26/11 anniversary| മുംബൈ ഭീകരാക്രമണം: 12 വർഷം മുൻപുള്ള നവബംർ 26ന് രാത്രി സംഭവിച്ചതെന്ത്?
- Published by:Rajesh V
- news18-malayalam
Last Updated:
നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ വിദേശികൾ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, മലയാളിയായ എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും വീരമൃത്യു വരിച്ചു.
ന്യൂഡൽഹി: 2008ൽ ഇതേ ദിവസമായിരുന്നു കടൽ മാർഗമെത്തിയ പാക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ചത്. നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ വിദേശികൾ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷ സംബന്ധിച്ച് കാതലായ മാറ്റങ്ങൾ കൊണ്ടുവരാനും പുതിയ പ്രതിരോധ മാർഗങ്ങൾ അവലംബിക്കാനും ഇന്ത്യയെ പ്രേരിപ്പിച്ചത് ഈ ആക്രമണ പരമ്പരയായിരുന്നു. പത്ത് ലഷ്കർ ഇ തയ്ബ ഭീകരവാദികൾ തിരക്കേറിയ സമയത്ത് മുംബൈ നഗരത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഒമ്പത് തീവ്രവാദികളും സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, മലയാളിയായ എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും വീരമൃത്യു വരിച്ചു. മൂന്നു ദിവസം നീണ്ട ഓപ്പറേഷനോടുവില്‍ ഭീകരരെ കൊലപ്പെടുത്തുകയും അജ്മല്‍ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തു. കസബ് തങ്ങളുടെ പൗരനാണെന്ന് പാകിസ്ഥാന്‍ പിന്നീട് സമ്മതിച്ചു. കസബിനെ പിന്നീട് തൂക്കിലേറ്റി. 2008 നവംബർ 26ന്, മുംബൈയെ നടുക്കിയ ആ രാത്രി സംഭവിച്ചതെന്തെന്ന് പരിശോധിക്കാം.
advertisement
- പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് ലഷ്കർ ഇ തയ്ബ ഭീകരവാദികൾ കടൽമാർഗം മുംബൈയിലെത്തുകയായിരുന്നു. 2008 നവംബർ 23ന് പാക് സംഘം ഇന്ത്യൻ ഫിഷിങ് ട്രോളറായ എംവി കൂബർ തട്ടിയെടുത്തു. തകരാറിലായെന്ന വ്യാജേന ബോട്ട് മുംബൈ തീരത്തോട് അടുപ്പിച്ചു. എം വി കൂബറിന്റെ ക്യാപ്റ്റൻ അമർചന്ദ് സോളങ്കിയെ ഭീകരർ വധിക്കുകയും ചെയ്തു.
- നവംബർ 26ന് രാത്രി 8.15ഓടെ സംഘം ബോട്ട് മുംബൈ തീരത്തടുപ്പിച്ചു. ഗ്രനേഡുകൾ, എകെ 47 തോക്കുകൾ, ജിപിഎസ് സംവിധാനം, ഭക്ഷണസാധനങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. ആദ്യ ആക്രമണം മുംബൈയിലെ ഛത്രപതി ശിവജി ടെർമിനലിൽ ആയിരുന്നു. 58 പേരാണ് ഇവിടെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരരായ അജ്മൽ കസബും ഇസ്മയിൽ ഖാനുമാണ് ഇവിടെ ആക്രമണം നടത്തിയത്.
advertisement
- കാമ ആശുപത്രി ആക്രമിക്കാനുള്ള ഭീകരവാദികളുടെ ശ്രമം ആശുപത്രി ജീവനക്കാർ പരാജയപ്പെടുത്തി. എന്നാൽ ഇതിനകം, മുംബൈ എടിഎസ് മേധാവി ഹേമന്ദ് കർക്കറെ, വിജയ് സലസ്കർ, അശോക് കാംതേ അടക്കം ആറു പൊലീസ് ഉദ്യോഗസ്ഥരെ ഭീകരർ വധിച്ചിരുന്നു.
- പൊലീസുകാർ സഞ്ചരിച്ചിരുന്ന കാർ തട്ടിയെടുത്ത കസബും ഇസ്മയിലും കണ്ണിൽ കണ്ടവർക്കുനേരെ തുരുതുരാ വെടിയുതിർത്തു. MH 01 BA 569 എന്ന ടൊയോട്ട ക്വാളിസ് വാഹനം സംഘം പിന്നീട് ഉപേക്ഷിച്ചു. വാഹനത്തിന്റെ ടയറുകൾ പൊലീസിന്റെ വെടിയെറ്റ് പൊട്ടിയതോടെയായിരുന്നു ഇത്.
advertisement
- നരിമാൻ ഹൗസിന് നേരെ നടന്ന ആക്രമണമാണ് ബേബി മോഷെ എന്ന രണ്ടുവയസുകാരനായ ഇസ്രായേലി ബാലനെ അനാഥനാക്കിയത്. മാതാപിതാക്കളായ റാബി ഗവ്രിയേലും റിവ്കയും ഉൾപ്പെടെ ആറു ഇസ്രായേൽ പൗരന്മാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബേബി മോഷെ പിന്നീട് മുംബൈ ആക്രമണത്തെ അതിജീവിച്ചവരുടെ പ്രധാന മുഖമായി മാറി. പരിചാരികയായിരുന്ന സാന്ദ്രയാണ് മോഷെയെ രക്ഷപ്പെടുത്തിയത്.
advertisement
- അജ്മൽ കസബും ഇസ്മായിലും ഒരുവശത്ത് കൂട്ടക്കൊല നടത്തുമ്പോൾ മറ്റൊരു സംഘം ട്രിഡന്റ് ഹോട്ടലിൽ ആക്രമണം നടത്തി. ഗേറ്റ് കീപ്പർമാരെയും ഹോട്ടൽ ജീവനക്കാരെയും റിസപ്ഷനിസ്റ്റിനെയും വെടിവെച്ചുകൊന്നശേഷം രണ്ട് ഭീകരവാദികൾ ഹോട്ടൽ ലോബിയിൽ പ്രവേശിച്ചു. നിരവധി വിദേശ പൗരന്മാരെ ഇവർ ബന്ധികളാക്കി. നവംബർ 27ന് രാവിലെ ആറുമണിക്ക് എൻഎസ്ജി ഇവരെ മോചിപ്പിക്കാനുള്ള ഓപ്പറേഷൻ തുടങ്ങി. നവംബർ 28നാണ് ദൗത്യം അവസാനിച്ചത്. 143 ബന്ധികളെ രക്ഷപ്പെടുത്തി. 24 മൃതശരീരങ്ങളും കണ്ടെടുത്തു. രണ്ട് ഭീകരരെയും എൻഎസ്ജി കമാൻഡോകൾ കൊലപ്പെടുത്തി.
advertisement
-ചരിത്ര പ്രധാനമായ താജ് മഹൽ ഹോട്ടലില്‍ നിന്ന് കറുത്തപുക ഉയരുന്നതായിരുന്നു ഭീകരാക്രമണത്തിന്റെ പ്രതീകാത്മക ചിത്രമായി പിന്നീട് മാറിയത്. സായുധരായ നാലു ഭീകരരാണ് താജ് ഹോട്ടലിൽ ആക്രമണം നടത്തിയത്. ഏകദേശം 60 മണിക്കൂറോളം ഹോട്ടലിലുണ്ടായിരുന്നവരെ ഭീകരർ ബന്ധികളാക്കിവെച്ചു. അബ്ദുൾ റഹ്മാൻ ബാദ, അബു അലി, ഷൊയബ്, ഉമർ എന്നീ ഭീകരരെ രണ്ടരദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാ സേന വകവരുത്തി. മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർ വീരമൃത്യു വരിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2020 10:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
26/11 anniversary| മുംബൈ ഭീകരാക്രമണം: 12 വർഷം മുൻപുള്ള നവബംർ 26ന് രാത്രി സംഭവിച്ചതെന്ത്?