മാസ്ക് വേണ്ട; 'വേദിക്'ജീവിത രീതി പിന്തുടരുന്നവർ കോവിഡിനെ ഭയക്കേണ്ടതില്ലെന്ന് ബിജെപി മന്ത്രി
- Published by:Asha Sulfiker
- news18-malayalam
Last Updated:
പ്രാണായാമം, മെഡിറ്റേഷൻ, ദിനംതോറുമുള്ള പ്രാർഥന തുടങ്ങി പ്രതിരോധശേഷി കൂട്ടാൻ വേദിക് ജീവിതചര്യകൾ പിന്തുടരുന്ന വ്യക്തികൾ വൈറസിനെ ഭയപ്പെടേണ്ടതില്ല
ഭോപ്പാൽ: വേദങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ജീവിതചര്യകൾ പിന്തുടരുന്നവർ കോവിഡ് മഹാമാരിയെ ഭയപ്പെടേണ്ടതില്ലെന്ന് മധ്യപ്രദേശ് മന്ത്രി. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായി ഉഷാ താക്കുർ ആണ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ആഗോളതലത്തിൽ പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരി ലക്ഷക്കണക്കിന് ജീവനുകളാണ് അപഹരിച്ചത്. രോഗത്തിനെതിരായ പോരാട്ടം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് അധികാര സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വകാര്യ ആരോഗ്യസംഘടന സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ടൂറിസം മന്ത്രിയുടെ പ്രതികരണം. ചടങ്ങിൽ ഉഷാ താക്കുർ ഉൾപ്പെടെ പലരും മാസ്ക് ധരിച്ചിരുന്നില്ല. കോവിഡ് പ്രതിരോധത്തിൽ മുഖ്യ സുരക്ഷാ മാർഗമായി മാസ്ക് ധരിക്കണം എന്നത് ആരോഗ്യവിദഗ്ധർ ആവർത്തിച്ച് പറയുന്ന കാര്യമാണ്. പ്രധാനമന്ത്രിയും പല അവസരങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോഴാണ് വേദിക് ജീവിത രീതികൾ പിന്തുടരുന്ന ആളുകൾ കോവിഡിനെ ഭയക്കേണ്ടതില്ലെന്ന് ഉഷാ താക്കൂർ വ്യക്തമാക്കിയത്.
advertisement
'കോവിഡ് 19 ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ല എന്നത് ഒരു സത്യം തന്നെയാണ്. പക്ഷെ പ്രാണായാമം, മെഡിറ്റേഷൻ, ദിനംതോറുമുള്ള പ്രാർഥന തുടങ്ങി പ്രതിരോധശേഷി കൂട്ടാൻ വേദിക് ജീവിതചര്യകൾ പിന്തുടരുന്ന വ്യക്തികൾ വൈറസിനെ ഭയപ്പെടേണ്ടതില്ല എന്ന ഒരു വിശ്വാസം വളർത്തിയെടുത്തിട്ടുണ്ട്' എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
advertisement
ഉഷാ താക്കൂറിന്‍റെ പ്രസ്താവന ഇതിനോടകം തന്നെ വിവാദം ഉയർത്തിയിട്ടുണ്ട്. ഇതാദ്യമായല്ല വിവാദ പരാമർശങ്ങളിലൂടെ ഇവർ ശ്രദ്ധ നേടുന്നത്. നേരത്തെ ലവ് ജിഹാദ് തടയുന്നതിന് മുസ്ലീം യുവാക്കളെ 'ഗർബ' ആഘോഷ ചടങ്ങുകളിൽ നിന്ന് വിലക്കണമെന്ന ഇവരുടെ ആവശ്യം വിമർശനം ഉയർത്തിയിരുന്നു.
ഇതാദ്യമായല്ല ബിജെപി മന്ത്രിമാരുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ വിചിത്ര വാദങ്ങൾ ഉയരുന്നത്. നേരത്തെ മധ്യപ്രദേശിലെ തന്നെ മറ്റൊരു മന്ത്രിയായ ഇമർത്തി ദേവിയും സമാനമായ ഒരു വാദം ഉയർത്തിയിരുന്നു. ചെളിയും ചാണകവും ഒക്കെയുള്ള ചുറ്റുപാടിൽ വളർന്നു വന്ന തനിക്ക് വൈറസിനെ അതിജീവിക്കാനുള്ള പ്രതിരോധശേഷി ഉണ്ടെന്നായിരുന്നു പറഞ്ഞത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു ഇവരുടെയും പ്രതികരണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2021 10:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മാസ്ക് വേണ്ട; 'വേദിക്'ജീവിത രീതി പിന്തുടരുന്നവർ കോവിഡിനെ ഭയക്കേണ്ടതില്ലെന്ന് ബിജെപി മന്ത്രി