'ഒളിംപിക്‌സ് നടത്താനും രാജ്യം തയ്യാര്‍; ജി20 സമ്മേളനത്തിന്റെ വിജയം ജനങ്ങളുടെ ആത്മവിശ്വാസം കൂട്ടി': പ്രധാനമന്ത്രി നരേന്ദ്രമോദി
- Published by:Sarika KP
- news18-malayalam
Last Updated:
2036ലെ ഒളിംപിക്‌സ് വേദിയ്ക്ക് വേണ്ടിയുള്ള ലേലത്തില്‍ ഇന്ത്യയും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് രാജ്യം ജി20 സമ്മേളനത്തിന് വേദിയായത്. ഇത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും ഒളിംപിക്‌സ് നടത്താന്‍ വരെ രാജ്യം തയ്യാറാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സിഎന്‍എന്‍-ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ആഗോള കായിക പരിപാടികള്‍ മറ്റുള്ള രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനായി പ്രത്യേകം ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''കഴിഞ്ഞ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ജി-20 ഉച്ചകോടി വിശദമായി പരിശോധിച്ചവര്‍ക്ക് അത്തരം ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള കഴിവ് ഇപ്പോള്‍ ഇന്ത്യയ്ക്കുണ്ടെന്ന് പറയാനാകും'' മോദി പറഞ്ഞു.
ഇന്ത്യ ആതിഥേയത്വം വഹിച്ച 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുണ്ടായ അഴിമതിയ്‌ക്കെതിരെ മറുപടി കൊടുക്കാന്‍ ജി-20 സമ്മേളനത്തിനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'' 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി മോശം അനുഭവങ്ങളാണുണ്ടായത്. അത് ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യക്കാരുടെ ആത്മവിശ്വാസത്തെയാണ് ഇല്ലാതാക്കിയത്. എന്നാല്‍ ജി-20യ്ക്ക് ശേഷം ആത്മവിശ്വാസം തിരികെ കിട്ടി. നമുക്കും ഇത്തരം ആഗോള പരിപാടികള്‍ ഏകോപിപ്പിക്കാന്‍ സാധിക്കുമെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി കഴിഞ്ഞു,'' മോദി പറഞ്ഞു.
advertisement
'' ജി- 20 ഉച്ചകോടിയോട് അനുബന്ധിച്ച് ഒരേസമയം 60-70 വേദികളില്‍ ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികള്‍ നടപ്പാക്കിയിരുന്നു. ഇത് രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ മാത്രമായി പരിപാടി ചുരുക്കിയിരുന്നുവെങ്കില്‍ ഇതൊരു സര്‍ക്കാര്‍ പരിപാടിയായി ചുരുങ്ങിയേനെ. എന്നാല്‍ ജനങ്ങള്‍ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കുന്ന പരിപാടിയായി ജി-20യെ മാറ്റാന്‍ സാധിച്ചു,'' മോദി പറഞ്ഞു.
2036ലെ ഒളിംപിക്‌സ് വേദിയ്ക്ക് വേണ്ടിയുള്ള ലേലത്തില്‍ ഇന്ത്യയും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 2029 ലെ യൂത്ത് ഒളിംപിക്‌സ്, 2024ലെ ചെസ്സ് ഒളിമ്പ്യാഡ് വേള്‍ഡ് ബീച്ച് ഗെയിംസ് പോലെയുള്ള ആഗോള പരിപാടികളെപ്പറ്റി പഠിക്കാന്‍ താന്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
'' ഞാന്‍ അറ്റ്‌ലാന്റ ഒളിംപിക്‌സ് കാണാന്‍ പോയിട്ടുണ്ട്. പരിപാടിയുടെ സംഘാടനത്തിലും നടത്തിപ്പിലും മറ്റും എനിക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നു. ഇത്തരമൊരു വലിയ പരിപാടി എങ്ങനെയാണ് സംഘടിപ്പിക്കുന്നത് എന്നറിയാന്‍ എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഒളിംപിക് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ അവരുടെ കാറുകള്‍ 200-250 മീറ്റര്‍ അകലെ പാര്‍ക്ക് ചെയ്യുന്നതായിരുന്നു അതില്‍ ഏറ്റവും കൗതുകകരമായി എനിക്ക് തോന്നിയത്. അവിടെ നിന്നും അവര്‍ ബസ് കയറി ഒളിംപിക്‌സ് നടക്കുന്നയിടത്ത് എത്തണം. അവര്‍ കാണാനാഗ്രഹിക്കുന്ന ഗെയിം നടക്കുന്നയിടത്തേക്ക് പോകാന്‍ പ്രത്യേകം ബസുകള്‍ ഉണ്ടായിരിക്കും. ഉദാഹരണത്തിന് ഇപ്പോള്‍ അവര്‍ക്ക് ഹോക്കിയാണ് കാണേണ്ടതെങ്കില്‍ ഏത് ബസ്സിലാണ് കയറേണ്ടതെന്ന് അവര്‍ക്കറിയാമായിരിക്കും. ആ ബസ് അവരെ മെട്രോസ്റ്റേഷനിലെത്തിക്കും. കളര്‍ കോഡുള്ള പ്രത്യേകം ട്രെയിനില്‍ കയറി മാച്ച് നടക്കുന്ന സ്റ്റേഡിയത്തിലേക്ക് അവര്‍ക്ക് എത്താനാകും. ഇത്തരത്തിലുള്ള മറ്റ് വിഷയങ്ങള്‍ പഠിക്കാന്‍ ടീമിന് നിർദേശം നൽകിയിട്ടുണ്ട്,'' മോദി പറഞ്ഞു.
advertisement
''അതിനായുള്ള മാനവവിഭവശേഷി നമുക്ക് വികസിപ്പിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ഒപ്പം ഇന്ത്യയുടെ കായിക താരങ്ങളെയും സജ്ജരാക്കണം. നമ്മള്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുകയാണെങ്കില്‍ മറ്റൊരാള്‍ക്ക് എങ്ങനെ സ്വര്‍ണ്ണ മെഡല്‍ വിട്ടുകൊടുക്കാനാകും,'' മോദി പറഞ്ഞു.
2036ലെ ഒളിംപിക്‌സ്-പാരാലിമ്പിംക്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയ്ക്ക് ആഗ്രഹമുണ്ടെന്ന കാര്യം മോദി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
ഇത്തരമൊരു ആഗോള പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കുകയെന്നത് ഇന്ത്യയുടെ കാലങ്ങളായുള്ള മോഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ യോഗത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
advertisement
2036ലെ ഒളിമ്പിക്‌സ് വേദിയ്ക്കായുള്ള ലേലത്തില്‍ ഇന്ത്യയെക്കൂടാതെ ഇന്തോനേഷ്യ, മെക്‌സിക്കോ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും മത്സരിക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 25, 2024 7:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഒളിംപിക്‌സ് നടത്താനും രാജ്യം തയ്യാര്‍; ജി20 സമ്മേളനത്തിന്റെ വിജയം ജനങ്ങളുടെ ആത്മവിശ്വാസം കൂട്ടി': പ്രധാനമന്ത്രി നരേന്ദ്രമോദി