പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സ്കൂളുകളില്‍ സിസിടിവിസ്ഥാപിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉമാ ഖപാരെ ഉന്നയിച്ച പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്. മുംബൈയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യമുന്നയിച്ചത്.
‘ചില സ്വകാര്യ സ്കൂളുകളില്‍ നിലവില്‍ സിസിടിവി ക്യാമറകൾ ഉണ്ട്. എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് സിസിടിവി സ്ഥാപിക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കും. സിസിടിവി സ്ഥാപിക്കുന്നതിലൂടെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ചിലരെ നിരുത്സാഹപ്പെടുത്താനാകും” എന്നും ഫഡ്നാവിസ് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംയുക്ത യോഗം ചേര്‍ന്ന് കര്‍മപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read-ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 47കാരന് 25 വർഷം കഠിനതടവ്
‘ഗുഡ് ടച്ച്-ബാഡ് ടച്ച് ബോധവല്‍ക്കരണ പരിപാടി പല സ്കൂളുകളിലും നിലവില്‍ നടക്കുന്നുണ്ട്. ഇന്റര്‍നെറ്റിലെ അശ്ലീല ഉള്ളടക്കം കുട്ടികൾക്ക് ലഭിക്കുന്നത് തടയാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോടാണ് സംഭവം നടന്നത്. അത്തോളി സ്വദേശിയായ അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച് പോക്സോ കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.
ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്.സംഭവത്തെ തുടര്‍ന്ന് അധ്യാപകന് പഠിപ്പിച്ച കൂടുതല്‍ കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. പലവിധത്തില്‍ പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച തമിഴ്നാട് സര്‍ക്കാര്‍ അധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു. അധ്യാപികയുടെ ഫോണില്‍ നിന്നും കുട്ടിയുമായുള്ള ലൈംഗികചിത്രങ്ങളും വീഡിയോകളും സഹിതമുള്ള തെളിവുകള്‍ ഇവരുടെ ഭര്‍ത്താവ് തന്നെ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
മുപ്പത് വയസുകാരിയായ നിത്യ എന്ന ഇംഗ്ലീഷ് ടീച്ചറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി സ്ഥിരമായി ഇവരുടെ വീട്ടില്‍ ട്യൂഷന് പോകുമായിരുന്നു. ഈ സമയങ്ങളിലാണ് അധ്യാപികയായ യുവതി കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ സമയങ്ങളില്‍ അധ്യാപിക തന്നെ ചിത്രീകരിച്ച വീഡിയോകളും ചിത്രങ്ങളും ഇതിന് തെളിവായി മൊബൈലില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അധ്യാപികയുടെ ഭര്‍ത്താവാണ് തെളിവുകള്‍ പൊലീസിനെ ഏല്‍പ്പിച്ചത്.
വീഡിയോ മൊബൈലില്‍ നിന്നും കണ്ടെത്തിയത് മുതല്‍ അധ്യാപികയും ഭര്‍ത്താവും തമ്മില്‍ വഴക്കുകള്‍ സ്ഥിരമായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഭര്‍ത്താവിന്റെ താക്കീതുകള്‍ അവഗണിച്ച് യുവതി കുട്ടിയുമായുള്ള ലൈംഗിക ബന്ധം തുടരുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് ഇവര്‍ക്കെതിരെ പരാതിയുമായി ജില്ലാ കളക്ടറുടെ ഓഫീസില്‍ ബന്ധപ്പെട്ടത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.