ന്യൂഡല്‍ഹി: ഡല്‍ഹി നിലവില്‍ കോവിഡിന്റെ നാലാം തരംഗത്തിലാണുള്ളതെന്നും എന്നാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് കെജ്രിവാള് സംസാരിച്ചത്.
നഗരത്തില്‍ ദിവസേനെയുള്ള കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 16ന് ഡല്‍ഹിയില്‍ 425 കോവിഡ് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് ഇത് 3,500 കേസുകളായി ഉയര്‍ന്നിരിക്കുകയാണ്. കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചു വരുന്നത് ആശങ്കാ ജനകമാണെന്ന് കെജ്രിവാള് പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോഴുള്ള കോവിഡ് 19 തരംഗം മുമ്പത്തേതിനേക്കാള്‍ ഗുരുതരമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൂനെ നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ മൂന്നു മുതല്‍ ഏഴു ദിവത്തേക്ക് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൂനെ ഭരണകൂടം തീരുമാനിച്ചിരിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും 8,000 കേസുകൾ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. പൂനെയില്‍ വ്യാഴാഴ്ച 8,011 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 5,42,422 കേസുകള്‍ ഉണ്ട്.
ബാറുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഏഴു ദിവസത്തേക്ക് അടച്ചിരിക്കും. ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. വിവാഹങ്ങളും ശവസംസ്കാരങ്ങളും ഒഴികെ ഒരു പൊതുപരിപാടികളും അനുവദിക്കില്ല. ശവസംസ്കാര ചടങ്ങുകളില്‍ പരമാവധി 20 പേരും വിവാഹത്തിന് പരമാവധി 50 പേരെയും അനുവദിക്കും. പുതിയ ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ സൗരഭ് റാവു പറഞ്ഞു.
ഏപ്രില്‍ മൂന്നു മുതല്‍ വൈകുന്നേരം ആറു മണി മുതല്‍ രാവിലെ ആറു മണി വരെ 12 മണിക്കൂര്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്നും വെള്ളിയാഴ്ച സ്ഥിതിഗതികള്‍ അവലോകനം ചെയ്യുമെന്നും റാവു അറിയിച്ചു. അടുത്ത ഏഴു ദിവസത്തേക്ക് ആരാധനാലയങ്ങളും അടച്ചിടുമെന്നും പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ പറഞ്ഞു.
പൂനെ ജില്ലയില്‍ വ്യാഴാഴ്ച 8,011 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ജില്ലയില്‍ 5,42,422 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച പൂനെയില്‍ 8,605 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി ആരംഭിച്ചതിനു ശേഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ റിപ്പോര്‍ട്ടാണിത്. വ്യാഴാഴ്ച 65 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 10,039 ആയി ഉയര്‍ന്നു.
പൂനെ മുന്‍സിപ്പല്‍ കോര്പ്പറേഷന് പരിധിക്കുള്ളില്‍ പുതിയതായി 4,103 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസുകളുടെ എണ്ണം 2,73,446 ആയി ഉയരുകയും ചെയ്തു. പൂനെയിലെ അയല്‍ വ്യവസായ ടൗണ്‍ഷിപ്പായ പിംപ്രി ചിഞ്ച്വാഡില്‍ 2,113 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേസുകളുടെ എണ്ണം 21,42,251 ആയി ഉയരുകയും ചെയ്തു. കോവിഡിനെ നേരിടാന്‍ പൂനെയില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉണ്ട് എന്ന് മേയര്‍ അറിയിച്ചിരുന്നു.
അതേസമയം രാജ്യത്ത് വര്‍ദ്ധിച്ച വരുന്ന കോവിഡ് കേസുകള്‍ ആശങ്കജനകമാണെന്നും കോവിഡ് 19 കേസുകള്‍ നഗരത്തില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍ കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും കുറവ് നേരിടുന്നുണ്ടെന്ന് മുംബൈ മേയര്‍ കിഷോരി പെദ്നേക്കര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.