ധനമന്ത്രിമാർ മാത്രമല്ല പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയായിരിക്കെ ധനവകുപ്പ് കൈകാര്യം ചെയ്തിരുന്നവരും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ധനമന്ത്രിമാരായിരിക്കെ ബജറ്റ് അവതരിപ്പിക്കുകയും പിന്നീട് പ്രധാനമന്ത്രി പദത്തിലെത്തിയവരുമുണ്ട്.
ജവഹർലാൽ നെഹ്റു: പൊതുബജറ്റ് അവതരിപ്പിച്ച ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ്. പ്രധാനമന്ത്രിയായിരിക്കെ 1958-59 കാലത്ത് ധനവകുപ്പിന്റെ ചുമതല നെഹ്റുവിനായിരുന്നു. മുന്ദ്ര അഴിമതി ആരോപണത്തെ തുടർന്ന് ധനമന്ത്രിയായ ടിടി കൃഷ്ണമാചാരി രാജിവച്ച സമയമായിരുന്നു ഇത്.
മൊറാർജി ദേശായി: 1977 മുതൽ 1979 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു മൊറാർജി ദേശായി. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതും അദ്ദേഹമാണ്. എട്ടുവാർഷിക ബജറ്റുകളും രണ്ട് ഇടക്കാല ബജറ്റുകളും ഉൾപ്പെടെ 10 ബജറ്റുകളാണ് മൊറാർജി ദേശായി അവതരിപ്പിച്ചത്.
ഇന്ദിരാഗാന്ധി: 1969ൽ മൊറാർജി ദേശായിയുടെ രാജിയെ തുടർന്നാണ് പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിക്ക് ധനവകുപ്പ് ഏറ്റെടുക്കേണ്ടിവന്നത്. 1970ൽ പാർലമെന്റിൽ ബജറ്റും അവതരിപ്പിച്ചു. പിന്നീട് ആഭ്യന്തരമന്ത്രിയായി യശ്വന്ത് റാവു ചവാന് ധനവകുപ്പ് കൈമാറുകയായിരുന്നു.
രാജീവ് ഗാന്ധി: 1987 ജനുവരി- ജൂലൈ മാസങ്ങളിൽ ധനവകുപ്പ് കൈകാര്യം ചെയ്തു. ആ സമയത്ത് തന്നെ ബജറ്റ് അവതരിപ്പിച്ചു. ഇതോടെ നെഹ്റു-ഗാന്ധി കുടുംബത്തിൽ നിന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച മൂന്നാമനായി രാജീവ് ഗാന്ധി മാറി. വി പി സിംഗിനെ മാറ്റിയതിനെ തുടർന്നാണ് ധനവകുപ്പ് അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നത്.
ഡോ. മൻമോഹൻ സിംഗ്: നരസിംഹറാവു സർക്കാരിൽ 1991 മുതൽ 1996വരെ ധനവകുപ്പ് മന്ത്രിയായിരുന്നു മൻമോഹൻസിംഗ്. 1991ലെ ബജറ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇറക്കുമതി- കയറ്റുമതി നയങ്ങളിലുണ്ടായ മാറ്റം ഈ ബജറ്റിലാണ് പ്രഖ്യാപിച്ചത്. 1994ലെ ബജറ്റിൽ സേവന നികുതി ഏർപ്പെടുത്തി. ഇത് പിൽക്കാലത്ത് സർക്കാരുകളുടെ പ്രധാന വരുമാനമാർഗവുമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.