തായ്ലൻഡിൽ പോയാലോ? ഇന്ത്യക്കാർക്ക് അടുത്ത മേയ് വരെ വിസ വേണ്ട
- Published by:Sarika KP
- news18-malayalam
Last Updated:
കൂടുതൽ വിനോദസഞ്ചാരികളെ തായ്‌ലന്റിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിസ ആവശ്യകതകൾ ഒഴിവാക്കാനുള്ള സർക്കാരിന്റെ നടപടി.
ഇന്ത്യയിൽ നിന്നും തായ്‌വാനിൽ നിന്നും ഉള്ള യാത്രക്കാർക്ക് വിസ ഇല്ലാതെ തായ്‌ലൻഡിൽ പോകാൻ അവസരം ഒരുങ്ങുന്നു. അടുത്ത മാസം മുതൽ 2024 മെയ് വരെ ഇത്തരത്തിൽ വിസ ഇല്ലാതെ തായ്‌ലൻഡ് സന്ദർശിക്കാം. കൂടുതൽ വിനോദസഞ്ചാരികളെ തായ്‌ലന്റിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിസ ആവശ്യകതകൾ ഒഴിവാക്കാനുള്ള സർക്കാരിന്റെ നടപടി.
സെപ്റ്റംബറിൽ ചൈനയിൽ നിന്നുള്ളവർക്ക് വിസ ഇല്ലാതെ എത്താനുള്ള അവസരം തായ്‌ലൻഡ് ഒരുക്കിയിരുന്നു. കൂടാതെ ജനുവരി മുതൽ ഒക്ടോബർ 29 വരെ ഉള്ള കാലയളവിൽ തായ്‌ലൻഡിൽ 22 ദശലക്ഷം വിനോദ സഞ്ചാരികൾ എത്തിയതായാണ് റിപ്പോർട്ട്. ഇതിലൂടെ 25.67 ബില്യൺ ഡോളർ (927.5 ബില്യൺ ബാറ്റ്) വരുമാനം ലഭിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. അതോടൊപ്പം ഇന്ത്യയിൽ നിന്നും തായ്‌വാനിൽ നിന്നും എത്തുന്നവർക്ക് 30 ദിവസം വരെ തായ്‌ലൻഡിൽ നിൽക്കാം എന്നും തായ്‌ലൻഡ് വക്താവ് ചായ് വാച്ചറോങ്കെ വ്യക്തമാക്കി.
advertisement
കൂടാതെ ഈ വർഷം ഇതുവരെ മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവയ്ക്ക് ശേഷം ഏകദേശം 1.2 മില്യൺ വിനോദസഞ്ചാരികളാണ് ഇന്ത്യയിൽ നിന്ന് തായ്‌ലൻഡിൽ എത്തിയത്. ഇന്ത്യയെ തായ്ലൻഡിന്റെ നാലാമത്തെ ടൂറിസം മാർക്കറ്റായാണ് കണക്കാക്കുന്നത്. കൂടുതൽ എയർലൈനുകളും ഹോസ്പിറ്റാലിറ്റി ശൃംഖലകളും ഇന്ത്യയിൽ നിന്ന് നിരവധി സഞ്ചാരികളെ തായ്‌ലൻഡിൽ എത്തിക്കാൻ സഹായകമായി. അതേസമയം തായ്‌ലൻഡ് ഈ വർഷം ഏകദേശം 28 ദശലക്ഷം വിനോദ സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്. നിലവിൽ പുതിയ സർക്കാർ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ച് സാമ്പത്തിക വളർച്ചയിൽ ഗണ്യമായ പുരോഗതി സൃഷ്ടിക്കാൻ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 31, 2023 6:43 PM IST