മിസോറാമിന്റെ തലസ്ഥാനം ഇനി ഇന്ത്യൻ റയിൽവേ ഭൂപടത്തിൽ; ആദ്യത്തെ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

Last Updated:

രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷം ആദ്യമായാണ് ഐസ്‌വാളിനെ ഇന്ത്യന്‍ റെയില്‍വെയുമായി ബന്ധിപ്പിച്ച് പാത വരുന്നത്

News18
News18
മിസോറാമിന്റെ തലസ്ഥാനമായ ഐസ്‌വാളിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ റെയില്‍വെ പാത ഉദ്ഘാടനത്തിന് തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. തലമുറകള്‍ കാത്തിരുന്ന നിമിഷത്തിന് ഇനി ഏതാനും നാളുകള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ. രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷം ആദ്യമായാണ് ഐസ്‌വാളിനെ ഇന്ത്യന്‍ റെയില്‍വെയുമായി ബന്ധിപ്പിച്ച് പാത വരുന്നത്. 51.38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെയ്‌റാബി-സെയ്‌രാംഗ് റെയില്‍വേ പാത വടക്കുകിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് നിർമിക്കുന്നത്. പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
ബെയ്റാബി റെയില്‍വേ സ്‌റ്റേഷനാണ് ഇതുവരെ മിസോറാമിലേക്കുള്ള റെയില്‍വെ പാതയുടെ അവസാന സ്റ്റോപ്. പുതിയ പാത ഒരു സാധാരണ റെയില്‍വെ പാതയല്ലെന്ന് പദ്ധതിയുടെ ചീഫ് എഞ്ചിനീയറായ വിനോദ് കുമാര്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു. ''പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി 50 തുരങ്കങ്ങളും 150ലധികം പാലങ്ങളും ഞങ്ങള്‍ നിര്‍മിച്ചു. വനങ്ങളാല്‍ ചുറ്റപ്പെട്ടതും മറ്റ് പ്രധാന റോഡുകളില്‍ നിന്ന് വളരെ അകലെയുമാണ് ഇത്. നിര്‍മാണ സാമഗ്രികള്‍ ഇവിടെ എത്തിക്കുന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു,'' അദ്ദേഹം പറഞ്ഞു.
advertisement
കുന്നുകളിലൂടെയും മണ്ണിടിച്ചില്‍ മേഖലയിലൂടെയും തോരാത്ത മഴയിലൂടെയുമുള്ള റെയില്‍വെ പാത
വടക്കുകിഴക്കന്‍ മേഖലയിലെ ഭൂപ്രകൃതി അത്യന്തം ദുര്‍ഘടം പിടിച്ചതാണ്. ''മിസോറാമിലെ കനത്ത മഴയ്ക്ക് പുറമെ എട്ട് മാസം നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ മഴക്കാലം. പാത നിര്‍മിക്കുന്നതിന് വലിയ തടസ്സങ്ങള്‍ നേരിട്ടിരുന്നു. മണ്ണിടിച്ചില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാല്‍ രണ്ട് വര്‍ഷത്തോളം പണികള്‍ നീട്ടി വയ്‌ക്കേണ്ടി വന്നു. ഇതിന് ശേഷം സമീപനം മാറ്റുകയും നാല് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു,'' അദ്ദേഹം പറഞ്ഞു.
സ്ഥലപരിമിതിയാണ് മറ്റൊരു പ്രധാന പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''നിറയെ കുന്നുകള്‍ നിറഞ്ഞ പ്രദേശമാണിത്. പരന്ന ഭൂപ്രദേശം വളരെ കുറവായിരുന്നു. ഒരു വര്‍ഷത്തില്‍ കഷ്ടിച്ച് നാല് മുതല്‍ അഞ്ച് മാസം വരെ മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. അതിനാല്‍ ശൈത്യകാലത്തും ഞങ്ങള്‍ ജോലി ചെയ്തു. മഴ പെയ്യുമ്പോള്‍ ആഴ്ചകളോളം നിർമാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവയ്‌ക്കേണ്ടി വരും,'' വിനോദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
മിസോറാമില്‍ നിന്ന് ഏറ്റവും ചെലവ് കുറഞ്ഞതും സുരക്ഷിതവും വേഗമേറിയതുമായ യാത്ര
ഐസ്‌വാളിലേക്ക് പുതിയ റെയില്‍വെ പാത വരുന്നതോടുകൂടി മിസോറാം സ്വദേശികളുടെ യാത്രാ സമയവും ചെലവും ഗണ്യമായി കുറയുമെന്ന് കരുതുന്നു. ആസാമിലെ ഗുവാഹത്തിയില്‍ നിന്ന് ഐസ്‌വാളിലേക്ക് വാഹനമോടിച്ച് യാത്ര ചെയ്യാന്‍ നിലവില്‍ 18 മണിക്കൂര്‍ സമയമെടുക്കും. ''ട്രെയിന്‍ വരുന്നതോടു കൂടി ഈ യാത്രാ സമയം 12 മണിക്കൂറിന് താഴെയായി കുറയും,'' നോര്‍ത്ത് ഫ്രണ്ടിയര്‍ റെയില്‍വേസിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു.
450 രൂപയായിരിക്കും ഒരു വശത്തേക്കുള്ള യാത്രാ ചെലവ്. ഇത് വിമാന യാത്രയ്ക്കും റോഡ് മാര്‍ഗവുമുള്ള യാത്രയ്ക്കുമുള്ള ചെലവിനേക്കാള്‍ വളരെ കുറവാണ്. വിദ്യാര്‍ഥികള്‍ക്കും രോഗികളായവര്‍ക്കും വ്യാപാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇത് വളരെ ആശ്വാസകരമായിരിക്കും.
advertisement
ഭൂകമ്പമുണ്ടായാല്‍ അതിനെ നേരിടാനുള്ള സാങ്കേതികവിദ്യയും പാതനിർമാണത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മിസോറം ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇത് ഒരു പ്രധാന കാര്യമാണ്. സുരക്ഷയ്ക്കാണ് ഏറ്റവും പ്രധാന്യം നല്‍കിയതെന്ന് എഞ്ചിനീയര്‍മാര്‍ പറഞ്ഞു.
എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന ഈ റെയില്‍വേ പാതയ്ക്ക് തന്ത്രപരമായ പ്രധാന്യമുണ്ട്. ഇന്ത്യന്‍ ആര്‍മിക്കും ഇത് പ്രയോജനപ്പെടുത്താം. മ്യാന്‍മറുമായും ബംഗ്ലാദേശുമായും മിസോറാം അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇത് ദേശീയ സുരക്ഷയുടെയും നിയമവിരുദ്ധമായ അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ നിര്‍ണയമാക്കുന്നു.
''സൈന്യത്തിന് ഇപ്പോള്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് വേഗത്തില്‍ എത്തിച്ചേരാനാകും. സാധനങ്ങളും ഉപകരണങ്ങളും എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയും,'' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
മോശം ഗതാഗത സൗകര്യങ്ങള്‍ കാരണം വിനോദസഞ്ചാരികള്‍ക്ക് മിസോറാമിന്റെ പ്രകൃതിഭംഗി പൂര്‍ണമായും ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ തടസ്സവും പുതിയ റെയില്‍വെ പാത വരുന്നതോടെ മറികടക്കാന്‍ കഴിയും. ''ഇവിടുത്തെ വിനോദസഞ്ചാരം കുത്തനെ ഉയരുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഇവിടുത്തെ കുന്നുകളും വനങ്ങളും സന്ദര്‍ശിക്കാൻ ആളുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു,'' പ്രദേശവാസികള്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
മിസോറാമിന്റെ തലസ്ഥാനം ഇനി ഇന്ത്യൻ റയിൽവേ ഭൂപടത്തിൽ; ആദ്യത്തെ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
Next Article
advertisement
'കളിക്കളത്തിലും ഓപ്പറേഷൻ‌ സിന്ദൂർ; രണ്ടിലും ഇന്ത്യൻ വിജയം'; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ വൈറലായി പ്രധാനമന്ത്രിയുടെ വാക്കുകൾ
'കളിക്കളത്തിലും ഓപ്പറേഷൻ‌ സിന്ദൂർ; രണ്ടിലും ഇന്ത്യൻ വിജയം'; വൈറലായി പ്രധാനമന്ത്രിയുടെ വാക്കുകൾ
  • ഇന്ത്യ ഏഷ്യാ കപ്പ് 2025 ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

  • പ്രധാനമന്ത്രി മോദി വിജയത്തെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന് വിശേഷിപ്പിച്ച് അഭിനന്ദനം അറിയിച്ചു.

  • തിലക് വർമ്മയുടെ 69 റൺസും റിങ്കു സിംഗിന്റെ ബൗണ്ടറിയും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

View All
advertisement