അൻപതിനായിരത്തോളം പേരെ വെറുതെ ഇറക്കിവിടാനാകില്ല; ഉത്തരാഖണ്ഡിലെ ഹൽദ്‌വാനി കയ്യേറ്റ കേസിൽ സുപ്രീംകോടതി
- Published by:Sarika KP
- news18-malayalam
Last Updated:
ഹൽദ്‌വാനിയിൽ അയ്യായിരത്തിലധികം വീടുകൾ തകർത്ത കേസും വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.
ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിലെ 29 ഏക്കർ റെയിൽവേ ഭൂമിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഹർജി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഇവിടെ താമസിക്കുന്ന അൻപതിനായിരത്തോളം പേരെ കുടിയൊഴിപ്പിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസ് അടുത്ത വാദം കേൾക്കാനായി ഫെബ്രുവരി ഏഴിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് എ നസീർ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഹൽദ്‌വാനിയിൽ അയ്യായിരത്തിലധികം വീടുകൾ തകർത്ത കേസും വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.
എന്താണ് ഹൽദ്‌വാനി കയ്യേറ്റ പ്രശ്നം?
2013ൽ, ഹൽദ്‌വാനി റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഗൗള നദിയിലെ അനധികൃത ഖനനത്തിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹർജി (PIL) ഫയൽ ചെയ്തിരുന്നു. നൈനിറ്റാളിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയും പ്രദേശത്തെ കയ്യേറ്റങ്ങൾ പരിശോധിക്കാൻ റെയിൽവേയോട് ആവശ്യപ്പെടുകയും ചെയ്തു. 2017ൽ സംസ്ഥാന സർക്കാർ റെയിൽവേയും നടത്തിയ സംയുക്ത സർവേയിൽ സ്ഥലത്ത് 4,365 കൈയേറ്റങ്ങൾ കണ്ടെത്തി.
advertisement
ഡിസംബർ 20ന്, ഹൽദ്‌വായിലെ ബൻഭൂൽപുര പ്രദേശത്തുള്ള 29 ഏക്കർ റെയിൽവേ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. ഒരാഴ്ചത്തെ മുൻകൂർ നോട്ടീസ് നൽകിയ ശേഷം ഒഴിപ്പിക്കാനായിരുന്നു ഉത്തരവ്. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ അർദ്ധസൈനിക വിഭാഗങ്ങളുടെ സഹായം തേടാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഒഴിപ്പിക്കൽ ഉത്തരവിനെതിരെ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തെക്കുറിച്ച് പഠിക്കാനായി സമാജ്‌വാദി പാർട്ടി എംപി എസ്‌ടി ഹസനും മുതിർന്ന എംഎൽഎമാരും ഉൾപ്പെടുന്ന 10 അംഗ സംഘം ബുധനാഴ്ച ഹൽദ്‌വാനി സന്ദർശിക്കുമെന്നും എസ്പി നേതാവ് എസ്‌കെ റായ് പറഞ്ഞു. ”പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കാനുള്ള ഗൂഢാലോചനയാണിത്. അവരെ പിന്തുണയ്ക്കാൻ സമാജ്‌വാദി പാർട്ടി സാധ്യമായതെല്ലാം ചെയ്യും”, റായ് കൂട്ടിച്ചേർത്തു.
advertisement
പതിറ്റാണ്ടുകളായി തങ്ങൾ ഹൽദ്‌വാനിയിലാണ് താമസിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ആയിരക്കണക്കിന് ആളുകളാണ് ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയത്. ഇത് തങ്ങളെ ഭവനരഹിതരാക്കുമെന്നും സ്കൂളിൽ പോകുന്ന കുട്ടികളുടെ ഭാവി വരെ അപകടത്തിലാകുമെന്നും പലരും പറയുന്നു. കുടിയൊഴിപ്പിക്കൽ നടപ്പിലാക്കിയാൽ, അത് പ്രദേശത്തെ വലിയൊരു വിഭാഗം സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഹൽദ്വാനി സ്റ്റേഷനിലെ 2.2 കിലോമീറ്റർ റെയിൽവേ ഭൂമിയിലാണ് കയ്യേറ്റം ഉണ്ടായിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഇസത്‌നഗർ ഡിവിഷനു കീഴിൽ വരുന്ന, ലാൽ കുവാൻ മുതൽ കത്‌ഗോഡം വരെയുള്ള സെക്ഷനിലെ ഭൂമിയാണ് കയ്യേറ്റം ചെയ്തിരിക്കുന്നത് എന്നും അധികൃതർ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2023 9:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അൻപതിനായിരത്തോളം പേരെ വെറുതെ ഇറക്കിവിടാനാകില്ല; ഉത്തരാഖണ്ഡിലെ ഹൽദ്‌വാനി കയ്യേറ്റ കേസിൽ സുപ്രീംകോടതി