രണ്ടാം മോദി സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി; ഡെപ്യൂട്ടി സ്പീക്കർ കസേരയിൽ ഇതുവരെ ആളില്ല
- Published by:Arun krishna
- news18-malayalam
Last Updated:
രാഷ്ട്രീയ കാരണങ്ങൾ മാറ്റിനിർത്തിയാൽ, ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാൻ ഒരു സർക്കാരിനും ഇത്രയും സമയം വേണ്ടിവന്നിട്ടില്ല എന്നതാണ് വസ്തുത.
മോദി സർക്കാർ രണ്ടാം തവണയും അധികാരത്തിലെത്തിയിട്ട് നാലു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. നിലവിലെ സർക്കാരിന് ഇനി രണ്ട് പാർലമെന്റ് സമ്മേളനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്- ശീതകാലസമ്മേളവും ബജറ്റ് സെഷനും. എന്നാൽ 17-ാം ലോക്സഭയ്ക്ക് ഇതുവരെ ഒരു ഡെപ്യൂട്ടി സ്പീക്കറെ ലഭിച്ചിട്ടില്ല. ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ പലതവണ ഇക്കാര്യം ഓർമിപ്പിച്ചിട്ടും ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ഉണ്ടായിട്ടുമില്ല. ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ തസ്തിക ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതിയും ചോദിച്ചിട്ടുണ്ട്.
സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും എത്രയും വേഗം തിരഞ്ഞെടുക്കണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 93 ൽ വ്യക്തമായി പറയുന്നുണ്ട്. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തിൽ, ഈ രണ്ട് സ്ഥാനങ്ങളിലും ആളുകണ്ടാകണം എന്നും നിയമത്തിൽ പറയുന്നു. എന്നിട്ടും, രണ്ടാം മോദി സർക്കാരിൽ ഈ കസേര ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
സർക്കാരിനെതിരെ കോൺഗ്രസ്
കോൺഗ്രസിന്റെ ലോക്‌സഭാ വിപ്പ് മാണിക്കം ടാഗോർ ഈ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തി. ”ഡപ്യൂട്ടി സ്പീക്കറുടെ കസേര ഇത്ര നാളായും ഒഴിഞ്ഞു കിടക്കുകയാണ്. അദ്ദേഹത്തിന്റെ ഓഫീസ് പൂട്ടിയിരിക്കുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിക്ക് ആ സ്ഥാനം നൽകാൻ അദ്ദേഹം (സ്പീക്കർ) ആഗ്രഹിക്കുന്നില്ല. ഇതാണ് ഈ പദവിയിലേക്ക് ആരെയും തിരഞ്ഞെടുക്കാത്തതിനു കാരണം”, ടാഗോർ ന്യൂസ് 18-നോട് പറഞ്ഞു.
advertisement
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പൊതുവേ പ്രതിപക്ഷത്തിന് നൽകുന്നതാണ് പാർലമെന്ററി പാരമ്പര്യം എന്ന കാര്യവും ടാഗോർ ഓർമിപ്പിച്ചു. ഡിഎംകെയുടെ എം തമ്പി ദുരൈ ആയിരുന്നു ഇന്ത്യൻ പാർലമെന്റിലെ അവസാനത്തെ ഡെപ്യൂട്ടി സ്പീക്കർ.
ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കണമെങ്കിൽ, ലോക്‌സഭാ സെക്രട്ടേറിയറ്റ് സ്പീക്കറുടെ അംഗീകാരത്തോടെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം എന്നും ടാഗോർ പറഞ്ഞു. ഈ കസേര ഇത്രയും കാലം ഒഴിഞ്ഞുകിടക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങൾക്ക് യോജിച്ചതല്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
രാഷ്ട്രീയ കാരണങ്ങൾ മാറ്റിനിർത്തിയാൽ, ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാൻ ഒരു സർക്കാരിനും ഇത്രയും സമയം വേണ്ടിവന്നിട്ടില്ല എന്നതാണ് വസ്തുത. പാർലമെന്ററി കാര്യ മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്‌ബുക്കിൽ പറയുന്നതു പ്രകാരം, ഇതിനു മുൻപ് 12-ാം ലോക്‌സഭയിയാണ് ഡപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാൻ ഏറ്റവും കൂടുതൽ സമയം എടുത്തത് (269 ദിവസം).
ബിജെപി പറയുന്നതെന്ത്?
ലോക്‌സഭയിൽ ഒരു പ്രതിപക്ഷ പാർട്ടിക്കും ആവശ്യമായ അംഗസംഖ്യയില്ലെന്ന് ബിജെപി എംപി രമേഷ് ബിധുരി ന്യൂസ് 18 നോട് പറഞ്ഞു. ”ഏതെങ്കിലും പാർട്ടിയിൽ നിന്നും ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കണമെങ്കിൽ അവർക്ക് കുറഞ്ഞത് 50 എംപിമാരെങ്കിലും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്”, ബിധുരി ന്യൂസ് 18-നോട് പറഞ്ഞു.
advertisement
ഭരണഘടനാ വിദഗ്ധരോടും ഈ വിഷയത്തെക്കുറിച്ച് ന്യൂസ് 18 സംസാരിച്ചു. സ്പീക്കർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ഒന്നുകിൽ എതിരില്ലാതെ ഈ സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കാം. വോട്ടെടുപ്പ് നടന്നാൽ, പ്രതിപക്ഷ പാർട്ടികൾക്ക് ഒരുമിച്ച് ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്താമെന്നും ലോക്‌സഭയിൽ അവർക്കുള്ള എംപിമാരുടെ ആകെ എണ്ണമാകും കണക്കാക്കുകയെന്നും ഇവർ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 31, 2023 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രണ്ടാം മോദി സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി; ഡെപ്യൂട്ടി സ്പീക്കർ കസേരയിൽ ഇതുവരെ ആളില്ല


