മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിലെ 290 കിലോമീറ്ററിനിടയിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം നിവാർ കരയിൽ കടക്കുമെന്നാണു പ്രവചനം. കരയിൽ തൊടുന്ന കൃത്യമായ സ്ഥലം ഇന്ന് വൈകിട്ടോടെ അറിയാനാകും. 100-110 കിലോ മീറ്ററായിരിക്കും കരയിൽ തൊടുമ്പോൾ കാറ്റിന്റെ വേഗം. ചിലയിടങ്ങളിൽ ഇതു 120 കി.മീ.വരെയാകാം. ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കായി ചെന്നൈയിൽ നിന്ന് 7 കിലോ മീറ്റർ അകലെ 21നാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇന്നലെ രാത്രിയിൽ ഇത് ചെന്നൈയ്ക്കു 490 കിലോ മീറ്റർ അകലെയെത്തി. നിലവിൽ മണിക്കൂറിൽ 18 കിലോ മീറ്ററാണു വേഗം. ഇന്ന് ഉച്ചയോടെ ഇതു ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ഇതോടെ, വേഗം 50-65 കിലോമീറ്ററാകും. ഇറാനാണ് നിവാർ എന്ന പേരു നൽകിയത്.
തമിഴ്നാട്ടിൽ 7 ജില്ലകളിലെ തീരപ്രദേശങ്ങളിൽ നിവാർ നാശം വിതയ്ക്കുമെന്നാണ് ആശങ്ക. കടലൂർ, തഞ്ചാവൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂർ, വിഴുപുറം ജില്ലകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നാണ് പ്രവചനം. അരിയാലൂർ, പെരമ്പലൂർ, കള്ളക്കുറിച്ചി, പുതുച്ചേരി, തിരുവണ്ണാമല പ്രദേശങ്ങളെയും ബാധിക്കും.
ട്രെയിനുകൾ റദ്ദാക്കിചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനുകൾ രണ്ട് ദിവസത്തേയ്ക്കു റദ്ദാക്കി. ട്രെയിനുകൾ ഇവ-
1. എഗ്മൂർ -തഞ്ചാവൂർ സ്പെഷൽ
2. എഗ്മൂർ -തിരുച്ചിറപ്പള്ളി സ്പെഷൽ
3. മൈസുരു-മയിലാടുതുറ ട്രെയിൻ (മയിലാടുതുറയ്ക്കും തിരിച്ചുറപ്പള്ളിക്കുമിടയിൽ)
4. കാരയ്ക്കൽ- എറണാകുളം പ്രതിവാര ട്രെയിൻ (കാരയ്ക്കലിനും തിരുച്ചിറപ്പള്ളിക്കുമിടയിൽ)
5. കോയമ്പത്തൂർ -മയിലാടുതുറ ട്രെയിൻ (മയിലാടു തുറയ്ക്കും തിരുച്ചിറപ്പള്ളിക്കുമിടയിൽ)
6. പുതുച്ചേരി-ഭുവനേശ്വർ എക്സ്പ്രസ് (എഗ്മൂറിനും പുതുച്ചേരിക്കുമിടയിൽ)
7. പുതുച്ചേരി-ഹൗറ സൂപ്പർ ഫാസ്റ്റ് (വിഴുപുറത്തിനും പുതുച്ചേരിക്കുമിടയിൽ)
ബസ് സർവീസുകൾ നിർത്തുംഏഴ് ജില്ലകളിൽ ഇന്നു ഉച്ച മുതൽ മറ്റന്നാൾ രാവിലെവരെ ബസ് ഗതാഗതം നിരോധിച്ചു. കടലൂർ, തഞ്ചാവൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂർ, വിഴുപുറം ജില്ലകളിലാണു നിരോധനം.
ഏഴു ജില്ലകളിൽ ഇന്നും നാളെയും ജനം പുറത്തിറങ്ങുന്നത് പരമാവധി കുറക്കണമെന്നാണ് നിർദേശം. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. പുനരധിവാസ കേന്ദ്രങ്ങളായി മാറ്റുന്നതിന് സ്കൂളുകളുടെ താക്കോൽ കൈമാറുന്നതിന് ജില്ലാ കളക്ടർമാർ നിർദേശം നൽകി. നിവാർ ബാധിക്കാൻ സാധ്യതയുള്ള ജില്ലകളിലേക്കു കൂടുതൽ ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചിട്ടുണ്ട്. ജലസംഭരണികളിലെ ജലത്തിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കാനും നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഏഴ് ജില്ലകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും. റേഷൻ കാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയിൽ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. കടലൂർ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. 26 വരെ മത്സ്യബന്ധനത്തിന് കടലിൽ പോകുന്നതിനും വിലക്കുണ്ട്. 18 അടി വരെ ഉയരത്തിൽ തിരയടിക്കാമെന്നാണ് മുന്നറിയിപ്പ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ
ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
First Published :November 24, 2020 12:03 PM IST