ഒരു കുടുംബത്തിൽ 1200 അംഗങ്ങള്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 350 പേര്‍ വോട്ടു ചെയ്യും
- Published by:Arun krishna
- news18-malayalam
Last Updated:
ആസാമിലെ സോനിത്പുർ ജില്ലയിലെ ഫുലോഗുരി നേപ്പാളി പാം എന്ന പ്രദേശത്താണ് അന്തരിച്ച റോൺ ബഹാദൂർ ഥാപ്പയുടെ കുടുംബം
ആസാമിലെ സോനിത്പുർ ലോക്സഭാ മണ്ഡലത്തിൽ ആര് ജയിക്കുമെന്ന് റോൺ ബഹാദൂർ ഥാപ്പയുടെ കുടുംബം തീരുമാനിക്കും! പറയുന്നത് അതിശയോക്തിയാണെന്ന് കരുതരുത്. 350 വോട്ടർമാരാണ് ഈ കുടുംബത്തിലുള്ളത്. ഇവരുടെ വോട്ട് മണ്ഡലത്തിൽ നിർണായകമാവുമെന്ന് ഉറപ്പാണ്. ആസാമിലെ സോനിത്പുർ ജില്ലയിലെ ഫുലോഗുരി നേപ്പാളി പാം എന്ന പ്രദേശത്താണ് അന്തരിച്ച റോൺ ബഹാദൂർ ഥാപ്പയുടെ കുടുംബം. ഏപ്രിൽ 19ന് ഒന്നാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്.
രംഗപര നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശം ലോക്സഭയിൽ സോനിത്പുരിലാണ് ഉൾപ്പെടുന്നത്. കുടുംബത്തിലെ 350 അംഗങ്ങള്‍ ഏപ്രിൽ 19ന് സോനിത്പുര്‍ ലോക്സഭാ മണ്ഡലത്തിൽ വോട്ട് ചെയ്യും. ആകെ 1200 അംഗങ്ങളാണ് റോൺ ബഹാദൂർ ഥാപ്പയുടെ കുടുംബത്തിലുള്ളത്. ഇതിൽ 350 പേർക്കാണ് ഇപ്പോൾ വോട്ടവകാശം ഉള്ളത്.
അഞ്ച് ഭാര്യമാർ ഉണ്ടായിരുന്ന റോൺ ബഹാദൂറിന് 12 ആൺകുട്ടികളും 9 പെൺകുട്ടികളുമാണ് ഉള്ളത്. 150ലധികം കൊച്ചുമക്കളും ഉണ്ട്. ഇവരുടെ കുടുംബ പാരമ്പര്യത്തിൽ ഉള്ള ഏകദേശം 300ഓളം കുടുംബങ്ങളും ഇവിടെയുണ്ട്. അന്തരിച്ച റോൺ ബഹാദൂറിൻെറ മകനായ ടിൽ ബഹാദൂർ ഥാപ്പയാണ് നിലവിൽ ഗ്രാമമുഖ്യൻ. തൻെറ കുടുംബത്തിൽ 350 പേർക്കാണ് ഇപ്പോൾ വോട്ടവകാശം ഉള്ളതെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
advertisement
“1964ലാണ് എൻെറ അച്ഛൻ മുത്തച്ഛനോടൊപ്പം ഇവിടെ എത്തിയത്. അക്കാലം മുതൽ ഈ പ്രദേശത്ത് തന്നെയാണ് ജീവിക്കുന്നത്. എൻെറ അച്ഛന് 5 ഭാര്യമാർ ഉണ്ടായിരുന്നു. ഞങ്ങൾ 12 സഹോദരൻമാരും 9 സഹോദരിമാരുമുണ്ട്. ആൺമക്കളുടെ മാത്രം 56 കൊച്ചുമക്കൾ എൻെറ അച്ഛനുണ്ട്. സഹോദരിമാർ വഴിയുള്ള കൊച്ചുമക്കളുടെ എണ്ണം എത്രയെന്ന് എനിക്ക് കൃത്യമായി അറിയില്ല. കുടുംബത്തിലെ മൊത്തം ആളുകളുടെ എണ്ണമെടുത്താൽ 1200ലധികം വരും,” ടിൽ ബഹാദൂർ ഥാപ്പ പറഞ്ഞു.
സംസ്ഥാന – കേന്ദ്ര സർക്കാരുടെ പദ്ധതികളുടെ ഗുണഫലം തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “ഞങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആർക്കും സർക്കാർ ജോലി ലഭിച്ചിട്ടില്ല. ബെംഗളൂരുവിലും മറ്റും പോയി ചിലർ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും കുടുംബത്തിലുണ്ട്. 1989 മുതൽ ഞാൻ ഇവിടെ ഗ്രാമമുഖ്യനാണ്. എനിക്ക് 8 ആൺകുട്ടികളും 3 പെൺകുട്ടികളുമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. റോൺ ബഹാദൂർ 1997ലാണ് അന്തരിച്ചതെന്ന് അദ്ദേഹത്തിൻെറ മറ്റൊരു മകനായ സർകി ബഹാദൂർ ഥാപ്പ പറഞ്ഞു. 64കാരനായ സർകി ബഹാദൂറിന് മൂന്ന് ഭാര്യമാരും അതിൽ 12 കുട്ടികളുമുണ്ട്.
advertisement
സോനിത്പുർ ലോക്സഭാ മണ്ഡലത്തിൽ ഏകദേശം 16.25 ലക്ഷം വോട്ടർമാരാണുള്ളത്. 9 അസംബ്ലി മണ്ഡലങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ആസാമിലെ 14 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19, 26, മെയ് 7 എന്നീ തീയതികളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Assam
First Published :
April 16, 2024 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒരു കുടുംബത്തിൽ 1200 അംഗങ്ങള്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 350 പേര്‍ വോട്ടു ചെയ്യും