ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപച്ചടങ്ങുകൾക്ക് തുടക്കം; ഇനി വേദമന്ത്രോച്ചാരണത്തിൽ മുഖരിതമായ 56 രാപകലുകൾ
- Published by:Rajesh V
- news18-malayalam
Last Updated:
281 വർഷം മുമ്പ് തിരുവിതാംകൂർ മഹാരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തുടങ്ങിവച്ചതാണ് ഈ ചടങ്ങ്
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപച്ചടങ്ങുകൾ നവംബർ 20 പുലർച്ചെ ഗണപതി ഹോമത്തോടെ ആരംഭിക്കും. 4 മുതൽ 5 വരെ നടത്തുന്ന വേദ മന്ത്ര പാരായണത്തോടെയാണു മുറജപം തുടങ്ങുക. ജപത്തിന് മുന്നോടിയായി ക്ഷേത്രത്തിന്റെ 4 നടകളിലും വേദ മണ്ഡപങ്ങൾ സജ്ജമാക്കും. പടിഞ്ഞാറേ മഠം പുഷ്പാഞ്ജലി സ്വാമി ഒറവങ്കര അച്യുത ഭാരതി നവംബർ 19 വൈകിട്ട് നാലരയ്ക്ക് ദീപം തെളിക്കും.
എന്താണ് മുറജപം ?
എട്ട് ദിവസം വീതമുള്ള 7 മുറകളിലായി 56 ദിവസം നീണ്ടു നിൽക്കുന്നതാണ് മുറജപ ചടങ്ങുകൾ. വേദജപം, മന്ത്രജപം, സഹസ്രനാമജപം, ജലജപം എന്നിങ്ങനെയുള്ള ഉപാസനകളാണ് മുറപോലെ നടക്കുന്നത്. അതുകൊണ്ടാണ് ചടങ്ങിനെ മുറജപം എന്നുപറയുന്നത്. രാജ്യഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്.
എന്ന് തുടങ്ങി ? ആര് തുടങ്ങി?
തിരുവിതാംകൂർ രാജ്യത്തിൽ ആറു വർഷത്തിൽ ഒരിക്കൽ ശ്രീ പത്മനാഭ സ്വാമി പ്രീതിക്കായി നടത്തിവന്നിരുന്ന ഒരു യാഗമാണ് മുറജപം. രാജ്യ ഭരണത്തിൽ മനഃപൂർവല്ലാതെ സംഭവിച്ച പിഴവുകൾക്ക് പരിഹാരമായി തിരുവിതാംകൂർ രാജവംശമാണ് മുറ ജപച്ചടങ്ങുകൾ തുടങ്ങിയത്. 1744 ജൂലൈ 5 ന് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങിവച്ചതാണ് ഈ ചടങ്ങ്.
advertisement
ആരൊക്കെ പങ്കെടുക്കുന്നു ?
ഇതിന്റെ കാർമ്മികത്വത്തിലേക്കായി കേരളത്തിലെ പ്രശസ്തരായ ഓത്തന്മാർ (വേദ പാണ്‌ഡ്യത്യമുള്ള ബ്രാഹ്മണന്മാർ) ഒത്തു ചേരുന്നു. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ, തിരുനാവായ വാധ്യാൻ, തൃശൂർ വാധ്യാൻ, കൈമുക്ക് വൈദികൻ, പന്തൽ വൈദികൻ, കപ്ലിങ്ങാട്, ചെറുമുക്ക് വൈദികർ എന്നിവർ ജപത്തിന് എത്തും. ശൃംഗേരി, ഉഡുപ്പി, ഉത്രാദി മഠം, കാഞ്ചീപുരം എന്നീ മഠങ്ങളിൽ നിന്നുള്ള സന്യാസിമാർക്ക് പുറമേ ഹൈദരാബാദിലുള്ള ചിന്നജീയർ സ്വാമികളും ജപത്തിൽ പങ്കെടുക്കും. താന്ത്രിക പൂജകൾ തരണനല്ലൂർ നമ്പൂതിരിമാരാണ് നിർവഹിക്കുക. 56 ദിവസം നീണ്ടു നിൽക്കുന്ന മുറജപം സഹസ്ര നാമങ്ങളും ജലജപങ്ങളും വേദ മന്ത്രങ്ങളും കൊണ്ട് മുഖരിതമായിരിക്കും.
advertisement
എന്താ സമയക്രമം ?
രാവിലെ ആറര മുതൽ എട്ടര വരെയും 9 മുതൽ 11 വരെയുമാണ് വേദ മന്ത്ര ജപവും സഹസ്രനാമ ജപവും നടത്തുക. പത്മതീർഥ കരയിൽ വൈകിട്ട് 6 മുതൽ 7 വരെ ജല ജപം. ഓരോ മുറയും അവസാനിക്കുന്ന എട്ടാം ദിവസം രാത്രി 8.30 ന് മുറ ശീവേലി നടത്തും. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമ വർമ അകമ്പടി സേവിക്കും. ജപം കഴിഞ്ഞ് എട്ടരയോഗം പോറ്റിമാർ ജപക്കാർക്ക് ദക്ഷിണ നൽകും.
advertisement
ഇക്കുറി എന്താ പ്രത്യേകത ?
ഋക്, യജുർ, സാമ വേദങ്ങൾക്ക് പുറമേ ഇക്കുറി അഥർവ വേദവും ജപിക്കും.
എന്തൊക്കെ ചടങ്ങുകൾ
27 ന് നടത്തുന്ന ആദ്യ മുറ ശീവേലി അനന്ത വാഹനത്തിലാണ്. അടുത്ത മാസം 5ന് നടത്തുന്ന രണ്ടാം മുറ ശീവേലി കമല വാഹനത്തിലും 13ന് ഇന്ദ്ര വാഹനത്തിലും 21ന് പള്ളി നിലാവ് വാഹനത്തിലും 29ന് ഇന്ദ്ര വാഹനത്തിലും ജനുവരി ആറിന് പള്ളി നിലാവ് വാഹനത്തിലുമാണ് നടത്തുക. ലക്ഷദീപച്ചടങ്ങ് നടത്തുന്ന ജനുവരി 14ന് മകര ശീവേലി നടത്തും. ശ്രീ ബലിപ്പുരയിൽ വൈകിട്ട് 4 മുതൽ 6 വരെ പൊതു സഹസ്ര നാമ ജപം നടത്താൻ അവസരമുണ്ടാകും.
advertisement
വന്ദേപത്മനാഭം
നവംബർ 20 മുതൽ ജനുവരി 10 വരെ വൈകിട്ട് 5 മുതൽ രാത്രി 9 വരെ കിഴക്കേ നടയിലും വടക്കേ നടയിലും കലാപരിപാടികൾ അരങ്ങേറും. വന്ദേ പത്മനാഭം എന്ന പേരിൽ നടത്തുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നവംബര്‍ 20 വൈകിട്ട് 6 ന് തെന്നിന്ത്യൻ സിനിമാ താരം റാണ ദഗുബതി നിർവഹിക്കും. ജനുവരി 13 മുതൽ 16 വരെ പത്മ തീർഥം, കിഴക്കേ ഗോപുരം, ശീവേലിപ്പുര, ഉപ ദേവന്മാരുടെ ക്ഷേത്രങ്ങൾ, മൂന്ന് ഗോപുരങ്ങൾ, നാല് നടകളിലെ റോഡുകൾ എന്നിവിടങ്ങളിൽ ദീപാലങ്കാരം ഉണ്ടാകും.
advertisement
മറ്റു വിശേഷങ്ങൾ എന്തെല്ലാം ?
ഡിസംബർ 27 മുതൽ ജനുവരി 7 വരെ 12 ദിവസം നീളുന്ന പ്രത്യേക കളഭാഭിഷേകം നടത്തും. മാർകഴി കളഭം ജനുവരി 8 മുതൽ 14 വരെ നടത്തും. ഉത്തരായന സംക്രാന്തിയും മകരശീവേലിയും ലക്ഷദീപവും ജനുവരി 14 നാണ്. ലക്ഷദീപത്തിന്‍റെ ഭാഗമാകാന്‍ ഭക്തര്‍ക്ക് ഏകദീപാര്‍ച്ചനയും ഒരുക്കിയിട്ടുണ്ട്. ജനുവരി 13ന് ലക്ഷദീപത്തിന്റെ ട്രയൽ നടത്തും. 15നും 16നും ദീപാലങ്കാരം ദർശിക്കാൻ ഭക്തർക്ക് അവസരമൊരുക്കും.
20 മുതല്‍ 48 ദിവസം പത്മ തീര്‍ഥക്കുളത്തില്‍ വൈദ്യുത ദീപാലങ്കാരം ഉണ്ടായിരിക്കും. ജനുവരി 13 മുതല്‍ 16 വരെ പത്മ തീര്‍ഥക്കുളം, കിഴക്കേഗോപുരം, ശീവേലിപ്പുര, ഉപദേവന്മാരുടെ ക്ഷേത്രങ്ങള്‍, മൂന്ന് ഗോപുരങ്ങള്‍, നാല് നടകളിലെ റോഡുകള്‍ എന്നിവിടങ്ങളില്‍ ദീപാലങ്കാരം ഉണ്ടായിരിക്കും.
advertisement
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ദർശനസമയത്തിൽ മാറ്റമുണ്ടോ ?
മുറജപവുമായി ബന്ധപ്പെട്ട് ദർശനസമയങ്ങളിൽ മാറ്റമില്ല.
ക്ഷേത്രത്തിനുള്ളിൽ കടക്കാൻ കഴിയാത്തവർക്ക് ലക്ഷദീപ ചടങ്ങുകൾ ദർശിക്കാൻ ക്ഷേത്രത്തിന് പുറത്ത് എൽഇഡി വാൾ സ്ഥാപിക്കുമെന്നും പണ്ഡിതരെ ആചാരപരമായി സ്വീകരിക്കുന്നതിനും താമസം, ഭക്ഷണം എന്നിവയ്ക്കുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഭരണ സമിതി അംഗങ്ങളായ ആദിത്യ വർമ, കരമന ജയൻ, എം വേലപ്പൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ് എന്നിവർ അറിയിച്ചു.
Summary: Murajapam 281 year old ritual 56-day event once in six years involving Vedic chanting and traditional ceremonies at Sree Padmanabhaswamy Temple, commences on November 20
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 19, 2025 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപച്ചടങ്ങുകൾക്ക് തുടക്കം; ഇനി വേദമന്ത്രോച്ചാരണത്തിൽ മുഖരിതമായ 56 രാപകലുകൾ


