വുഹാനിൽ നിന്ന് 600 വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ഇന്ത്യ നിശ്ശബ്ദമായി തയ്യാറാക്കിയ പദ്ധതി
Last Updated:
ചൈനയിലേക്കും ചൈനയിൽ നിന്ന് പുറത്തേക്കും പോകുന്ന പൗരന്മാർക്ക് ജനുവരി 17നാണ് ഇന്ത്യ ആദ്യ നിർദ്ദേശങ്ങൾ നൽകിത്തുടങ്ങിയത്.
ആഗോളതലത്തിൽ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ന്യൂമോണിയ പൊട്ടി പുറപ്പെട്ട ഹുബെയിൽ നിന്ന് 647 ഇന്ത്യക്കാരെ കുടിയൊഴിപ്പിച്ചത് അൽപം സങ്കീർണത നിറഞ്ഞ ഒന്നായിരുന്നു. പതിറ്റാണ്ടിലെ തന്നെ ഏറ്റവും ഗുരുതരമായ ആരോഗ്യ അടിയന്തരാവസ്ഥയിൽ രജിസ്റ്റർ ചെയ്യാത്ത നൂറു കണക്കിന് ഇന്ത്യക്കാരെ മാനേജ് ചെയ്യുന്നതും പരിഭ്രാന്തരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ സുരക്ഷയെക്കുറിച്ച് ഉറപ്പ് നൽകുന്നതും അതിനോടൊപ്പം തന്നെ ചൈനീസ് അധികാരികളുമായി കഠിനമായ ചർച്ചകൾ നടത്തുകയും ചെയ്തു.
ജനുവരി 10ന് നോവൽ കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തതിനു തൊട്ടു പിന്നാലെ ബെയ്ജിംഗിലെ നയതന്ത്ര പ്രതിനിധികൾ സെൻട്രൽ ചൈനയെ ബാധിച്ച പുതിയ അണുബാധയെക്കുറിച്ച് സജീവമായി ചർച്ചകൾ നടത്തി. ജനുവരി രണ്ടാമത്തെ ആഴ്ചയോടെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ വുഹാനിലും ഹുബെയിലും ഉള്ള രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരുടെ കണക്കെടുത്തു. എന്നാൽ, ചൈനീസ് പുതുവത്സര ദിനമായതിനാൽ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇതിനകം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
advertisement
ചൈനയിലേക്കും ചൈനയിൽ നിന്ന് പുറത്തേക്കും പോകുന്ന പൗരന്മാർക്ക് ജനുവരി 17നാണ് ഇന്ത്യ ആദ്യ നിർദ്ദേശങ്ങൾ നൽകിത്തുടങ്ങിയത്. ശ്രദ്ധിക്കാനും മുൻകരുതലുകൾ എടുക്കാനുമായിരുന്നു ആദ്യം നൽകിയ നിർദ്ദേശം. ചൈനീസ് പ്രസിഡന്‍റ് സി ജിൻപിംഗ് കൊറോണ ബാധയെക്കുറിച്ച് ജനുവരി 20നാണ് ആദ്യമായി പരസ്യപ്രസ്താവന നൽകിയത്. വുഹാനിലും സമീപപ്രദേശങ്ങളിലും പൊട്ടി പുറപ്പെട്ട കൊറോണ വൈറസ് ബാധയെ ഗുരുതരമായി കാണണമെന്ന് ആയിരുന്നു സി ജിൻപിംഗിന്‍റെ ആഹ്വാനം.
ജനുവരി 23ന് ആയിരുന്നു സംഭവത്തിലെ പ്രധാന വഴിത്തിരിവ്. നൂറു കണക്കിന് ഇന്ത്യക്കാർ വുഹാൻ പ്രവിശ്യയ്ക്കുള്ളിൽ അകപ്പെട്ടിരിക്കേ പുറം ലോകവുമായി വുഹാനുള്ള ബന്ധം വിച്ഛേദിച്ചു. ഇതിനിടയിൽ രക്ഷപ്പെടുത്തണമെന്ന ആവശ്യവുമായി വുഹാനിൽ അകപ്പെട്ടു പോയ ഇന്ത്യക്കാർ എംബസിയിലേക്ക് വിളിച്ചു. ചിലർ സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലേക്ക് ട്വീറ്റ് ചെയ്തു. എന്നാൽ, ഒന്നിലധികം അനുമതികൾ ലഭിക്കാതെ ആർക്കും അകത്തേക്ക് പ്രവേശിക്കാൻ സാധ്യമല്ലായിരുന്നു. അതുകൊണ്ടു തന്നെ ക്വാറന്‍റൈൻ മേഖലയായ ഇവിടെ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചെടുക്കേണ്ടതിന്‍റെ പ്രാധാന്യം എംബസിക്ക് മനസിലായി. അടുത്ത ദിവസങ്ങളിൽ 24 മണിക്കൂറും ഉണർന്നിരുന്ന പ്രവർത്തിക്കുന്ന എംബസിയിലെ ഉദ്യോഗസ്ഥരെയാണ് കണ്ടത്. ഹുബെയിലെ ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കുകയായിരുന്നു എംബസി ചെയ്തത്. എന്നാൽ, ചൈനയിലെ എംബസിയിലോ കോൺസുലേറ്റിലോ രജിസ്റ്റർ ചെയ്യുകയെന്നുള്ളത് ഇന്ത്യക്കാർക്ക് നിർബന്ധമായിരുന്നില്ല. അതിനാൽ തന്നെ
advertisement
അവിടെയുള്ള ഇന്ത്യക്കാരെ കണ്ടെത്തുകയെന്നുള്ളത് ഇന്ത്യൻ എംബസിക്ക് എളുപ്പമായിരുന്നില്ല. ഓരോ വ്യക്തിയെയും വിളിച്ചും മെയിൽ അയച്ചും അവർക്ക് ഉറപ്പ് നൽകിയെന്ന് അംബാസഡർ വിക്രം മിശ്ര വ്യക്തമാക്കി. കമ്യൂണിറ്റി ഗ്രൂപ്പുകളും പിന്നെ പരസ്പരം പറഞ്ഞുമാണ് ഇക്കാര്യത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ ഹുബെയിൽ ആകെ 680 ഇന്ത്യക്കാരുണ്ടെന്ന് കണ്ടെത്തി. അതിനുശേഷം, ചൈനീസ് സർക്കാർ, ബെയ്ജിംഗിലെ വിദേശകാര്യ മന്ത്രാലയം, ഹുബെയിൽ വിദേശകാര്യ ഓഫീസ്, വുഹാനിലെ വിദേശകാര്യ ഓഫീസ് എന്നിവരുമായി ചർച്ച നടത്തി. ആദ്യം വിദേശകാര്യമന്ത്രാലയത്തിന് മുമ്പിൽ ചില കാര്യങ്ങൾ വ്യക്തമാക്കി. ഇവിടെയുള്ള വിദ്യാർത്ഥികൾക്കും അവരുടെ ഇന്ത്യയിലെ മാതാപിതാക്കൾക്കും അവരെ തിരികെ ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് ആയിരുന്നു ആഗ്രഹമെന്നത് ആയിരുന്നു അതെന്ന് മിശ്ര പറഞ്ഞു.
advertisement
ഹുബെയിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ന്യൂഡൽഹി ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയം ഈ പ്രക്രിയ സുഗമമാക്കി.
തുടർന്ന് സർവകലാശാല അധികൃതരുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഹുബൈയിൽ താമസിക്കുന്ന ഇന്ത്യക്കാരെ ബസിൽ വുഹാനിൽ എത്തിച്ചു. ഇതിനായി ഡസൻ കണക്കിന് ബസുകളാണ് വാടകയ്ക്ക് എടുത്തത്. വുഹാൻ സർക്കാരിൽ എല്ലാ ഡ്രൈവർമാരും രജിസ്റ്റർ ചെയ്യണമായിരുന്നു. ഇതിനെ തുടർന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ അവർക്ക് അനുമതി ലഭിച്ചു. ഫെബ്രുവരി 1, 2 ദിവസങ്ങളിലെ കുടിയൊഴിപ്പിക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എംബസി നയതന്ത്ര ഉദ്യോഗസ്ഥരായ ദീപക് പദ്മകുമാർ, എം ബാലകൃഷ്ണൻ എന്നിവരെ വുഹാനിലേക്ക് അയച്ചു. ആദ്യത്തെ കുടിയൊഴിപ്പിക്കൽ പ്രവർത്തനവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാമത്തെ കുടിയൊഴിപ്പിക്കൽ കൂടുതൽ സങ്കീർണമായിരുന്നു.
advertisement
ഹുബെയിൽ നിന്ന് 300 കിലോമീറ്ററും 350 കിലോമീറ്ററും ദൂരെയുള്ള 15 ഓളം സ്ഥലങ്ങളിൽ നിന്ന് ഇന്ത്യക്കാരെ എത്തിക്കാൻ 15 ബസുകളാണ് വിന്യസിച്ചത്. 520 കിലോമീറ്റർ അകലെയുള്ള എൻഷിയിൽ നിന്നുവരെ ആളുകളെ ബസിൽ കൊണ്ടുവന്നു. ഇതിനിടെ, ഹുബെയിലെ ചില സ്ഥലങ്ങളിൽ നാട്ടുകാർ ബസ് തടഞ്ഞു. വൈറസ് ബാധ പടരുമെന്ന് ഭയന്നായിരുന്നു അത്. ചൈനീസ് ഉദ്യോഗസ്ഥർ ഇവരുമായി സംസാരിച്ചതിനെ തുടർന്ന് ബസുകൾ കടന്നുപോകാൻ അനുവദിക്കുകയായിരുന്നു. അതേസമയം, വുഹാൻ വിമാനത്താവളത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ടിക്കറ്റുകൾ നൽകിയില്ല. ബോർഡിങ് പാസുകൾ മാത്രമാണ് നൽകിയത്. ഇതിനിടെ ഏതെങ്കിലും രാജ്യത്തെ പൗരൻമാരെ ഒഴിപ്പിക്കണമോ എന്നാവശ്യപ്പെട്ട് ഇന്ത്യ ദക്ഷിണേന്ത്യൻ രാജ്യങ്ങളിലേക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിൽ മാലിദ്വീപ് ആവശ്യപ്പെട്ടതിനെ തുടർന്ന്
advertisement
വുഹാനിൽ നിന്ന് ഏഴു മാലിദ്വീപുകാരെയും ഇന്ത്യക്കാർക്കൊപ്പം ഒഴിപ്പിച്ചു. അതേസമയം, വുഹാനിൽ തുടരുന്ന 80 ഇന്ത്യൻ വിദ്യാർത്ഥികളുമായി എംബസി ബന്ധപ്പെട്ട് വരികയാണ്. അവർക്ക് എംബസി എല്ലാവിധ സഹായവും ഉറപ്പ് നൽകിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 10, 2020 11:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വുഹാനിൽ നിന്ന് 600 വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ഇന്ത്യ നിശ്ശബ്ദമായി തയ്യാറാക്കിയ പദ്ധതി


