വിദേശിയുടെ മുടി വെട്ടി; ബാർബർക്ക് കിട്ടിയത് 28,000 രൂപ
Last Updated:
അഹമ്മദാബാദിലെ ഈ വഴിയോര ബാർബറിന് വിദേശിയായാലും സ്വദേശിയായാലും മുടി വെട്ടുന്നതിന് 20 രൂപയാണ്. അതിന് ഒരു മാറ്റവുമില്ല.
അഹമ്മദാബാദ്: സായിപ്പിനെ കാണുമ്പോൾ സാധനങ്ങളുടെ വില കൂടുന്നത് നമ്മുടെ നാട്ടിൽ പതിവാണ്. എന്നാൽ, എല്ലാവരും ആ പതിവുകൾ പാലിക്കണമെന്ന് ഒരു നിർബന്ധവുമില്ല. സായിപ്പിനെ കാണുമ്പോൾ രണ്ട് പുത്തൻ അധികം അടിച്ചെടുക്കാമെന്ന് കരുതാത്തവരും ഉണ്ട്. അഹമ്മദാബാദിലെ ഈ വഴിയോര ബാർബറിന് വിദേശിയായാലും സ്വദേശിയായാലും മുടി വെട്ടുന്നതിന് 20 രൂപയാണ്. അതിന് ഒരു മാറ്റവുമില്ല.
നോർവേയിൽ നിന്നുള്ള യുട്യൂബ് ട്രാവൽ വ്ളോഗർ ഹാരോൾഡ് ബാൽഡർ തന്‍റെ വ്ളോഗ് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ചുറ്റി നടക്കുന്നതിനിടയിലാണ് വഴിയരികിലെ ആ ഓപ്പൺ എയർ ബാർബർ ഷോപ്പ് കണ്ടത്. നേരെ അങ്ങോട്ട് വെച്ചു പിടിപ്പിച്ചു. ഷൂട്ടു ചെയ്യുന്നതിന് ബാർബറോട് അനുവാദം ചോദിക്കുകയും ചെയ്തു. തുടർന്ന് മുടി വെട്ടാൻ ആവശ്യപ്പെട്ടു. മുടി വെട്ടി കഴിഞ്ഞപ്പോൾ പ്രതിഫലം എത്ര രൂപയായി എന്ന് ചോദിച്ചപ്പോൾ 20 രൂപയെന്ന് ബാർബറിന്‍റെ ശാന്തമായ മറുപടി. 20 രൂപ കൊടുക്കുകയും ചെയ്തു.
advertisement

പക്ഷേ, അങ്ങേയറ്റം സത്യസന്ധനായ ആ ബാർബറിനെ അങ്ങനെയങ്ങ് ഉപേക്ഷിച്ച് പോകാൻ ഹാരോൾഡിനായില്ല. ബാർബറുമായി ഒന്ന് സംസാരിക്കാനും വിശേഷങ്ങൾ അറിയാനും ശ്രമിച്ചെങ്കിലും ഭാഷ തടസമായി.

പക്ഷേ, അതിലെ കടന്നുപോകുകയായിരുന്ന ആൾ പരിഭാഷകനായി എത്തിയതോടെ കഥ മാറി. ബാർബറോട് വീട്ടിലെ വിശേഷങ്ങൾ ഹാരോൾഡ് തിരക്കി. പരിഭാഷകൻ വഴി രണ്ടു മക്കളുണ്ടെന്നും വർഷങ്ങളായി ഈ കട നടത്തുകയാണെന്നും ദിവസം 20 കസ്റ്റമർ ഒക്കെ എത്താറുണ്ടെന്നും ബാർബർ മറുപടി നൽകി. സത്യസന്ധനായ ബാർബറിന് അപ്പോൾ തന്നെ 28, 000 രൂപയാണ് പോക്കറ്റിൽ നിന്നെടുത്ത് ഹാരോൾഡി നൽകിയത്. കട നന്നാക്കാനും കടയിലേക്ക് പുതിയ സാധനങ്ങൾ വാങ്ങാനുമൊക്കെയാണെന്ന് പറഞ്ഞാണ് ഹാരോൾഡ് തുക കൈമാറിയത്.
advertisement

ഏതായാലും കൈ നിറയെ കാശു തന്ന ഹാരോൾഡിനെ ബാർബർ വെറുതെ പറഞ്ഞയച്ചില്ല. അടുത്തുള്ള ചായക്കടയിൽ പോയി ചായ വാങ്ങി നൽകിയാണ് നമ്മുടെ വ്ളോഗറെ യാത്രയാക്കിയത്. യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന ഇത്തരത്തിലുള്ള ആളുകളെ സഹായിക്കാനാണ് തന്‍റെ തീരുമാനമെന്നും ഹാരോൾഡ് വീഡിയോയിൽ വ്യക്തമാക്കുന്നു. യുട്യൂബ് ചാനൽ വഴി ലഭിക്കുന്ന വരുമാനം ഇതിനായി മാറ്റി വെയ്ക്കാനാണ് തീരുമാനം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 13, 2019 7:34 PM IST









