'500 കോടിയുടെ സ്യൂട്ട് കേസ്'; നവ്‌ജ്യോത് സിദ്ധുവിന്റെ ഭാര്യയെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു
- Published by:meera_57
- news18-malayalam
Last Updated:
500 കോടി രൂപയുടെ സ്യൂട്ട് കേസ് നല്‍കുന്നയാള്‍ മുഖ്യമന്ത്രിയാകും എന്നായിരുന്നു നവ്‌ജ്യോത് കൗര്‍ നടത്തിയ വിവാദ പരാമര്‍ശം
പഞ്ചാബ് മുന്‍ മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ (Navjot Singh Sidhu) ഭാര്യ നവ്‌ജ്യോത് കൗര്‍ സിദ്ദുവിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 500 കോടി രൂപയുടെ സ്യൂട്ട്‌കേസ് പരാമര്‍ശത്തിനു പിന്നാലെയാണ് നവ്‌ജ്യോത് കൗര്‍ സിദ്ദുവിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
500 കോടി രൂപയുടെ സ്യൂട്ട് കേസ് നല്‍കുന്നയാള്‍ മുഖ്യമന്ത്രിയാകും എന്നായിരുന്നു നവ്‌ജ്യോത് കൗര്‍ നടത്തിയ വിവാദ പരാമര്‍ശം. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണം നല്‍കിയെങ്കിലും പാര്‍ട്ടി നേതൃത്വത്തെ അനുനയിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ പരാമര്‍ശത്തെ ഗുരുതരവും വളരെയധികം ലജ്ജാകരവുമായാണ് പാര്‍ട്ടി വീക്ഷിച്ചത്.
പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയയുമായി ഡിസംബര്‍ 6-ന് നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് നവ്‌ജ്യോത് കൗര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഭര്‍ത്താവിന്റെ രാഷ്ട്രീയ പദ്ധതികളെ കുറിച്ച് ചോദിച്ചപ്പോള്‍ 2027-ലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ നാമനിര്‍ദ്ദേശം ചെയ്താല്‍ മാത്രമേ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയുള്ളൂവെന്ന് കൗര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ അവരുടെ കൈവശം 500 കോടി രൂപയില്ലെന്നും കൗര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
കോണ്‍ഗ്രസിനുള്ളിലെ വന്‍ അഴിമതിയുടെയും മണി ബാഗ് രാഷ്ട്രീയത്തിന്റെയും വെളിപ്പെടുത്തലായി ഈ പരാമര്‍ശം വ്യാപകമായി വാഖ്യാനിക്കപ്പെട്ടു. ഇത് പാര്‍ട്ടിയെ ഗുരുതരമായ ആരോപണ മുനമ്പിലേക്ക് തള്ളിവിടുകയും വിശദീകരണം നല്‍കാനാകാത്തവിധം പ്രതിരോധത്തിലാക്കുകയും ചെയ്തു.
ഇത് ബിജെപിക്കും ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനെതിരെ ആയുധമാക്കാനുള്ള പുതിയ വെടിമരുന്നായി. ബിജെപിയും ആം ആദ്മിയും ഇത് വലിയ തോതില്‍ ചര്‍ച്ചയാക്കുകയും ചെയ്തു. 500 കോടി രൂപയുടെ സ്യൂട്ട് കേസ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ളതാണോ എന്ന് ആം ആദ്മി നേതാക്കള്‍ ചോദിച്ചു. കോണ്‍ഗ്രസിനുള്ളിലെ അഴിമതിയുടെ തെളിവാണിതെന്ന് സുനില്‍ ജാഖര്‍, തരുണ്‍ ചുഗ് തുടങ്ങിയ ബിജെപി നേതാക്കള്‍ ആരോപിച്ചു.
advertisement
കോൺഗ്രസിനകത്തും പരാമർശം വിഷയം ചർച്ചയായി. സിദ്ദു കുടുംബം പാര്‍ട്ടി വിരുദ്ധ പെരുമാറ്റത്തില്‍ ഏര്‍പ്പെട്ടതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്ജീന്ദര്‍ രന്ധാവ വിമര്‍ശിച്ചു. പിന്നാലെയാണ് കോണ്‍ഗ്രസ് കൗറിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം, തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് കൗര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വിശദീകരണം നല്‍കി. കോണ്‍ഗ്രസ് ഒരിക്കലും തങ്ങളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ എഴുതി. മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരിക്കലും മറ്റൊരു പാര്‍ട്ടിക്കും ഞങ്ങള്‍ പണം നല്‍കില്ല എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ പറഞ്ഞു.
advertisement
പഞ്ചാബിലെ ആഭ്യന്തര വിയോജിപ്പുകളോട് മല്ലിടുന്ന കോണ്‍ഗ്രസ് 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വയം വരുത്തിവച്ച തിരിച്ചടിയായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 09, 2025 11:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'500 കോടിയുടെ സ്യൂട്ട് കേസ്'; നവ്‌ജ്യോത് സിദ്ധുവിന്റെ ഭാര്യയെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു


