ന്യൂഡൽഹി: ബിബിസി ഓഫീസുകളിൽ നടത്തിയ സർവേയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ആദായനികുതി വകുപ്പ് ബിബിസി നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്. ഇംഗ്ലീഷ് ഒഴികെയുള്ള ഇന്ത്യൻ ഭാഷകളിൽനിന്നു കാഴ്ചക്കാരുണ്ടെങ്കിലും അതിന് ആനുപാതികമായല്ല ബിബിസിയുടെ വരുമാന കണക്കുകളെന്ന് സർവേയിൽ കണ്ടെത്തി. 1961ലെ ആദായനികുതി ആക്ടിലെ സെക്ഷൻ 133 എ പ്രകാരമാണ് ബിബിസിയുടെ മുംബൈ, ന്യൂഡൽഹി ഓഫീസുകളിൽ സർവേ നടത്തിയതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
സർവേയിൽ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ലഭിച്ചു. ബിബിസിയുടെ വിദേശത്തുള്ള ഓഫീസുകൾ ഇന്ത്യയിൽനിന്നുള്ള വരുമാനം വെളിപ്പെടുത്തുകയോ, അതിന് അനുസൃതമായി നികുതി അടയ്ക്കുകയോ ചെയ്തിട്ടില്ലെന്നും സർവേയിൽ വ്യക്തമായതായി ആദായനികുതി വകുപ്പ് പത്രകുറിപ്പിൽ വ്യക്തമാക്കുന്നു.
സർവേയിലൂടെ ബിബിസിയ്ക്കെതിരായ നിർണായക തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ജീവനക്കാരുടെ മൊഴി, ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ വിശദമായി പരിശോധിക്കുമെന്നും ആദായനികുതിവകുപ്പ് അറിയിച്ചു.
Also Read- ബിബിസി ന്യൂഡൽഹി ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധന; അന്വേഷണം വെളിപ്പെടുത്താത്ത വരുമാനത്തെക്കുറിച്ച്
ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ആണ് ബിബിസിയുടെ മുംബൈ, ന്യൂഡൽഹി ഓഫീസുകളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വെളിപ്പെടുത്താത്ത വരുമാനത്തെക്കുറിച്ച് ബിബിസിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ജീവനക്കാരുടെ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കംപ്യൂട്ടറുകൾ ഉപയോഗിക്കരുതെന്നും നിർദേശം നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.