വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ക്യാൻസലേഷൻ ഫീസില്ല; ഡിജിസിഎയുടെ നിര്‍ദേശങ്ങള്‍
- Published by:meera_57
- news18-malayalam
Last Updated:
യാത്രക്കാർക്ക് നടപടിക്രമങ്ങൾ കൂടുതൽ സൗഹൃദപരവും സുതാര്യവും കാര്യക്ഷമവുമാക്കാൻ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്ന് കരുതുന്നു
വിമാനടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഇന്ത്യൻ വ്യോമയാന നിയന്ത്രണ സ്ഥാപനമായ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (Director General of Civil Aviation - ഡിജിസിഎ). ഇത് സംബന്ധിച്ച് കരട് നിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാർക്ക് നടപടിക്രമങ്ങൾ കൂടുതൽ സൗഹൃദപരവും സുതാര്യവും കാര്യക്ഷമവുമാക്കാൻ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്ന് കരുതുന്നു. വിമാനയാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിമാനകമ്പനികളിൽ നിന്ന് കൂടുതൽ ഉത്തരവാദിത്വം ഉറപ്പാക്കുന്നതിനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റം. ഈ നിർദേശങ്ങൾ അന്തിമമാക്കി കഴിഞ്ഞാൽ പുതിയ സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (സിഎആർ) റീഫണ്ട് നടപടിക്രമങ്ങൾ ലളിതമാക്കുകയും സുതാര്യത വർധിപ്പിക്കുകയും യാത്രക്കാർക്കിടയിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ സഹായകമാകുമെന്നും കരുതുന്നു. കാലതാമസം, മറയ്ക്കപ്പെട്ട ഫീസുകൾ, അവ്യക്തമായ റദ്ദാക്കൽ നയങ്ങൾ എന്നിവയാൽ വളരെക്കാലമായി നിരാശയിലായ യാത്രക്കാർക്ക് ഈ നീക്കം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർദ്ദിഷ്ട നിർദേശത്തിലെ മൂന്ന് പ്രധാന കാര്യങ്ങൾ:
1. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂർ സമയത്തിനുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ ക്യാൻസലേഷൻ ഫീസ് ഈടാക്കില്ല
യാത്രക്കാർക്ക് ഒരു വിമാനം ബുക്ക് ചെയ്തതിന് ശേഷം ഉടൻ തന്നെ 48 മണിക്കൂർ 'ലുക്ക്-ഇൻ' കാലയളവ് ലഭിക്കും. ഈ സമയം അധിക നിരക്കുകളൊന്നും നൽകാതെ ടിക്കറ്റുകൾ റദ്ദാക്കാനോ മാറ്റം വരുത്താനോ അവർക്ക് അനുമതി ലഭിക്കും. ഉയർന്ന നിരക്കുള്ള മറ്റൊരു വിമാനത്തിലേക്ക് യാത്രക്കാരൻ മാറുകയാണെങ്കിൽ മാത്രം ഇതിൽ മാറ്റമുണ്ടാകും. വിമാനം പുറപ്പെടുന്നതിന് അഞ്ച് ദിവസത്തിൽ താഴെ മുമ്പ് നടത്തുന്ന ആഭ്യന്തര യാത്രകളിലും പുറപ്പെടുന്നതിന് 15 ദിവസത്തിന് മുമ്പ് നടത്തുന്ന അന്താരാഷ്ട്ര ബുക്കിംഗുകൾക്കും ഈ സൗകര്യം ലഭിക്കുകയില്ല. 48 മണിക്കൂറിന് ശേഷം എയർലൈൻ നയം അനുസരിച്ച് സ്റ്റാൻഡേർഡ് റദ്ദാക്കൽ നിരക്കുകൾ ബാധകമാകുകയും ചെയ്യും.
advertisement
2. വേഗത്തിലുള്ള റീഫണ്ട്, മറഞ്ഞിരിക്കുന്ന ഫീസുകളില്ല
യാത്രക്കാർ നിലവിൽ നേരിടുന്ന പതിവ് കാലതാമസം അവസാനിപ്പിച്ച് 21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ഡിജിസിഎയുടെ കരട് നിയമത്തിൽ നിർദേശിക്കുന്നു. ഇതിന് പുറമെ ഒരു യാത്രക്കാരൻ വൈകി ടിക്കറ്റ് റദ്ദാക്കുകയോ നോ ഷോ ആയി അടയാളപ്പെടുത്തുകയോ ചെയ്താലും നിയമപരമായ നികുതികളും വിമാനത്താവള ഫീസും വിമാനക്കമ്പനികൾ റീഫണ്ട് ചെയ്യേണ്ടതുണ്ട്. വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 24 മണിക്കൂറിനുള്ളിൽ പേരുകളിൽ ചെറിയ തിരുത്തലുകൾ വരുത്തിയാൽ അതിന് പണം ഈടാക്കരുതെന്നും ഡിജിസിഎ പ്രത്യേകമായി നിർദേശിച്ചിട്ടുണ്ട്.
advertisement
3. ഏജന്റുമാർക്കും മെഡിക്കൽ ആവശ്യത്തിനായി ടിക്കറ്റ് റദ്ദാക്കുമ്പോഴും ന്യായമായ നിയമങ്ങൾ
ട്രാവൽ ഏജന്റുമാർ വഴി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ റീഫണ്ടുകളുടെ ഉത്തരവാദിത്വം വിമാന കമ്പനികൾക്കായിരിക്കും. ഇത് ഉത്തരവാദിത്വത്തോടെയും വേഗത്തിലുമുള്ള പരിഹാരം ഉറപ്പാക്കുന്നു. മെഡിക്കൽ ആവശ്യത്തെ തുടർന്നുള്ള ടിക്കറ്റ് റദ്ദാക്കലുകൾക്ക് യാത്രക്കാരൻ സമ്മതിച്ചാൽ മാത്രമെ വിമാനക്കമ്പനികൾക്ക് ക്രെഡിറ്റ് ഷെൽ വാഗ്ദാനം ചെയ്യാൻ കഴിയൂ. എന്നാൽ ഇത് സ്വയമേവ ചുമത്താൻ കഴിയില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 05, 2025 10:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ക്യാൻസലേഷൻ ഫീസില്ല; ഡിജിസിഎയുടെ നിര്‍ദേശങ്ങള്‍


