പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ (security breach) രാഷ്ട്രീയ ഏറ്റുമുട്ടൽ തുടരുന്നതിനിടെ വിഷയം സുപ്രീം കോടതിയിൽ. വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് കോടതിയെ സമീപിച്ചത്. സുരക്ഷാ വീഴ്ച ഗൗരവമുള്ളതെന്ന് നീരീക്ഷിച്ച ജസ്റ്റിസ് എൻ.വി. രമണ ഹർജിയുടെ പകർപ്പ് കേന്ദ്ര സർക്കാരിനും, പഞ്ചാബ് സർക്കാരിനും സമർപ്പിക്കാൻ നിർദ്ദേശിച്ചു.
അതേസമയം, അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണ സമിതിയെ രൂപീകരിച്ചു. റിട്ടയേഡ് ജസ്റ്റിസ് മെഹ്താബ് സിംഗ് ഗിൽ, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ജസ്റ്റിസ് അനുരാഗ് വർമ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
സുരക്ഷാ വീഴ്ചയിൽ സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. സുരക്ഷാവീഴ്ചയിൽ കേന്ദ്രസർക്കാരിനും ബി.ജെ.പിക്കും പുറമെ മുൻ പി.സി.സി. അധ്യക്ഷനും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലവനുമായ സുനിൽ ജക്കാറും വിമർശനവുമായി രംഗത്തെത്തിയിരുന്നു.
സംസ്ഥാന സർക്കാർ വേണ്ട സുരക്ഷയൊരുക്കിയില്ലെന്ന് കേന്ദ്രസർക്കാർ ആരോപിച്ചു. ആവശ്യമായ സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കുറ്റപ്പെടുത്തി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നുവെന്നും വിഷയത്തെ ലാഘവത്തോടെയാണ് സംസ്ഥാന സർക്കാർ കണ്ടതെന്നും ബി.ജെ.പി. വിമർശിച്ചു.
പ്രധാനമന്ത്രിക്കെതിരായ കൊലപാതക ശ്രമമാണ് പഞ്ചാബിൽ പരാജയപ്പെട്ടതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തത് അംഗീകരിക്കാനാവില്ലെന്നും സുരക്ഷ ഒരുക്കേണ്ടത് ജനാധിപത്യത്തിന്റെ കൂടി ആവശ്യമായിരുന്നുവെന്നുമാണ് സുനിൽ ജാക്കർ പ്രതികരിച്ചത്.
ഉത്തരവാദിത്തം ഏറ്റെടുത്ത് ചരൺജിത് സിങ് ഛന്നി രാജിവെച്ച് പുറത്തുപോകണമെന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിൽ പുഷ്പചക്രങ്ങൾ അർപ്പിക്കാൻ പോകുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തുകയും തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മേൽപ്പാലത്തിൽ കുടുങ്ങിയതും.
ഹുസൈനിവാലയിലേക്ക് ഹെലികോപ്റ്റററിലായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് യാത്ര റോഡ് മാർഗമാക്കുകയായിരുന്നു.
പഞ്ചാബ് പോലീസുമായി സംസാരിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചത്. അതിനിടെയാണ് പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡ് തടഞ്ഞത്. ഇതേത്തുടർന്ന് എൻ.എസ്.ജി. സംഘത്തിന്റെ സുരക്ഷയിൽ പ്രധാനമന്ത്രി ബത്തിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു.
Summary: Security breach during Prime Minister Narendra Modi's visit to Punjab leads to legal battle
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Narendra modi, Pm modi