ഊട്ടിയിൽ ഇനി പ്ലാസ്റ്റിക് കുപ്പി ഇല്ല;10 രൂപയ്ക്ക് ചൂടുവെള്ളം നൽകുന്ന 'വാട്ടർ എടിഎമ്മുകൾ' റെഡി
- Published by:Sneha Reghu
- news18-malayalam
Last Updated:
രാജ്യമെമ്പാടും നടപ്പിലാക്കേണ്ട ഒന്നാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു
പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി വിപ്ലവകരമായ ഒരു ചുവടുവെപ്പുമായി വിനോദസഞ്ചാര കേന്ദ്രമായ ഊട്ടി. ഊട്ടി ഉൾപ്പെടുന്ന നീലഗിരി ജില്ലാ ഭരണകൂടം സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി 'വാട്ടർ എടിഎമ്മുകൾ' സ്ഥാപിച്ചിരിക്കുകയാണ്.
വെറും 10 രൂപ നൽകിയാൽ സഞ്ചാരികൾക്ക് തങ്ങളുടെ കുപ്പികളിൽ ഒരു ലിറ്റർ ശുദ്ധമായ ചൂടുവെള്ളം നിറയ്ക്കാനാകും. ഊട്ടിയിലെ തണുത്ത കാലാവസ്ഥയിൽ ഇത് സഞ്ചാരികൾക്ക് വലിയ ആശ്വാസമാണ്. വിനോദസഞ്ചാരികൾ പ്ലാസ്റ്റിക് കുപ്പികൾ വാങ്ങുന്നത് കുറയ്ക്കാനും അതുവഴി പരിസ്ഥിതി സംരക്ഷിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. യുപിഐ വഴിയോ നേരിട്ട് പണം നൽകിയോ വെള്ളം ശേഖരിക്കാം. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഇത്തരം എടിഎമ്മുകൾ സ്ഥാപിക്കാനാണ് നീക്കം
ഊട്ടിയിലെ വാട്ടർ എടിഎമ്മുകളുടെ പ്രവർത്തനം നേരിട്ട് കാട്ടിത്തരുന്ന ഒരു യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലായതോടെയാണ് ഈ സജ്ജീകരണം വാർത്തകളിൽ ഇടംപിടിച്ചത്. പ്ലാസ്റ്റിക് കുപ്പികൾക്ക് പകരമായി എങ്ങനെ ലളിതമായി കുടിവെള്ളം ശേഖരിക്കാം എന്നാണ് ഈ വീഡിയോയിലൂടെ യുവതി പങ്കുവെക്കുന്നത്. തന്റെ കൈവശമുള്ള കാലിയായ കുപ്പിയുമായി ഒരു വാട്ടർ എടിഎം ന് അരികിലെത്തിയ യുവതി, അത് നിറയ്ക്കാൻ എത്ര രൂപയാകുമെന്ന് അവിടെയുള്ള ജീവനക്കാരനോട് ചോദിക്കുന്നു. "10 രൂപ" എന്നായിരുന്നു മറുപടി. തുടർന്ന് ജീവനക്കാരൻ കുപ്പിയുടെ അടപ്പ് തുറന്ന് മെഷീനിൽ നിന്ന് ശുദ്ധമായ ചൂടുവെള്ളം നിറച്ചു നൽകുന്നു. വീഡിയോ പങ്കുവെച്ചുകൊണ്ട് യുവതി കുറിച്ചത് ഇങ്ങനെയാണ്: "ഊട്ടിയിലേക്ക് വരുമ്പോൾ ഒരു സ്റ്റീൽ കുപ്പിയോ വീണ്ടും ഉപയോഗിക്കാവുന്ന കുപ്പിയോ കരുതുക. ഇവിടെ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചിരിക്കുകയാണ്. അതിന് പകരമായി വാട്ടർ എടിഎമ്മുകൾ വഴി അവർ ചൂടുവെള്ളം ലഭ്യമാക്കുന്നു. ഇതൊരു ചെറിയ ആശയമായിരിക്കാം, പക്ഷേ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്."
advertisement
വീഡിയോ വൈറലായതോടെ, ഭൂരിഭാഗം ആളുകളും ഈ പദ്ധതിയോട് അനുകൂലമായാണ് പ്രതികരിച്ചത്. ഇത് രാജ്യമെമ്പാടും നടപ്പിലാക്കേണ്ട ഒന്നാണ് എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടത്. പ്ലാസ്റ്റിക് കുപ്പികൾ കുറയ്ക്കാനുള്ള പ്രായോഗികമായ പരിഹാരമാണിതെന്ന് പലരും വിലയിരുത്തി. എങ്കിലും, ചിലർ ഈ സംവിധാനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്: ഒരാൾ ഉപയോഗിച്ച കുപ്പിയുടെ വായ്‌ഭാഗം മെഷീന്റെ നോസിലിൽ തൊടുകയാണെങ്കിൽ, അത് അടുത്ത ആൾക്ക് അണുബാധയുണ്ടാക്കാൻ കാരണമാകുമെന്ന് ചിലർ മുന്നറിയിപ്പ് നൽകുന്നു. നല്ല ആശയമാണെങ്കിലും ഇതിന്റെ രൂപകൽപ്പനയിൽ ശുചിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകണമായിരുന്നു എന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.
advertisement
advertisement
ഈ മാസമാദ്യമാണ് ഊട്ടി തടാകത്തിലും ബോട്ട് ഹൗസിലും പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ വാട്ടർ വെൻഡിംഗ് മെഷീനുകൾ ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തന്നീരു ഉദ്ഘാടനം ചെയ്തതെന്ന് ഹിന്ദു റിപ്പോർട്ട് ചെയ്തു. പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ, നീലഗിരി ജില്ലയിലുടനീളം ഇതുവരെ 93 വാട്ടർ എടിഎമ്മുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Dec 29, 2025 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഊട്ടിയിൽ ഇനി പ്ലാസ്റ്റിക് കുപ്പി ഇല്ല;10 രൂപയ്ക്ക് ചൂടുവെള്ളം നൽകുന്ന 'വാട്ടർ എടിഎമ്മുകൾ' റെഡി







