LPG; വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രിത അനുമതി: ഗുണഭോക്താക്കളെ സംസ്ഥാനങ്ങൾ തീരുമാനിക്കണമെന്ന് കേന്ദ്രം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിതരണം മുടങ്ങുമെന്ന ഭീതിയിൽ ആളുകൾ കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതാണ് തിരക്കിന് കാരണം
ഡൽഹി: ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം എൽപിജി ഇറക്കുമതി പ്രതിസന്ധിയിലായ പശ്ചാത്തലത്തിൽ, നിയന്ത്രണങ്ങളോടെ വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യ സിലിണ്ടറുകൾ ആവശ്യമായ സ്ഥാപനങ്ങളുടെ പട്ടിക എണ്ണ കമ്പനികൾ വഴി സംസ്ഥാന സർക്കാരുകൾ തയ്യാറാക്കേണ്ടതുണ്ട്. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരത്തെ തന്നെ മുൻഗണന നൽകിയിട്ടുണ്ട്. മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങൾ നൽകുന്ന മുൻഗണനാ പട്ടിക അനുസരിച്ചായിരിക്കും വിതരണം നടക്കുക. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും ഒഴിവാക്കാനാണ് ഈ അധികാരം സംസ്ഥാനങ്ങൾക്ക് കൈമാറുന്നത്.
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ 90 ശതമാനവും എത്തുന്നത് യുദ്ധം കാരണം അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ്. കഴിഞ്ഞ 13 ദിവസമായി ഈ ജലപാത തടസ്സപ്പെട്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണെങ്കിലും ഗാർഹിക ആവശ്യത്തിനുള്ള ഇന്ധന ലഭ്യത ഉറപ്പാക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നിലവിൽ രാജ്യത്ത് എൽപിജി വിതരണത്തിൽ തടസ്സമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വിതരണം മുടങ്ങുമെന്ന ഭീതിയിൽ ആളുകൾ കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതാണ് തിരക്കിന് കാരണം. പ്രതിദിനം 50 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്നും ഇന്ധനം പാഴാക്കാതെ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
advertisement
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതോടെ ബദൽ മാർഗ്ഗങ്ങളായി റിഫൈനറികളിലെ എൽപിജി ഉത്പാദനം 28 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങൾക്ക് പകരം അമേരിക്ക, നോർവേ, കാനഡ, റഷ്യ, അൾജീരിയ എന്നിവിടങ്ങളിൽ നിന്ന് എൽപിജി എത്തിക്കാൻ നടപടി തുടങ്ങി. ഇന്ത്യയുടെ ഊർജ്ജ മേഖല സുരക്ഷിതമാണെന്നും പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയവയ്ക്ക് നിലവിൽ ക്ഷാമമില്ലെന്നും എണ്ണ മന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്റിൽ ഉറപ്പ് നൽകി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 13, 2026 7:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
LPG; വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രിത അനുമതി: ഗുണഭോക്താക്കളെ സംസ്ഥാനങ്ങൾ തീരുമാനിക്കണമെന്ന് കേന്ദ്രം









