കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സഹായിയും മുൻ ഐപിഎസ് ഓഫീസറുമായിരുന്ന ഭാരതി ഘോഷ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു അവർ ബിജെപിയിൽ ചേർന്നത്. പണത്തട്ടിപ്പ് കേസിൽ സിഐഡി അന്വേഷണം നേരിടുന്നയാളാണ് ഭാരതിഘോഷ്. ഭർത്താവ് രാജു സിഐഡിയുടെ കസ്റ്റഡിയിലാണ്. ബിജെപി നേതാക്കളായ കൈലാഷ് വിജയ് വർഗിയയും മുകുൾ റോയിയും പങ്കെടുത്ത ചടങ്ങിലാണ് അവർ ബിജെപിയിൽ ചേർന്നത്. 'ബംഗാളിലെ ബിജെപി കുടുംബം വളരുകയാണ്. മുൻ ഐപിഎസ് ഓഫീസർ ഭാരതി ഘോഷിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു'- ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ ട്വീറ്റ് ചെയ്തു.
തട്ടിപ്പുകേസിൽ ഒളിവിലുള്ള പ്രതി എന്ന് ചൂണ്ടിക്കാട്ടി പശ്ചിമ മിഡ്നാപൂരിലെ കോടതിയിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഘോഷിനെ കൂടാതെ മുൻ ബോഡി ഗാർഡായിരുന്ന സുജിത് മോൺഡാലും പിടികിട്ടാപ്പുള്ളിയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. തൃണമൂലിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊടുത്തിരുന്നപ്പോള്‍ അവർ തന്നെ സത്യസന്ധയായ പൊലീസുദ്യോഗസ്ഥയായി കണ്ടുവെന്നും തനിക്കു ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറയാന്‍ തുടങ്ങിയതോടെ തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയതായും ഭാരതി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
'2017ലെ സബാംഗ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുകളില്‍ കാര്യമായ കുറവു വരുത്താന്‍ പ്രവര്‍ത്തിക്കണെമന്ന് തൃണമൂലിലെ പ്രമുഖന്‍ ആവശ്യപ്പെട്ടു. ഞാൻ അതിനായി ഒന്നും തന്നെ ചെയ്തില്ല. ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ വര്‍ദ്ധിക്കുകയും പാര്‍ട്ടി വിശദീകരണമാവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് എന്നെ സ്ഥലം മാറ്റിയത്’ ഭാരതി മുൻപ് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെയുള്ള തട്ടിപ്പ് കേസ് കെട്ടിച്ചമച്ചതാണെന്നും ഭാരതി ആരോപിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.