കരാർ അല്ലെങ്കിൽ കോർപ്പറേറ്റ് കൃഷിയിൽ പ്രവേശിക്കാൻ പദ്ധതിയില്ലെന്നും കർഷകരെ ശാക്തീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) അറിയിച്ചു. കോർപ്പറേറ്റ് അല്ലെങ്കിൽ കരാർ കൃഷിക്കായി ഒരിക്കലും കാർഷിക ഭൂമി വാങ്ങിയിട്ടില്ലെന്നും ഇനി വാങ്ങാൻ പദ്ധതിയില്ലെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
തങ്ങളുടെ സബ്സിഡിയറിയായ റിലയൻസ് റീട്ടെയിൽ കർഷകരിൽ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നില്ലെന്ന് ആർഐഎൽ പറഞ്ഞു. “സർക്കാർ നിശ്ചയിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന താങ്ങുവില (എംഎസ്‌പി) സംവിധാനം, അല്ലെങ്കിൽ കാർഷികോൽപ്പന്നങ്ങളുടെ ലാഭകരമായ പ്രതിഫല വിലയ്‌ക്കുള്ള മറ്റേതെങ്കിലും സംവിധാനം എന്നിവ കർശനമായി പാലിക്കാൻ ഞങ്ങൾ ഞങ്ങളുടെ വിതരണക്കാരോട് നിർബന്ധം പിടിക്കും” -റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു.
Also Read- പ്രതിഷേധങ്ങളുടെ പേരിൽ മഹത്തായ വ്യവസായ സ്ഥാപനങ്ങളും ആസ്തികളും തകർത്താൽ ഇന്ത്യക്ക് വളരാൻ കഴിയുമോ?
കർഷകരിൽ നിന്ന് അന്യായമായ നേട്ടം നേടുന്നതിനായി ഒരിക്കലും ദീർഘകാല സംഭരണ കരാറുകളിൽ കമ്പനി ഏർപ്പെട്ടിട്ടില്ലെന്നും വിതരണക്കാർ ന്യായമായ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്ന് വാങ്ങാൻ ശ്രമിച്ചിട്ടില്ലെന്നും അത് ഒരിക്കലും ചെയ്യില്ലെന്നും കമ്പനി പറഞ്ഞു.
കാർഷിക ഉൽപ്പന്നങ്ങൾക്കും ചരക്കുകൾക്കുമായി വിപണി ഉദാരവൽക്കരിക്കാൻ ശ്രമിക്കുന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ സമീപ ദിനങ്ങളിൽ 500 ഓളം മൊബൈൽ ടവറുകളും ടെലികോം ഉത്പന്നങ്ങളും പഞ്ചാബിൽ നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
Also Read- കർഷക പ്രതിഷേധത്തിനിടെ ടെലികോം ടവറുകൾ തകർക്കലും ചൈനയുടെ 5G പദ്ധതികളും
ടവറുകൾ നശിപ്പിച്ചതിനെതിരെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിട്ടുണ്ട്. തങ്ങളുടെ ജീവനക്കാരെയും സ്വത്തുക്കളെയും നശീകരണ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ചില നിക്ഷിപ്ത താൽപ്പര്യക്കാരും ബിസിനസ്സ് എതിരാളികളുമാണ് അക്രമത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു.
നവംബറിൽ ചില കർഷകർ പഞ്ചാബിന്റെ ചില ഭാഗങ്ങളിലുള്ള റിലയൻസ് ഫ്രഷ് സ്റ്റോറുകൾ അടപ്പിച്ചിരുന്നു. പുതിയ നിയമങ്ങൾ കോർപ്പറേറ്റ് ചൂഷണത്തിന് വഴിയൊരുക്കുമെന്നും അവരുടെ സ്ഥാപനങ്ങൾ വൻകിട സ്ഥാപനങ്ങൾ തട്ടിയെടുക്കുമെന്നും ചില കർഷകർ ഭയപ്പെടുന്നു.
Also Read- വൻകിട വ്യവസായങ്ങളോടുളള ശത്രുത അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു
നവംബർ 26 മുതൽ ആയിരക്കണക്കിന് കർഷകർ, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവർ ഡൽഹി അതിർത്തിയിൽ സമരം തുടരുകയാണ്. മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും പിൻവലിക്കണമെന്നും എംഎസ്പി സമ്പ്രദായം ഇല്ലാതാക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
കേന്ദ്രസർക്കാരും കർഷക യൂണിയൻ നേതാക്കളും തമ്മിലുള്ള ഒന്നിലധികം ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു. പുതിയ കാർഷിക പരിഷ്കരണ നിയമങ്ങൾ താങ്ങുവില സംവിധാനത്തെയും കോർപ്പറേറ്റ് കൃഷിയെയും തകർക്കുമെന്ന് പ്രതിഷേധിക്കുന്ന കർഷകർ ഭയപ്പെടുന്നു. എന്നാൽ, ഈ പരിഷ്കാരങ്ങൾ കർഷകർക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ അഭിപ്രായപ്പെടുന്നത്.
Also Read- കർഷക സമരം 'കൃത്രിമ പ്രതിഷേധം' ആയി മാറുന്നത് എന്തുകൊണ്ട്?
കേന്ദ്ര സർക്കാരും കർഷക യൂണിയനുകളും ജനുവരി 4ന് അടുത്ത ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി നിയമവും വിളപ്പെടുപ്പിന് ശേഷം കളകൾ കത്തിക്കുന്നതും സംബന്ധിച്ച വിഷയങ്ങളിൽ കേന്ദ്രവും കർഷക യൂണിയനുകളും സമവായത്തിലെത്തിയെങ്കിലും താങ്ങുവിലയുമായി ബന്ധപ്പെട്ട നിയമപരമായ ഉറപ്പു നൽകൽ, കാർഷിക നിയമങ്ങൾ പിൻവലിക്കൽ എന്നിവയിൽ യോജിപ്പിലെത്തിയിരുന്നില്ല.
Disclosure: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Farm Laws, Farmers protest, Reliance, Reliance Industries