PM Modi Address on Operation Sindoor: 'ആണവായുധം കാട്ടിയുള്ള ഭീഷണി ഇനി വേണ്ട; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല': പ്രധാനമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
ഓപ്പറേഷൻ സിന്ദൂർ പൂർണമായി നിർത്തിയിട്ടില്ലെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി, ഇപ്പോഴത്തേത് അർധവിരാമം മാത്രമാണെന്നും പറഞ്ഞു
ന്യൂഡൽഹ: ആണവായുധം കാട്ടിയുള്ള ഭീഷണി ഇനി വേണ്ടെന്നും തീവ്രവാദവും വാണിജ്യവും ഒരുമിച്ച് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുനദീജല കരാർ റദ്ദാക്കിയത് പുനരാലോചിക്കില്ലെന്ന സൂചന നൽകി പ്രധാനമന്ത്രി, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും വ്യക്തമാക്കി. ഇന്ത്യ– പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി ചർച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ചും തീവ്രവാദത്തെ കുറിച്ചും മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ പൂർണമായി നിർത്തിയിട്ടില്ലെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി, ഇപ്പോഴത്തേത് അർധവിരാമം മാത്രമാണെന്നും പറഞ്ഞു. പുതിയ കാലത്തെ യുദ്ധമുറയിൽ ഇന്ത്യ ആധിപത്യം തെളിയിച്ചു. ഏതുതരത്തിലുള്ള ഭീകരവാദത്തിനും ഇനി കനത്ത തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി–റോ ഡയറക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
advertisement
പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികൾ ഉള്‍പ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് തിരിച്ചടിക്കാനുള്ള സമയവും രീതിയും ലക്ഷ്യങ്ങളും തീരുമാനിക്കാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയിരുന്നു. ഇതേ തുടർന്ന് മെയ് 7ന് പുലർച്ചെ ഇന്ത്യ സൈനിക നീക്കമായ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങളിലെ 21 ലക്ഷ്യസ്ഥാനങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. ആക്രമണത്തിൽ കൊടുംഭീകരർ ഉള്‍പ്പെടെ നൂറിലേറെ പേരെ വധിച്ചു.
advertisement
പാക്ക് വ്യോമതാവളങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയിരുന്നു. പാകിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് ആക്രമണത്തെ തടയുകയായിരുന്നു. പാക് ജെറ്റ് വിമാനങ്ങളും ഇന്ത്യ വെടിവെച്ചിട്ടിരുന്നു. പാകിസ്ഥാൻ മുൻകൈയെടുത്ത് അഭ്യർത്ഥിച്ചതിനെ തുടർന്ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് വെടിനിർത്തൽ നിലവില്‍ വന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 12, 2025 8:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi Address on Operation Sindoor: 'ആണവായുധം കാട്ടിയുള്ള ഭീഷണി ഇനി വേണ്ട; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല': പ്രധാനമന്ത്രി