഗ്രസ് പ്രസിഡന്റുമാർ; 13 പേരും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ [NEWS]മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ [NEWS] Prabhas | ആദിപുരുഷിനു വേണ്ടി വമ്പൻ മേക്കോവറിൽ പ്രഭാസ് എത്തുന്നു[NEWS]
ബി.ജെ.പിയിൽ ചേരാനുള്ള തന്റെ തീരുമാനത്തെച്ചൊല്ലി നടന്ന പൊതുചർച്ചയ്ക്ക് മറുപടിയായി അണ്ണാമലൈ പറഞ്ഞു- പോലീസ് സേനയിൽ നിന്ന് വ്യത്യസ്തമായി തനിക്ക് ഇപ്പോൾ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. “കുറച്ച് ട്വീറ്റുകളെ അടിസ്ഥാനമാക്കി എന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഞാൻ ഓൺലൈനിൽ ധാരാളം ചർച്ചകൾ വായിക്കുന്നു. ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നപ്പോൾ, എന്റെ യജമാനൻ ഇന്ത്യൻ ഭരണഘടനയായിരുന്നു ... ഞാൻ ഇപ്പോൾ ഭരണഘടനയ്ക്ക് എതിരല്ല, മറിച്ച് പോലീസ് സേനയിലെ എന്റെ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, എന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് സ്വാതന്ത്ര്യമുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ഒക്ടോബറിലാണ് അണ്ണാമലൈ ബെംഗളൂരു (സൗത്ത്) ഡിസിപിയായി ചുമതലയേറ്റത്. കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും ലഖ്‌നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും ബിരുദമെടുത്തു. 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ തമിഴ്‌നാട്ടിലെ കരൂർ സ്വദേശിയാണ്. 2013 ൽ ഉഡുപ്പി ജില്ലയിലെ കർക്കല സബ് ഡിവിഷനിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി അദ്ദേഹത്തെ നിയമിച്ചു. പിന്നീട് 2015 ജനുവരി 1 ന് ഉഡുപ്പിയിലെ എസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചു.
ചുമതലയേറ്റ ശേഷം, തീരദേശ ജില്ലയിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ അദ്ദേഹം പ്രശസ്തി നേടി. ഉഡുപ്പിയിലെ 'സിങ്കം' എന്നും അദ്ദേഹം അറിയപ്പെട്ടു. കോളേജുകളിൽ, പ്രത്യേകിച്ച് മണിപ്പാലിൽ പഠിക്കുന്ന വിദ്യാർഥികളുമായി അണ്ണാമലൈ ഇടയ്ക്കിടെ സംവദിക്കാറുണ്ടായിരുന്നു. 2016 ജൂലൈയിൽ ചിക്കമംഗളൂരു ജില്ലയിലെ എസ്പിയായി നിയമിച്ചു. ബാബ ബുഡാംഗിരി വിഷയം കൈകാര്യം ചെയ്തതിന് അദ്ദേഹം കൂടുതൽ പ്രശംസ നേടി. ജില്ലയിലെ പ്രശസ്തമായ ബാബ ബുഡാംഗിരി ദേവാലയത്തിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് 2017 ഡിസംബറിൽ അദ്ദേഹം ഹിന്ദു-മുസ്ലീം സമുദായങ്ങളിലെ അംഗങ്ങൾ തമ്മിൽ സമാധാന സംരക്ഷണ യോഗം സംഘടിപ്പിച്ചു. ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും തീർത്ഥാടന കേന്ദ്രമാണ് ഈ ക്ഷേത്രം.
ബി എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായതിന് മണിക്കൂറുകൾക്കകം രാമാനഗര ജില്ലാ എസ്പിയായി ചുമതലയേൽക്കാൻ 2018 ൽ അണ്ണാമലൈക്ക് ട്രാൻസ്ഫർ ഉത്തരവ് നൽകി. ജെഡിയുമാരെയും കോൺഗ്രസ് നിയമസഭാംഗങ്ങളെയും അന്ന് രാമനഗരയിലെ ഒരു റിസോർട്ടിൽ പാർപ്പിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനാൽ ഈ സ്ഥലംമാറ്റം നടപ്പായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, IPS Officer, Tamil nadu