കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ലോകരാജ്യങ്ങൾ.അതിവേഗം വ്യാപിക്കുന്ന ഈ മഹാമാരിയെ പ്രതിരോധിക്കാൻ പറ്റാവുന്ന എല്ലാ മാർഗങ്ങളും വിദഗ്ധർ പരിശോധിക്കുന്നുണ്ട്. ഈ ശ്രമങ്ങൾക്കിടെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വരുന്ന തെറ്റായ പ്രചരണങ്ങൾ ചെവിക്കൊള്ളരുതെന്ന് ലോകാരോഗ്യ സംഘടനയടക്കം നിർദേശം നൽകുന്നുമുണ്ട്. എന്നാൽ ഇതിനിടയിലും രോഗപ്രതിരോധത്തിന് വിചിത്രമായ ചില പ്രതിവിധികളുമായി പലരും എത്തുന്നുണ്ട്.
ഈ പട്ടികയിൽ ഇപ്പോൾ ഇടം നേടിയിരിക്കുന്നത് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ അർജുൻ രാം മേഖ്വാൽ ആണ്. 'പപ്പടം' ആണ് കൊറോണയെ പ്രതിരോധിക്കാൻ എംപി നിർദേശിച്ചിരിക്കുന്ന ഉപാധി. 'ഭാഭിജി' എന്ന പേരിലുള്ള പപ്പടം കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡികളു ടെ ഉത്പ്പാദനം കൂട്ടുമെന്നാണ് എംപിയുടെ അവകാശവാദം. എംപിയുടെ ഈ വിചിത്ര മാർഗനിർദേശത്തിന്‍റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായാണ് ഒരു പപ്പടം നിർമ്മാണ കമ്പനി പുതിയതരം പപ്പടം അവതരിപ്പിച്ചിരിക്കുന്നതെന്നാണ് എംപി പറയുന്നത്. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ തീർത്തും ഫലപ്രദമാണീ പപ്പടമെന്ന് തെളിയുകയും ചെയ്യുമെന്നും എംപി പറയുന്നുണ്ട്. ഏതായാലും എംപിയുടെ വിചിത്ര ചികിത്സാ മാർഗം സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.
ഒരു കേന്ദ്രമന്ത്രിയിൽ നിന്നുണ്ടാകുന്ന മണ്ടത്തരത്തിന്‍റെ അങ്ങേയറ്റം എന്നാണ് ചിലരുടെ പ്രതികരണം. പ്രതിപക്ഷ നേതാക്കളും മേഖ്വാലിനെതിരെ എത്തിയിട്ടുണ്ട്. 'പപ്പടം കഴിക്കുന്നത് കൊറോണയെ പ്രതിരോധിക്കുമെന്ന് പറയുന്നു.. ഇതു പോലെയുള്ള മന്ത്രിമാരെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്' എന്നായിരുന്നു കോൺഗ്രസ് നേതാവ് വിജയ് സിംഗിന്‍റെ പരിഹാസ പ്രതികരണം.
ലോകമെമ്പാടും ശാസ്ത്രജ്ഞർ കൊറോണയ്ക്കായി മരുന്നു കണ്ടെത്താൻ പാടുപെടുന്നു. എന്നാൽ അതിന് മുന്നോടിയായി ഇത്തരം അബദ്ധ-മണ്ടത്തര ചികിത്സാ വിധികൾക്കാണ് മരുന്ന് കണ്ടെത്തേണ്ടതെന്നാണ് മറ്റൊരു പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.