ഇന്ത്യ താലിബനുമായി ആദ്യമായി ഔദ്യോഗിക തലത്തിൽ ചർച്ച നടത്തി
- Published by:Sarika N
- news18-malayalam
Last Updated:
വിദേശകാര്യ സെക്രട്ടറിയും ഒരു മുതിര്‍ന്ന താലിബാന്‍ നേതാവും തമ്മില്‍ നടത്തിയ ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും താലിബാന്‍ ആക്ടിംഗ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖിയും ദുബായില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. അഫ്ഗന്‍റെ ആരോഗ്യമേഖലയ്ക്കും അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതിനും പിന്തുണ നല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തോടുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ഇടപെടലിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ സെക്രട്ടറിയും ഒരു മുതിര്‍ന്ന താലിബാന്‍ നേതാവും തമ്മില്‍ നടത്തിയ ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്.
താലിബാന്‍ നേതൃത്വവുമായുള്ള ഇന്ത്യയുടെ ഇടപെടലിന് നേതൃത്വം നല്‍കിയത് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ അഫ്ഗാന്റെ പോയിന്റ് പേഴ്‌സണ്‍ ജെ പി സിംഗ് ആണ്.
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നിവയില്‍ നിന്നുള്ള ഭീകരരുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് സുരക്ഷാ ആശങ്കയുണ്ടെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യാ വിരുദ്ധ ഭീകരസംഘടനകള്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ നേരത്തെ തന്നെ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അഫ്ഗാന്റെ ഭാഗത്തുനിന്നുള്ള ആവശ്യത്തിന് മറുപടിയായി ആദ്യ ഘട്ടത്തില്‍ ആരോഗ്യമേഖലയ്ക്കും അഭയാര്‍ഥികളുടെ പുനരധിവാസത്തിലും കൂടുതല്‍ ഭൗതിക പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അഞ്ച് ലക്ഷത്തിലധികം അഫ്ഗാന്‍ അഭയാര്‍ഥികളെ പാകിസ്ഥാന്‍ പുറത്താക്കിയതിന്റെ പശ്ചാത്തലത്തിലാണ് അവരുടെ പുനരധിവാസത്തിന് സഹായം നല്‍കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചത്.
advertisement
ഉഭയകക്ഷി ബന്ധവും പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുപക്ഷവും ചര്‍ച്ച ചെയ്തതായും അഫ്ഗാന് മാനുഷിക സഹായം നല്‍കുന്നത് ഉള്‍പ്പെടെ വ്യാപാര, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാനിലെ ചബഹാര്‍ തുറമുഖം ഉപയോഗിക്കുന്നതിന് സമ്മതിച്ചതായും പ്രസ്താവനയില്‍ പറഞ്ഞു. ഒരു പ്രധാന വ്യാപാര, കയറ്റുമതി കേന്ദ്രമായി വളര്‍ന്നു വരുന്ന ഇറാനിലെ ചബഹാര്‍ തുറമുഖത്ത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം ഒരു ടെര്‍മിനല്‍ നടത്തുന്നുണ്ട്. തുറമുഖത്തിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തെ കരാറില്‍ ഇന്ത്യയും ഇറാനും കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ചിരുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ ഇന്ത്യ ഇത് പ്രയോജനപ്പെടുത്തി വരികയാണ്.
advertisement
ഇന്ത്യയുടെ അഫ്ഗാനുമായുള്ള ചരിത്രപരമായ സൗഹൃദത്തെയും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെയും കൂടിക്കാഴ്ചയ്ക്കിടെ മിസ്രി അടിവരയിട്ട് പറഞ്ഞു. കൂടാതെ, അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് അടിയന്തരമായി വികസന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഇന്ത്യയുടെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു. കായികമേഖലയിലെ സഹകരണം, പ്രത്യേകിച്ച് ക്രിക്കറ്റിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.
അഫ്ഗാനിസ്ഥാനിലെ ജനതയുമായി ഇടപഴകുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനും ഇന്ത്യന്‍ സര്‍ക്കാരിന് മുത്താക്കി നന്ദി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ ആവശ്യകത കണക്കിലെടുത്തി നിലവിലെ മാനുഷിക സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് പരിഗണിക്കുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
advertisement
ഇന്ത്യ ഗ്രാന്റുകളും വായ്പകളും വഴി നല്‍കി വന്നിരുന്ന ധനസഹായവും വിവിധ വികസന പദ്ധതികളും 2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത ശേഷം നിലച്ചിരുന്നു. ആ സമയത്ത് അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന എല്ലാ നയതന്ത്രജ്ഞരെയും ഇന്ത്യ പിന്‍വലിച്ചിരുന്നു. എന്നാല്‍, 2022ല്‍ അവിടുത്തെ എംബസിയിലേക്ക് ഇന്ത്യ ഒരു 'സാങ്കേതിക സംഘത്തെ' അയച്ച് സാന്നിധ്യം പുനഃസ്ഥാപിച്ചു.
അഫ്ഗാനുള്ള മാനുഷിക സഹായത്തിന്റെ ഭാഗമായി 50,000 ടണ്‍ ഗോതമ്പ് , 300 ടണ്‍ മരുന്നുകള്‍, 27 ടണ്‍ ഭൂകമ്പ ദുരിതാശ്വാസ സഹായം, 40,000 ലിറ്റര്‍ കീടനാശിനികള്‍, 100 മില്ല്യണ്‍ പോളിയോ മരുന്ന്, 1.5 മില്ല്യണ്‍ ഡോസ് കോവിഡ് വാക്‌സിന്‍, 11,000 യൂണിറ്റ് ഹൈജീന്‍ കിറ്റ്, 500 യൂണിറ്റ് ശൈത്യകാല വസ്ത്രങ്ങള്‍, 1.2 ടണ്‍ സ്‌റ്റേഷനറി കിറ്റുകള്‍ എന്നിവയെല്ലാം ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്.
advertisement
ബന്ധം നിലനിര്‍ത്താൻ ഇരുപക്ഷവും സമ്മതിച്ചതായും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.കാബൂളിലെ ഭരണകൂടവുമായുള്ള ഇന്ത്യയുടെ ബന്ധം പ്രധാനമായും കൈകാര്യം ചെയ്യുന്നത് വിദേശകാര്യമന്ത്രാലയത്തിലെ പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-ഇറാന്‍ ഡിവിഷന്റെ ജോയിന്റ് സെക്രട്ടറി ജെ പി സിംഗ് ആണ്. നവംബറില്‍ താലിബാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബിനെ സിംഗ് ആദ്യമായി കണ്ടിരുന്നു.
അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണങ്ങളെ ഇന്ത്യ അപലപിച്ചിരുന്നു. ഡിസംബര്‍ 24ന് പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 46 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 09, 2025 11:24 AM IST