ജയ്പുര്‍: പ്രവാചക നിന്ദയുടെ പേരില്‍ നുപൂര്‍ ശര്‍മയെ പിന്തുണച്ച തയ്യല്ക്കാരന് കനയ്യ ലാല്‍ ടേലി വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നല്കിയ പരാതിയി നല്‍കിയിരുന്നതായി പൊലീസ്. സംഭവത്തില്‍ ജാഗ്രത പുലര്‍ത്താതിരുന്നതിന് എഎസഐയെ സസ്പെന്‍ഡ് ചെയ്തു. ധാന്‍മണ്ഡി സ്റ്റേഷനിലെ ഭന്‍വര്‍ ലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജൂണ്‍ 15നാണ് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കനയ്യ ലാല്‍ പൊലീസിനെ സമീപിച്ചത്. പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു കനയ്യലാലിന് ചില സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ കനയ്യലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കണ്ടാല്‍ കൊന്നുകളയാന്‍ ആവശ്യപ്പെട്ട് ചിലര്‍ തന്റെ ചിത്രം ഏതാനും സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുന്നതായും കനയ്യലാല്‍ നല്കിയ പരാതില്‍ പറയുന്നു. കൂടാതെ തയ്യല്‍ കട തുറക്കാതിരിക്കാനും സമ്മര്‍ദമുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്. കനയ്യലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് പിടിയിലായത്.
ഉദയ്പൂരില്‍ വലിയ സംഘര്‍ഷാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഉദയ്പുരില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ സംഘര്‍ഷം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പൊലീസ് സ്വീകരിച്ചു. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാന് പോലീസ് നിര്‍ദേശം നല്കി.
Also Read-Nupur Sharma| ഉദയ്പൂരിൽ നുപുർ ശർമയെ പിന്തുണച്ചയാളെ തലയറുത്ത് കൊന്നു; രാജസ്ഥാനിൽ സംഘർഷാവസ്ഥ
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. രണ്ടു പ്രതികളേയും പിടികൂടിയിട്ടുണ്ടെന്നും വേഗത്തിലുള്ള അന്വേഷണം നടക്കുമെന്നും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.