ന്യൂഡൽഹി: വാതുവെപ്പ്, ചൂതാട്ട പരസ്യങ്ങൾ വേണ്ടെന്ന് മാധ്യമങ്ങൾക്ക് മുന്നറിയിപ്പുനൽകി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, ഓൺലൈൻ വാർത്താമാധ്യങ്ങൾ എന്നിവയടക്കം മുഴുവൻ മാധ്യമങ്ങൾക്കുമാണ് മുന്നറിയിപ്പ് . വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണെന്നും അതിനാൽ ഇത്തരംപ്രവർത്തനങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള പരസ്യങ്ങൾ 2019-ലെ ഉപഭോക്തൃസംരക്ഷണനിയമം, 1978-ലെ പ്രസ് കൗൺസിൽ ആക്ട്, 2021-ലെ ഐ.ടി. നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് അറിയിപ്പ്.
അടുത്തിടെ പത്രങ്ങളിലടക്കം ഇത്തരത്തിൽവന്ന പരസ്യങ്ങൾ മന്ത്രാലയം അറിയിപ്പിനൊപ്പം പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1867-ലെ പി.ആർ.ബി. നിയമത്തിലെ ഏഴാംവകുപ്പുപ്രകാരം പത്രങ്ങളും ആനുകാലികങ്ങളും ധാർമികവും നിയമപരവുമായ വസ്തുതകൾ പരിശോധിച്ചശേഷമേ പരസ്യമടക്കമുള്ള എല്ലാഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കാവൂ. വരുമാനം ഉണ്ടാക്കുക എന്നതുമാത്രമാണ് മാധ്യമങ്ങളുടെ ഒരേയൊരു ലക്ഷ്യം എന്ന രീതിയിലേക്കുമാറരുതെന്നും മന്ത്രാലയം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Central government, Different advertisement, Online rummy