മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി
- Published by:Rajesh V
- news18-malayalam
Last Updated:
സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു
ന്യൂഡൽഹി: പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.
2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരള ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും ചീഫ് ജസ്റ്റിസ് സജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം കണക്കിലെടുത്തു.
advertisement
‘11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായും ചീഫ് ജസ്റ്റിസായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രന്‍, വിവിധ നിയമ മേഖലകളില്‍ ഗണ്യമായ അനുഭവമുള്ളയാളാണ്,’ കൊളീജിയം പുറത്തിറക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നോക്കവേ സായാഹ്ന പഠനത്തിലൂടെയാണ് നിയമബിരുദം നേടിയത്. തുടർന്ന് ബാങ്ക് ഉദ്യോഗം രാജിവെച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നു. 1990ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24ന് സ്ഥിരം ജഡ്ജിയായി. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം ആലുവ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 13, 2025 9:03 PM IST