PM Modi in Ladakh| ചൈനയുടെ കയ്യാങ്കളിക്ക് മോദിയുടെ തൃശൂൽ
- Published by:Rajesh V
- news18-malayalam
Last Updated:
സൈനികരെ അതിർത്തിയിൽ കാവലിനിട്ട് എസി മുറികളിലിരുന്ന് രാഷ്ട്രീയം കളിക്കുകയല്ല താനെന്ന് വ്യക്തമാക്കാൻ കൂടിയാണ് മോദിയുടെ സന്ദർശനം. ഗാൽവൻ താഴ് വരയിൽ ഇരുപത് സൈനികർക്ക് വീരമൃത്യു വരിക്കേണ്ടി വന്നതിനെ ചൊല്ലി രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ കടന്നാക്രമണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള മറുപടി. അതും ഈ സന്ദർശന ലക്ഷ്യത്തിൽപെടും.
കരയിൽ നിന്ന് ആകാശത്തിലൂടെ പ്രതിയോഗികളെ ആക്രമിക്കാൻ കഴിയുന്ന ഇന്ത്യയുടെ കരുത്താണ് തൃശൂൽ മിസൈല്‍. ആ തൃശൂലിന്റെ അതേ കരുത്തിൽ ചൈനയ്ക്ക് മറുപടി നൽകുകയാണ് ഇന്ത്യ. അതിർത്തിയിലെ ചൈനീസ് അഭ്യാസങ്ങൾക്ക് അവിടെ മാത്രമല്ല ഇന്ത്യ മറുപടി നൽകിയത്. ചൈനീസ് കമ്പനികളേയും ചൈനീസ് ആപ്പുകളേയും നിരോധിച്ചു. അത് മുന്നറിയിപ്പായിരുന്നു, പിന്നാലെ വന്നു വലിയ താക്കീത്.
മോദി ലഡാക്കിൽ
ഈ വാർത്ത കേട്ടവരെല്ലാം ഒന്ന് അമ്പരന്നു. ചൈനയും ഇന്ത്യയും അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഈ സന്ദർശനം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അതിർത്തി സന്ദർശിക്കുമെന്നായിരുന്നു തീരുമാനം. പിന്നീട് ആ സന്ദർശനം റദ്ദാക്കി. സംഘർഷം ഒഴിവാക്കാൻ സൈന്യത്തെ പിൻവലിക്കാൻ അതിർത്തിയിൽ നടന്ന ചർച്ചയിൽ തീരുമാനിച്ച വിവരം പിന്നാലെ പുറത്തുവന്നു. അതിർത്തിയിൽ ചർച്ച നടക്കുമ്പോഴും നയതന്ത്ര രാഷ്ട്രീയ തലങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പര ആക്രമണം അവസാനിപ്പിച്ചിരുന്നില്ല. ആപ്പുകള്‍ നിരോധിച്ചതിനെ ചൈനീസ് അധികൃതർ കടുത്ത ഭാഷയിൽ വിമർശിച്ചപ്പോൾ ഇന്ത്യയുടെ മറുപടി പ്രധാനമന്ത്രിയുടെ സന്ദർശനമായിരുന്നു. അതുകൊണ്ട് കൂടിയാണ് ഈ സന്ദർശന വാർത്ത തെല്ല് അമ്പരപ്പുണ്ടാക്കിയതും.
advertisement
ലക്ഷ്യം പലത്
മോദിയുടെ ലഡാക്ക് സന്ദർശനത്തിന് ഒന്നിലേറെ ലക്ഷ്യങ്ങളുണ്ട്. സൈനികര്‍ക്ക് ആത്മവീര്യവും ആത്മവിശ്വാസവും പകരുക. ചൈനയ്ക്ക് ശക്തമായ താക്കീത് നൽകുക. അതിർത്തി സംഘർഷത്തിന് അയവുവരുന്നതിന് മുമ്പുള്ള ഈ സന്ദർശത്തിന്റെ പ്രധാനലക്ഷ്യമായി വിലയിരുത്തപ്പെടുക ഇവയാണ്. പക്ഷെ അതു മാത്രമല്ല ഈ സന്ദർശനത്തിന് പിന്നിൽ. ലേയിലെത്തിയ പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തു. അവരുടെ സഹപ്രവർത്തകരുടെ വീരമൃത്യു വെറുതെയാവില്ലെന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ചു. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സൈനികരെയും സന്ദർശിച്ചു. അവർക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകൾ പറഞ്ഞു. സൈനികരെ അതിർത്തിയിൽ കാവലിനിട്ട് എസി മുറികളിലിരുന്ന് രാഷ്ട്രീയം കളിക്കുകയല്ല താനെന്ന് വ്യക്തമാക്കാൻ കൂടിയാണ് മോദിയുടെ സന്ദർശനം. ഗാൽവൻ താഴ് വരയിൽ ഇരുപത് സൈനികർക്ക് വീരമൃത്യു വരിക്കേണ്ടി വന്നതിനെ ചൊല്ലി രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ കടന്നാക്രമണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള മറുപടി. അതും ഈ സന്ദർശന ലക്ഷ്യത്തിൽ പെടും.
advertisement
അമ്പരപ്പുണ്ടാക്കിയെങ്കിലും സന്ദർശനം അപ്രതീക്ഷിതമല്ല
സൈനികരുടെ വീരമൃത്യു ഉയർത്തിയുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബുദ്ധിമുട്ടുകയായിരുന്നു ഭരണപക്ഷം. പാകിസ്താന്റെ ഭീഷണികൾക്ക് അതിർത്തി കടന്ന് ആക്രമണം നടത്തിയ സർക്കാർ ചൈനയ്ക്കെതിരെ എന്തു കൊണ്ട് നടപടിയെടുക്കുന്നില്ലായിരുന്നു ചോദ്യം. ദേശീയ സുരക്ഷയും സൈനികരുടെ ആത്മവീര്യവുമുയർത്തി ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഭരണപക്ഷം ശ്രമിച്ചെങ്കിലും ഫലവത്തായില്ല. അതും ഈ സന്ദർശനത്തിന് കാരണമായി. പ്രതിരോധ മന്ത്രിയുടെ പേരിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള സാഹചര്യമൊരുക്കി. ഏവരേയും അമ്പരപ്പിച്ച് പ്രതിരോധമന്ത്രിക്ക് പകരം പ്രധാനമന്ത്രിയെത്തി. ലേയിൽ പ്രധാനമന്ത്രി പറഞ്ഞ വാക്കുകളും സൂക്ഷ്മതയോടെ തയ്യാറാക്കിയവയായിരുന്നു. കടന്നുകയറ്റക്കാരെന്ന് വിളിച്ച് ചൈനയെ കടന്നാക്രമിച്ചു. കടന്നുകയറ്റക്കാർ സ്വയം നശിച്ചിട്ടേയുള്ളുവെന്ന് അവരെ ഓർമ്മിപ്പിച്ചു. എന്നാൽ 26 മിനിട്ട് നീണ്ട പ്രസംഗത്തിൽ അദ്ദേഹം കൂടുതൽ സമയം ചിലവഴിച്ചത് മഞ്ഞുമല കാക്കുന്ന സൈനികരെ അനുമോദിക്കാനും അവരുടെ സേവനങ്ങളെ പ്രകീർത്തിക്കാനുമാണ്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിക്കാനും അവരോട് സംവദിക്കാനും പ്രധാനമന്ത്രി മറന്നില്ല.
advertisement
TRENDING: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]'ജോസിനോട് യു.ഡി.എഫ് ചെയ്തത് ക്രൂരത; എൽ.ഡി.എഫ് വേദന മാറ്റുന്ന മുന്നണി; കാനം മഹാൻ': ഇ.പി. ജയരാജൻ [NEWS]
advertisement
എന്തുകൊണ്ട് നിമു
ലേയിൽ നിന്ന് 50 കിലോമീറ്റർ ദൂരെയുള്ള നിമുവിലാണ് പ്രധാനമന്ത്രി എത്തിയത്. അതിർത്തി ഗ്രാമമോ ഫോർവേഡ് പോസ്റ്റോ അല്ല നിമു. വിനോദ സഞ്ചാരികളെത്തുന്ന പ്രദേശമാണ്. ഇന്ത്യ ചൈന സംഘർഷം നടക്കുന്ന പ്രദേശത്ത് നിന്ന് 250 കിലോമീറ്റർ ദൂരത്താണ് നിമു. 2011ലെ സെൻസസ് പ്രകാരം ആയിരത്തി ഒരുനൂറു പേർ ഇവിടെ താമസിക്കുന്നുമുണ്ട്.
അപ്പോഴും അതിർത്തി സംഘർഷം നിലനിൽക്കുമ്പോൾ ലഡാക്കിൽ ഇന്ത്യൻ പ്രധാനമന്ത്രിയെത്തിയെന്ന് ചൈനയെ അറിയിക്കാൻ ഏറ്റവും സുരക്ഷിതമായ പ്രദേശമാണ് നിമു. ഇതുമാത്രമല്ല നിമുവിന്റെ പ്രത്യേകത. 99 ലെ കാർഗിൽ യുദ്ധകാലത്ത് ഏറ്റവും തന്ത്രപ്രധാനമായ പ്രദേശമായിരുന്നു നിമു. കാർഗിൽ മലനിരകളിൽ നുഴഞ്ഞു കയറിയ പാക് സൈനികരും ഭീകരരും ചേർന്ന് ലഡാക്ക്- ശ്രീനഗർ ഹൈവെ തകർക്കാൻ ശ്രമിച്ചപ്പോൾ ആയുധ നീക്കത്തിനും ചരക്ക് നീക്കത്തിനും സഹായിച്ച തന്ത്രപ്രധാന മേഖലയായിരുന്നു സിന്ധു നദിയുടെ തീരത്തുള്ള നിമു.
advertisement
ബ്രിഗേഡ് ഹെഡ്‌ക്വാട്ടേഴ്‌സ് കൂടിയായതിനാൽ സൈനികരെ അഭിസംബോധന ചെയ്യാൻ ഏറ്റവും ഉചിതമായ സ്ഥലവും നിമു തന്നെ. നാല് ഹെലികോപ്റ്റുകൾക്ക് ഒരേസമയം ഇറങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ട്. സംഘർഷമേഖലയിലല്ല പ്രധാനമന്ത്രിയെത്തിയതെന്ന വിമർശനങ്ങൾക്കുള്ള മറുപടിയും ഇതുതന്നെ.
വെല്ലുവിളിക്കണോ, ചർച്ച നടത്തണോ?
അതിർത്തി സംഘർഷം അവസാനിപ്പിക്കാൻ ഏറ്റവും നല്ല മാർഗം ഏത്? ചർച്ച തുടരുകയാണ്. നയതന്ത്രമാണ് നല്ലതെന്ന് വാദിക്കുന്നവർ കുറവല്ല. ആ വിഭാഗമാണ് പ്രധാനമന്ത്രിയുടെ ലേ സന്ദർശനം പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കില്ലെന്ന് വാദിക്കുന്നത്. പാകിസ്താനോട് ഏറ്റുമുട്ടത് പോലെ എളുപ്പമാവില്ല ചൈനയോട് കോർക്കുന്നത് എന്ന് വാദിക്കുന്നവർ മുൻകാല അനുഭവം മറക്കരുത്. ചൈനയുടെ നയതന്ത്രം അവരുടെ സൗകര്യത്തിന് അനുസരിച്ചാണ്. കണ്ണടച്ച് വിശ്വസിക്കരുത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 03, 2020 11:17 PM IST


