ആഗോള എണ്ണ വിപണിയിൽ ഇന്ത്യ നിർണായക സ്വാധീനം ചെലുത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സമീപകാലത്തായി പുറത്തുവരുന്നത്. വിലകുറഞ്ഞ റഷ്യൻ എണ്ണ വാങ്ങി, അവ സംസ്‍കരിച്ച് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്യുന്നതിലാണ് ഇന്ത്യ ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എണ്ണ വിതരണത്തിലെ വെല്ലുവിളികൾ തടയുന്നതിനൊപ്പം ഊർജ രംഗത്ത് നിന്നുമുള്ള റഷ്യയുടെ വരുമാനം കുറയ്ക്കുക എന്ന പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യവും ഇതിലൂടെ നിറവേറ്റപ്പെടുന്നുണ്ട്.
റഷ്യക്കെതിരെ യൂറോപ്പ് ഉപരോധം ശക്തമാക്കുമ്പോൾ, ആഗോള എണ്ണ ഭൂപടത്തിൽ ഇന്ത്യ തങ്ങളുടേതായ ഇടം നേടാനുള്ള ശ്രമത്തിലാണ്. “യുഎസ് ട്രഷറി ഉദ്യോഗസ്ഥർക്ക് രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ട്. എണ്ണ വിപണിയിലെ വിതരണം ഉറപ്പാക്കുക, റഷ്യയുടെ എണ്ണ വരുമാനം ഇല്ലാതാക്കുക എന്നതാണ് അത്”, സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ മുതിർന്ന പ്രൊഫസർ ബെൻ കാഹിൽ പറഞ്ഞു.
Also read- മംഗളൂരുവിൽ ഭക്ഷ്യവിഷബാധയേറ്റ് 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ
“ഇന്ത്യൻ, ചൈനീസ് റിഫൈനർമാർ വില കുറഞ്ഞ റഷ്യൻ എണ്ണ വാങ്ങുകയും, വിപണിയിലെ വിലയ്ക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിലൂടെ വലിയ ലാഭം നേടാനാകുമെന്ന് അവർക്കറിയാം“, അദ്ദേഹം കൂട്ടിച്ചേർത്തു. ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ കെപ്ലറിന്റെ ഡാറ്റ അനുസരിച്ച്, കഴിഞ്ഞ മാസം ന്യൂയോർക്കിലേക്ക് പ്രതിദിനം 89,000 ബാരൽ പെട്രോളും ഡീസലും ആണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
ജനുവരിയിൽ 172,000 ബാരലായിരുന്നു, യൂറോപ്പിലേക്കുള്ള ദൈനംദിന സൾഫർ ഡീസൽ കയറ്റുമതി. 2021 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ കയറ്റുമതി ആണിത്. റഷ്യൻ പെട്രോളിയം കയറ്റുമതിയിൽ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ പുതിയ ഉപരോധം ഞായറാഴ്ച പ്രാബല്യത്തിൽ വരുന്നതോടെ എണ്ണ വിപണിയിൽ ഇന്ത്യയുടെ പ്രാധാന്യം ഇനിയും വർധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യയിൽ നിന്നും ഇന്ത്യ കൂടുതൽ വിലകുറഞ്ഞ എണ്ണ വാങ്ങും എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 85 ശതമാനം നിറവേറ്റാൻ ഈ ഇറക്കുമതിയിലൂടെ ഇന്ത്യക്ക് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യം സംസ്കരിച്ച എണ്ണയുടെ കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്തു.
“സംസ്കരിച്ച എണ്ണയുടെ കയറ്റുമതിക്കാരാണ് ഇന്ത്യ. ഇതിൽ ഭൂരിഭാഗം കയറ്റുമതിക്കും പാശ്ചാത്യ രാജ്യങ്ങളിലെ നിലവിലെ ഇന്ധന പ്രതിസന്ധി കുറക്കാനാകും”, സിംഗപ്പൂർ ആസ്ഥാനമായുള്ള ING Groep കമ്പനിയുടെ തലവൻ വാറൻ പാറ്റേഴ്സൺ പറഞ്ഞു. “റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത എണ്ണയിൽ നിന്നാണ് ഇതിൽ ഭൂരിഭാഗവും സംസ്കരിച്ചെടുത്തതെന്ന് വ്യക്തമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
Also read- മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം മുന്നോട്ട്; അറിയേണ്ട കാര്യങ്ങൾ
യൂറോപ്യൻ യൂണിയന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഇന്ത്യ ഇന്ധനം കയറ്റുമതി ചെയ്യുന്നത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് റഷ്യൻ എണ്ണ ഇന്ധനമാക്കി സംസ്കരിച്ചാൽ, അത്തരം ഉത്പന്നങ്ങൾ യൂറോപ്യൻ യൂണിയനിലേക്ക് എത്തിക്കാൻ കഴിയും, കാരണം അവ നേരിട്ട് റഷ്യയിൽ നിന്നും എത്തുന്നതല്ല.
”റഷ്യയുടെ വരുമാനം പരമാവധി വെട്ടിക്കുറയ്ക്കാനാണ് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ ശ്രമിക്കുന്നത്. അതേസമയം, ആഗോളതലത്തിൽ എണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കാൻ റഷ്യയുടെ എണ്ണയുടെയും ശുദ്ധീകരിച്ച ഉൽപന്നങ്ങളുടെയും ഒഴുക്ക് ഉറപ്പാക്കുകയും വേണം” വോർടെക്സ ലിമിറ്റഡിലെ അനലിസ്റ്റ് സെറീന ഹുവാങ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.