• HOME
  • »
  • NEWS
  • »
  • india
  • »
  • ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ

ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ

തൂക്കിലേറ്റുന്നതിന് മണിക്കൂറുകൾക്ക് മുൻപും വധശിക്ഷ ഒഴിവാക്കാൻ ദയാഹർജികളും പുനഃപരിശോധനാ ഹർജികളും തിരുത്തൽ ഹർജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികൾ നോക്കി.

Nirbhaya Convicts

Nirbhaya Convicts

  • Share this:
ന്യൂഡൽഹി: ഏഴുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നിർഭയ കേസിലെ നാലു പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. വിധി നടപ്പാക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപും ശിക്ഷ തടയാനുള്ള എല്ലാ ശ്രമങ്ങളും പ്രതികൾ നടത്തിയിരുന്നു. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയത് വ്യാഴാഴ്ച ഉച്ചയ്ക്ക്. അതിനുശേഷം മൂന്ന് പ്രതികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. രാത്രി തന്നെ വാദം കേട്ട ഹൈക്കോടതിയിൽ നിന്നും അനുകൂലമായ യാതൊന്നും പ്രതികൾക്ക് ലഭിച്ചില്ല. വിധി തടയണമെന്ന പ്രതി പവൻ ഗുപ്തയുടെ അപേക്ഷ കൂടി സുപ്രീംകോടതി പുലർച്ചെ തള്ളിയതോടെ മുൻനിശ്ചയിച്ച പ്രകാരം പ്രതികളുടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.

വധശിക്ഷ നീട്ടിവെക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതികൾ നടത്തി

ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ വധശിക്ഷ നട‌പ്പാക്കാൻ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹർജികൾ നിലനിന്ന സാഹചര്യത്തിൽ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാൻ ദയാഹർജികളും പുനഃപരിശോധനാ ഹർജികളും തിരുത്തൽ ഹർജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികൾ നോക്കി. എന്നാൽ ഒടുവിൽ നീതിപീഠങ്ങളും രാഷ്ട്രപതിയും അവയെല്ലാം തള്ളി. ഏറ്റവുമൊടുവിൽ രാജ്യാന്തര നീതിന്യായ കോടതിയെ പോലും പ്രതികൾ സമീപിച്ചു.

You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]COVID 19 |വൈദ്യുതി, കുടിവെള്ളം ബില്ലിന് ഒരു മാസത്തെ അവധി; പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാനം [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]

നിയമപരമായ സാധ്യതകൾ തീർന്നിട്ടില്ലെന്നും മറ്റൊരാളുടെ ദയാ ഹർജി രാഷ്ട്രപതിയുടെ മുമ്പിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയും പ്രതികളുടെ മരണ വാറണ്ടുകൾ കോടതി മൂന്ന് തവണ മാറ്റിവച്ചു. എന്നാൽ വ്യാഴാഴ്ച നിയമപരമായ എല്ലാ വഴികളും നാലുപേർക്ക് മുന്നിലും അടഞ്ഞു.

കുറ്റകൃത്യം നടക്കുമ്പോൾ താൻ ഡൽഹിയിൽ ഇല്ലായിരുന്നുവെന്ന പ്രതി മുകേഷ് സിങ്ങിന്റെ അവസാന വാദം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ആർ ഭാനുമാതി, അശോക് ഭൂഷൺ, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് അവസാന അപേക്ഷയും തള്ളിയത്.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് രണ്ടാമതും ദയാഹർജി നിരസിച്ചതിനെ ചോദ്യം ചെയ്ത് അക്ഷയ് കുമാറിന്റെ അപേക്ഷയും സുപ്രീംകോടതി തള്ളി. ജുഡീഷ്യൽ പുനരവലോകനത്തിന് യാതൊരു സാധ്യതയുമില്ലെന്ന് സുപ്രീംകോടതി തീർത്തു പറഞ്ഞു. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് കുമാർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർ നൽകിയ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

തൂക്കിലേറ്റിയത് ഒരുമിച്ച്....

നിർഭയ കേസിലെ നാലു പ്രതികളെ തിഹാർ ജയിലിൽ ഇന്നു പുലർച്ചെ 5.30ന് ഒരുമിച്ച് തൂക്കിലേറ്റി. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാർ പവൻ ജല്ലാദാണ് നടപടികൾ പൂർത്തിയാക്കിയത്.

നാലുമണിയോടെ പ്രതികളെ ഉണർത്തി സുപ്രീം കോടതിയുടെ ഹർജി തള്ളിയ വിവരം അറിയിച്ചു. കുടുംബാംഗങ്ങളെ ഒരിക്കൽകൂടി കാണണമെന്ന പ്രതികളുടെ ആവശ്യം തിഹാർ അധികൃതർ തള്ളിക്കളഞ്ഞിരുന്നു. ആരോഗ്യ പരിശോധനയും മറ്റ് നടപടികളും പൂർത്തിയാക്കിയ ശേഷം പുലർച്ചെ 5.30 ന് നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റുകയായിരുന്നു. വിധിനടപ്പാക്കിയ സമയം സുപ്രീം കോടതിയുടെ സമീപം നിർഭയയുടെ അമ്മ ആശാ ദേവിയും ഭർത്താവും ഉണ്ടായിരുന്നു.

രാജ്യത്തെ നടുക്കിയ ആ രാത്രി

2012 ഡിസംബർ‌ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കൽ വിദ്യാർഥിനി അതുവഴി വന്ന ബസിൽ കയറി. ഡ്രൈവർ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ സംഘം പെൺ‍കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു.

ക്രൂരബലാൽസംഗത്തിനും പീഡനത്തിനും ശേഷം അവളെയും സുഹൃത്തിനെയും റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതിയ പെൺകുട്ടി ഡിസംബർ 29 ന് ലോകത്തോടു വിട പറഞ്ഞു. സംഭവത്തിൽ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമുയർന്നു. പിടിയിലായ പ്രതികൾക്കു വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. പ്രതീക്ഷിച്ചതുപോലെ അവർക്കു വധശിക്ഷതന്നെ വിധിച്ചു.
For more Solutions from CBSE Board, please Click here:


Published by:Rajesh V
First published: