ഗ്രാമം മുഴുവൻ വഖഫ് ബോർഡിന്റെ പേരിൽ; സ്വന്തംപേരിലുള്ള സ്ഥലം വിൽക്കാനാകാതെ ഗ്രാമീണർ പ്രതിസന്ധിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
തിരുച്ചെന്തുരൈ ഗ്രാമം കൂടാതെ തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിലുള്ള ആറ് ഗ്രാമങ്ങളിൽ കൂടി ഇതേ പ്രശ്നമുണ്ട്. സ്ഥലം വിൽക്കാൻ വഖഫ് ബോർഡിൻെറ അനുമതി വേണമെന്നാണ് ഇവിടങ്ങളിലെയും പ്രശ്നം
പൂർണിമ മുരളി
തമിഴ്നാട്ടിലെ തിരുച്ചെന്തുരൈ സ്വദേശിയായ അറുപതുകാരനായ രാജഗോപാലിന് ആ ദിവസം മറക്കാൻ കഴിയില്ല. ജീവിതത്തെ വല്ലാതെ പ്രതിസന്ധിയിലാക്കുന്ന ഒരു കാര്യം അദ്ദേഹം തിരിച്ചറിഞ്ഞത് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നാണ്. സ്വന്തം പേരിലുള്ള സ്ഥലം വിൽക്കുന്നതിനായി ട്രിച്ചി ജില്ലയിലെ തിരുച്ചെന്തുരൈ രജിസ്ട്രാർ ഓഫീസിൽ എത്തിയതായിരുന്നു അദ്ദേഹം. മകളുടെ കല്യാണ സമയത്ത് അയൽവാസിയിൽ നിന്ന് വാങ്ങിയ കടം വീട്ടാനായാണ് രാജഗോപാൽ സ്ഥലം വിൽക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിന് വഖഫ് ബോർഡിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ആവശ്യമാണെന്ന് സബ് രജിസ്ട്രാർ വ്യക്തമാക്കിയതോടെ രാജഗോപാൽ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി.
advertisement
“1996ൽ ഞാൻ വില കൊടുത്ത് വാങ്ങിയ ഭൂമിയാണിത്. ഇപ്പോൾ ഈ ഭൂമി വിൽക്കാൻ വഖഫ് ബോർഡിന്റെ അനുമതി വാങ്ങണമെന്നാണ് സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് പറയുന്നത്. എല്ലാ രേഖകളും എൻെറ കൈവശമുണ്ടെന്ന് ഞാൻ രജിസ്ട്രാറോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ഗ്രാമം മുഴുവൻ വഖഫ് ബോർഡിൻെറ കയ്യിലാണെന്ന് തെളിയിക്കുന്ന ചില രേഖകളാണ് അവർ എനിക്ക് കാണിച്ച് തന്നത്,” രാജഗോപാൽ പറഞ്ഞു.
1996ൽ മൂന്ന് ലക്ഷം രൂപയ്ക്കാണ് രാജഗോപാൽ ഈ ഭൂമി വാങ്ങിച്ചത്. ഇപ്പോഴത്തെ വിപണി വില വച്ച് ഈ സ്ഥലത്തിന് കുറഞ്ഞത് 12 ലക്ഷം രൂപയെങ്കിലും ലഭിക്കും. കടം വീട്ടാൻ വേണ്ടി സ്വന്തം ഭൂമി വിൽക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരിക്കുകയാണെന്ന് രാജഗോപാൽ പറഞ്ഞു. തിരുച്ചെണ്ടുരൈ ഗ്രാമത്തിൽ ഏകദേശം 7000 കുടുംബങ്ങളുണ്ട്. രാജഗോപാലിന് ഉണ്ടായ അനുഭവം കേട്ട് ഭയന്നിരിക്കുകയാണ് ഗ്രാമത്തിലെ മറ്റുള്ളവർ. വല്ല അത്യാവശ്യവും വന്നാൽ ഭൂമി വിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുമോയെന്നാണ് അവർ ഭയപ്പെടുന്നത്.
advertisement
രജിസ്ട്രാറുടെ പുതിയ പ്രഖ്യാപനം മൂലം പ്രതിസന്ധിയിലായിരിക്കുന്ന നൂറുകണക്കിന് പേരിൽ ഒരാൾ മാത്രമാണ് രാജഗോപാൽ. തിരുച്ചെന്തുരൈ ഗ്രാമം കൂടാതെ തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിലുള്ള ആറ് ഗ്രാമങ്ങളിൽ കൂടി ഇതേ പ്രശ്നമുണ്ട്. സ്ഥലം വിൽക്കാൻ വഖഫ് ബോർഡിൻെറ അനുമതി വേണമെന്നാണ് ഇവിടങ്ങളിലെയും പ്രശ്നം. പള്ളിവാസൽ തെരുവ് സ്വദേശിയായ 55കാരനായ എൻ സയ്യിദ് സാക്കിർ സ്ഥലം വിൽക്കാനായി ഇനി മുട്ടാത്ത വാതിലുകളില്ല. അദ്ദേഹത്തിനും ബന്ധുക്കൾക്കും കൂടി 17 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്.

advertisement
“ആറ് തലമുറകളായി ഞങ്ങൾ ഇവിടെയാണ് ജിവിക്കുന്നത്. ഞങ്ങളുടെ വീടും കടകളും ദർഖകളുമൊക്കെ ഇപ്പോൾ വഖഫ് ബോർഡിന് കീഴിലാണെന്നാണ് പറയുന്നത്. ഇത് അനീതിയാണ്. ഞങ്ങളുടെ സ്വത്തിൽ ഞങ്ങൾക്ക് യാതൊരു അവകാശവും ഇല്ലേ?,” സാക്കിർ ചോദിക്കുന്നു. സർക്കാർ ഉത്തരവ് പ്രകാരം സ്ഥലം വിൽക്കാൻ വഖഫ് ബോർഡിന്റെ അനുമതി വാങ്ങണമെന്ന അറിയിപ്പ് ഓഗസ്റ്റ് 11നാണ് തമിഴ്നാട്ടിലെ 12 സബ് രജിസ്ട്രാർ ഓഫീസുകളിലേക്ക് അയച്ചത്.
1954-ലെ കണക്കെടുപ്പിന് ശേഷമാണ് ബോർഡിന് ഭൂമി അനുവദിച്ചത് എന്നതിനാൽ ഇനി അക്കാര്യത്തിൽ ആലോചനയുടെ കാര്യമില്ലെന്ന് തമിഴ്നാട് വഖഫ് ബോർഡ് മേധാവി റബിയുള്ള ന്യൂസ് 18-നോട് പറഞ്ഞു. എന്നാൽ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്താൻ ആലോചിക്കുകയാണ് ഗ്രാമവാസികൾ.
advertisement

അതേസമയം, ശ്രീരംഗം ആർഡിഒ വൈദ്യനാഥന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. സബ് രജിസ്ട്രാർക്ക് പിഴവ് സംഭവിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥലം മുഴുവൻ ബോർഡിന് അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് സബ് രജിസ്ട്രാർ മേലുദ്യോഗസ്ഥരോട് സംസാരിച്ച് വ്യക്തത വരുത്തണമായിരുന്നുവെന്ന് വൈദ്യനാഥൻ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 15, 2022 9:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗ്രാമം മുഴുവൻ വഖഫ് ബോർഡിന്റെ പേരിൽ; സ്വന്തംപേരിലുള്ള സ്ഥലം വിൽക്കാനാകാതെ ഗ്രാമീണർ പ്രതിസന്ധിയിൽ