ഹിന്ദിയിൽ മറുപടി പറയുന്ന കേന്ദ്രമന്ത്രിയ്ക്ക് മലയാളത്തില്‍ കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി
- Published by:ASHLI
- news18-malayalam
Last Updated:
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽനിന്നുള്ള എം.പി.മാർക്ക് പാർലമെന്ററി നടപടികളിലുള്ള പങ്കാളിത്തത്തെ ഹിന്ദിയിൽമാത്രം മറുപടിയെന്ന നിലപാട് ദോഷകരമായി ബാധിക്കുമെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി
ഹിന്ദിയിൽ മറുപടി പറയുന്ന കേന്ദ്രമന്ത്രിയ്ക്ക് മലയാളത്തില്‍ കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്ര റെയിൽവേ - ഭക്ഷ്യ സംസ്കരണ വ്യവസായ സഹ മന്ത്രി രവ്നീത് സിംഗിനാണ് ഡോ. ജോൺ ബ്രിട്ടാസ് എം. പി പ്രതിഷേധസൂചകമായി മലയാളത്തിൽ കത്തയച്ചത്. പാർലമെന്റിലെ പ്രതികരണങ്ങൾ ഹിന്ദിയിൽ മാത്രം നിർവഹിക്കുന്നയാളാണ് മന്ത്രി. ഇതിനെതിരേയാണ് ഹിന്ദി ഔദ്യോഗികഭാഷയായി അംഗീകരിക്കാത്ത കേരളത്തിൽ നിന്നുള്ള എം.പി.യായ ജോൺ ബ്രിട്ടാസിന്റെ പ്രതികരണം. കേരളപ്പിറവി ദിനത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളത്തിന്റെ ഭാഷാപരമായ അവകാശം ഉയർത്തിപ്പിടിച്ചു കൊണ്ട് ജോൺ ബ്രിട്ടാസ് ഈ പ്രതിഷേധക്കത്ത് അയച്ചത്.
ഹിന്ദിയിൽ മാത്രമുള്ള മറുപടികൾ മനഃപൂർവ്വമാണെന്ന് ജോൺ ബ്രിട്ടാസ് കത്തിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് താൻ മലയാളത്തിൽ പ്രതികരിക്കാൻ നിർബ്ബന്ധിതനാകുന്നത്. തനിക്കുനേരേ മാത്രമല്ല ഈ നിലപാടുണ്ടാകുന്നത്. തെക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഇതര എം. പി.മാരും ഇതേ അനുഭവം നേരിടുന്നുവെന്നും ജോൺ ബ്രിട്ടാസ് വിശദീകരിച്ചു.
ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്കുള്ള മന്ത്രി രവ്നീത് സിംഗിന്റെ പ്രതികരണങ്ങളെല്ലാം ഹിന്ദിയിലായിരുന്നു. എം. പി.യുടെ ജൂലായ് 22, 25 തിയതികളിലെ പ്രത്യേക പരാമർശങ്ങൾക്കും ആഗസ്റ്റ് അഞ്ചിലെ ശൂന്യ വേളാ നോട്ടീസിനും മന്ത്രി ഹിന്ദിയിൽ പ്രതികരിച്ചതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങൾ. ഈ സാഹചര്യത്തിലാണ് ജോൺ ബ്രിട്ടാസിന്റെ കത്ത്.
advertisement
ഔദ്യോഗികഭാഷാ നിയമപ്രകാരം കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിനിമയങ്ങൾക്കും പാർലമെന്ററി നടപടികൾക്കും ഇംഗ്ലീഷ് കൂടി ഉപയോഗിക്കാം. ഹിന്ദി ഔദ്യോഗികഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായുള്ള വിനിമയങ്ങളിൽ ഇംഗ്ലീഷ് തന്നെ ഉപയോഗിക്കേണ്ടതാണ് എന്നും ഇതേ നിയമം അനുശാസിക്കുന്നുണ്ട്. പാർലമെന്റിൽ, പ്രത്യേകിച്ച് ഹിന്ദി ഔദ്യോഗികഭാഷയോ വ്യാപകമായി സംസാരിക്കുന്ന ഭാഷയോ അല്ലാത്ത ദക്ഷിണേന്ത്യൻ എം.പി.മാരുമായുള്ള ആശയവിനിമയത്തിൽ, ഭാഷാപരമായ ഉൾക്കൊള്ളൽ സമീപനം പുലരണം എന്ന തത്വം ഉയർത്തിപ്പിടിക്കുന്നതാണ് ഈ നിയമഭാഗങ്ങൾ.
ഭാഷാവൈവിധ്യമുള്ള സമൂഹങ്ങൾ തമ്മിലുള്ള നിർവിഘ്നമായ ആശയവിനിമയത്തിനു കൂടി ഉതകുന്നതാണ് നിയമത്തിലെ ഈ അനുശാസനങ്ങൾ. ഹിന്ദിയിൽമാത്രം മറുപടി എന്ന ഇപ്പോഴത്തെ നിലപാട് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽനിന്നുള്ള എം.പി.മാർക്ക് പാർലമെന്ററി നടപടികളിലുള്ള പങ്കാളിത്തത്തെ ദോഷകരമായി ബാധിക്കും.
advertisement
ചരിത്രപരമായിത്തന്നെ, കീഴ്വഴക്കങ്ങളെയും നിയമബാധ്യതകളെയും അംഗീകരിച്ചുകൊണ്ട്, ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽനിന്നുള്ള എം. പി.മാരുമായുള്ള ആശയവിനിമയം ഇംഗ്ലീഷിൽ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകാറുണ്ട്. എന്നാൽ, അനുഭാവപൂർണ്ണമായ ഈ പ്രവണതയിൽനിന്ന് അടുത്ത കാലത്തായി വ്യതിചലനം കാണുന്നു. ഇത് അടിയന്തരമായി തിരുത്തേണ്ടതാണെന്നും ഡോ. ജോൺ ബ്രിട്ടാസ് കത്തിൽ കേന്ദ്ര മന്ത്രിയോട് ചൂണ്ടിക്കാട്ടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 03, 2024 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഹിന്ദിയിൽ മറുപടി പറയുന്ന കേന്ദ്രമന്ത്രിയ്ക്ക് മലയാളത്തില്‍ കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി