Malayalam Cinema 2026 | ഹൈപ്പ് ചിത്രങ്ങളുടെ ഘോഷയാത്ര; 2026ലെ ബോക്സ് ഓഫീസിനെ അടക്കിഭരിക്കാൻ ആരെല്ലാം?
- Published by:meera_57
- news18-malayalam
Last Updated:
പുതുവർഷത്തെ പുതുമോടി പിടിപ്പിക്കാൻ മമ്മൂട്ടി, മോഹൻലാൽ, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങി മുൻനിര നായകന്മാരുടെ ചിത്രങ്ങളുടെ പട്ടിക
മലയാള സിനിമ ആദ്യമായി 300 കോടി ക്ലബ് കടന്ന വർഷം, യുവതീയുവാക്കൾ തകർത്താടുമ്പോഴും കലോൽസവത്തിൽ ഉയർന്ന പോയിന്റുമായി മുന്നേറുന്ന സീനിയേഴ്സ്, വമ്പൻ ഹൈപ്പിൽ വന്നിട്ടും ക്ലച്ച് പിടിക്കാതെ പോയ ചിത്രങ്ങൾ, സിനിമാ ലോകത്തെ നിർമാതാക്കളുടെ ചങ്കിടിപ്പ് കൂട്ടിയ കാലം, അന്യഭാഷകൾ മലയാളക്കരയിൽ മുൻവർഷങ്ങളിലേതു പോലെ ഗംഭീര പ്രകടനത്തിന്റെ ചരിത്രം ആവർത്തിച്ച കൊല്ലം. സിനിമാ ലോകത്തെ 2025ന് വിശേഷണങ്ങൾ നിരവധി. കഴിഞ്ഞതെല്ലാം കണ്ടും കേട്ടും ചികഞ്ഞെടുത്തും കഴിഞ്ഞാൽ വരാൻ പോകുന്ന പൂരത്തെക്കുറിച്ചാകാം ഇനി. പുതുവർഷത്തെ പുതുമോടി പിടിപ്പിക്കാൻ മമ്മൂട്ടി, മോഹൻലാൽ, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങി മുൻനിര നായകന്മാരുടെ ചിത്രങ്ങളുടെ പട്ടിക പാകത്തിനുണ്ട്.
പേട്രിയറ്റ്- മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരിക്കൽക്കൂടി സ്‌ക്രീനിൽ ഒന്നിച്ചു കാണണം എന്നാഗ്രഹമുള്ളവർക്ക് സാഫല്യം. വമ്പൻ പ്രതിഫലമുള്ള ഈ താരങ്ങളെ ഒന്നിച്ചു കൊണ്ടുവരാൻ പ്രാപ്തിയുള്ള ഒരു നിർമാതാവ് തന്നെയാണ് അങ്ങനെയൊരു ചിത്രം അഭ്രപാളികളിലെത്തിക്കാൻ ആദ്യം വേണ്ടത്. ആന്റോ ജോസഫ് മുന്നിട്ടിറങ്ങിയതും, കഥയും സംവിധാനവുമായി മഹേഷ് നാരായണനും ഒപ്പം കൂടി. പിന്നെ കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ എന്നിങ്ങനെ താരങ്ങളുടെ എണ്ണം കൂടി. മമ്മൂട്ടിയുടെ ചികിത്സാർത്ഥം ഷൂട്ടിംഗ് വൈകിയ ചിത്രം വിഷുക്കണിയായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി നിർമിക്കുന്ന പൊളിറ്റിക്കൽ ഡ്രാമ, കേരളത്തിലെയും ഇന്ത്യയിലെയും ലൊക്കേഷനുകൾക്ക് പുറമേ ശ്രീലങ്ക, യു.കെ., അസർബെയ്‌ജാൻ, ഷാർജ എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കി. 100 കോടിക്ക് പുറത്താണ് ബജറ്റ് പ്രതീക്ഷ.
advertisement
ദൃശ്യം 3- ആരെല്ലാം വരുന്നു എന്ന് പറഞ്ഞാലും, ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും തട്ട് താണുതന്നെയിരിക്കും. വരുൺ പ്രഭാകറിന്റെ കുടുംബത്തിന് ഉദകക്രിയക്കുള്ളത് മാത്രം അവശേഷിപ്പിച്ച് അവസാനിച്ച ദൃശ്യം രണ്ടാം ഭാഗം, ഇനിയെന്തെന്നുള്ള ഉത്തരമില്ലാ ചോദ്യങ്ങൾ നിരവധി ബാക്കിയാക്കിയിട്ടുണ്ട്. പ്രേക്ഷകരുടെ അമിതപ്രതീക്ഷ സമ്മർദം വർധിപ്പിക്കുന്നു എന്ന് പറയേണ്ടി വന്നു സംവിധായകൻ ജീത്തു ജോസഫിന്. ബജറ്റിലേക്ക് നോക്കിയാലും ഇല്ലെങ്കിലും, 2026ൽ മലയാളത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി പടം ഏതെന്നു ചോദിച്ചാൽ അത് മോഹൻലാൽ- മീന- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' മാത്രം. 2025ൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ കഴിഞ്ഞ് തിയേറ്ററിലെത്താനുള്ള ഘട്ടത്തിലേക്ക് കടന്നു. 2026ന്റെ ആദ്യ പകുതിയിൽ എവിടെയെങ്കിലുമാവും സിനിമയുടെ റിലീസ്. നിർമാണം: ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ.
advertisement
ആട് 3- ബോക്സ് ഓഫീസിൽ അമ്പേ പരാജയപ്പെട്ട 'ബ്ലെയ്ഡ് റണ്ണർ' എന്ന സയൻസ് ഫിക്ഷൻ ചിത്രം മലയാളി സംവിധായകൻ മിഥുൻ മാനുവൽ തോമസിന് നൽകിയ ഊർജം വളരെ വലുതാണ്. തിയേറ്റർ വിട്ട ശേഷം കൾട്ട് സ്റ്റാറ്റസ് നേടിയ സിനിമ. പിന്നീട് സീക്വലുകൾക്ക് വഴിവച്ച ചിത്രം. തിയേറ്ററിൽ പ്രേക്ഷകർ തിരസ്കരിച്ച ജയസൂര്യയും ടീമും വേഷമിട്ട 'ആട്' ഒന്നാം ഭാഗത്തിന് ഫാൻസ് ഉണ്ടായത് ഡിജിറ്റൽ സ്‌പെയ്‌സിൽ. 'ബ്ലെയ്ഡ് റണ്ണർ' വഴിയേ ആടിനും ഉണ്ടായി ഒരു രണ്ടാം ഭാഗം, 2026ൽ മൂന്നാം ഖണ്ഡത്തിലേക്ക് കടക്കുന്ന മറ്റൊരു മലയാള ചിത്രം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും വേണു കുന്നപ്പള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്ന് നിർമിക്കുന്നു. ഷാജി പാപ്പനും സർബത്ത് ഷമീറും അറയ്ക്കൽ അബുവും സൃഷ്‌ടിക്കാൻ പോകുന്ന ഗുലുമാലുകൾ കാണാൻ ഏപ്രിൽ വരെ കാത്തിരിപ്പ്.
advertisement
കത്തനാർ: ദി വൈൽഡ് സോർസെറർ- ഒരു സമ്പൂർണ ജയസൂര്യ ചിത്രം മലയാളത്തിൽ ഇറങ്ങിയിട്ട് വർഷം മൂന്ന് പിന്നിടുന്നു. ഏറ്റവും ഒടുവിൽ ജയസൂര്യ മാത്രം നായകനായ 'ഈശോ' വന്നത് ഒ.ടി.ടിയിൽ. മറ്റൊരു ചിത്രം എന്ന് വിളിക്കാമെങ്കിൽ, അത് ജയസൂര്യയും കുഞ്ചാക്കോ ബോബനും നായകന്മാരായ 'എന്താടാ സജി'യാണ്. പിന്നീടുള്ള കാത്തിരിപ്പ് മുഴുവനും ഒന്നിന് വേണ്ടി മാത്രം; കത്തനാർ. സിനിമയ്ക്കായി നീട്ടി വളർത്തിയ താടിയും തലമുടിയുമായി ജയസൂര്യ പരസ്യമായി നടന്നത് വർഷങ്ങളോളം. മാന്ത്രികനായ വൈദികൻ കടമറ്റത്തു കത്തനാരായി ജയസൂര്യ പരകായപ്രവേശം നടത്തിയ കഥാപാത്രം. 90 കോടിയാണ് ചിത്രത്തിന്റെ ഔദ്യോഗിക ബജറ്റ്. ഗോകുലം ഗോപാലൻ നിർമിച്ച ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ്. മലയാളത്തിലേക്ക് കള്ളിയങ്കാട്ടു നീലിയായി അനുഷ്ക ഷെട്ടി അവതരിപ്പിക്കപ്പെടുന്നു. 2023ൽ വിർച്വൽ പ്രൊഡക്ഷൻ സാങ്കേതികതയിൽ ഷൂട്ടിംഗ് ആരംഭിച്ചത് കൊച്ചിയിൽ ഉയർന്ന 45,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്റ്റുഡിയോ ഫ്ലോറിൽ. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗം പുതുവർഷത്തിൽ പ്രതീക്ഷിക്കാം. ആടും കത്തനാരും ചേർന്ന് ജയസൂര്യയുടെ ഗംഭീര തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന വർഷമാകുമോ 2026 എന്ന് കാത്തിരുന്നുകാണാം.
advertisement
ഖലീഫ- മാമ്പറക്കൽ അഹമ്മദ് അലിയായി മോഹൻലാൽ വരും എന്ന ഹൈപ്പിൽ അണിയറയിൽ പുരോഗമിക്കുന്ന 'ഖലീഫ'യിൽ പൃഥ്വിരാജ് സുകുമാരൻ നായകനാവുന്നു. ഓണചിത്രമായി തിയേറ്ററിലെത്താൻ പോകുന്ന ടു-പാർട്ട് സീരീസിലെ ആദ്യഭാഗം. ആമിർ അലി എന്ന റോളിലാകും പൃഥ്വിരാജ് സുകുമാരൻ വരിക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സിനിമയിൽ, അടുക്കിവെച്ച സ്വർണ ബിസ്കറ്റുകളുടെ അരികിൽ കാണപ്പെടുന്ന രക്തംപുരണ്ട ഒരു കയ്യും സിഗറും ചേർത്താണ് ഈ സിനിമയിലെ മോഹൻലാലിന്റെ സാന്നിധ്യം പ്രഖ്യാപിക്കപ്പെട്ടത്. ആദ്യഭാഗത്തിൽ മാമ്പറക്കൽ കുടുംബത്തിന്റെ ചരിത്രം പറയും. ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നു.
advertisement
കാട്ടാളൻ- ചോരക്കളികൊണ്ട് ബോക്സ് ഓഫീസ് വിജയം തീർത്ത മലയാള ചിത്രം 'മാർക്കോ'യുടെ നിർമാതാവ് ഷെരീഫ് മുഹമ്മദിന്റെ രണ്ടാമത് ചിത്രം ആന്റണി വർഗീസിനെ നായകനാക്കി അണിയറയിൽ പുരോഗമിക്കുന്നു. പാൻ-ഇന്ത്യൻ ആക്ഷൻ ത്രില്ലറിൽ മമ്മൂട്ടിയുടെ സാന്നിധ്യം പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം തായ്‌ലൻഡിൽ ഉൾപ്പെടെ ചിത്രീകരിക്കുന്നു. ഗംഭീര ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്നതാണ് ഈ ചിത്രം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 30, 2025 1:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Malayalam Cinema 2026 | ഹൈപ്പ് ചിത്രങ്ങളുടെ ഘോഷയാത്ര; 2026ലെ ബോക്സ് ഓഫീസിനെ അടക്കിഭരിക്കാൻ ആരെല്ലാം?






