ദീപാവലിയും ഹോളിയും പോലെ; സുനിതയുടെ മടങ്ങിവരവ് ആഘോഷമാക്കി ഗുജറാത്തിലെ ഗ്രാമം
- Published by:ASHLI
- news18-malayalam
Last Updated:
ദിവസങ്ങളായി ഈ ഗ്രാമവാസികളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും സുനിതയും ഉള്‍പ്പെട്ടിരുന്നു
മെഹ്‌സാന: ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ 9 പേടകം ഫ്‌ളോറിഡ തീരത്തിനുസമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഇറങ്ങിയത്.
ഇന്ത്യന്‍ വംശജയായ സുനിത സുരക്ഷിതമായി മടങ്ങിയെത്തിയതോടെ വലിയ ആഘോഷ തിമിര്‍പ്പിലാണ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഝൂലാസന്‍ എന്ന ഗ്രാമം. സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യയുടെ ജന്മദേശമാണിത്. ദീപാവലിക്കും ഹോളിക്കും സമാനമായ ആഘോഷങ്ങളാണ് ഗ്രാമവാസികള്‍ ഇവിടെ സംഘടിപ്പിച്ചത്. ദിവസങ്ങളായി ഈ ഗ്രാമവാസികളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും സുനിതയും ഉള്‍പ്പെട്ടിരുന്നു. സുനിത സുരക്ഷിതമായി എത്തുന്നതിന് അവരില്‍ പലരും പ്രത്യേക പ്രാര്‍ത്ഥനകളും നേർച്ചകാഴ്ചകളും അര്‍പ്പിക്കുകയും ദോല മാതാ ദേവിയുടെ പേരിലുള്ള ക്ഷേത്രത്തില്‍ അഖണ്ഡ ജ്യോതി കത്തിക്കുകയും ചെയ്തിരുന്നു.
advertisement
ദീപാവലിക്കും ഹോളിക്കും സമാനമായ ഉത്സവ അന്തരീക്ഷമാണ് ഗ്രാമത്തിലെന്നും പ്രാര്‍ത്ഥനാ ജപങ്ങളും വെടിക്കെട്ടുകളും നടത്തിയതായും സുനിതയോടുള്ള ബഹുമാനാര്‍ത്ഥം വലിയ ഘോഷയാത്ര സംഘടിപ്പിക്കുമെന്നും അവരുടെ അര്‍ധസഹോദരന്‍ നവീന്‍ പണ്ഡെ എന്‍ഡിടിവിയോട് പറഞ്ഞു.
''സുനിത വില്യംസിന്റെ ചിത്രവുമായി ഞങ്ങള്‍ ഒരു ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ ഒരു പ്രത്യേക പ്രാര്‍ത്ഥന നടത്തും. അവര്‍ സുരക്ഷിതമായി തിരികെ എത്തുന്നതിന് ഞങ്ങള്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയും അഖണ്ഡ ജ്യോതി തെളിയിക്കുകയും ചെയ്തിരുന്നു. അവര്‍ ഭൂമിയിലേക്ക് മടങ്ങിയെത്തിയ ബുധനാഴ് ദോല മാതാ ദേവിക്ക് ഈ വിളക്കുകള്‍ സമര്‍പ്പിക്കും,'' നവീന്‍ പറഞ്ഞു.
advertisement
അതേസമയം, ദൗത്യം പൂര്‍ത്തിയായി കുറച്ച് നാളുകള്‍ക്ക് ശേഷം സുനിതയെ ഗ്രാമത്തിലേക്ക് ക്ഷണിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമവാസികള്‍.
''ഇവിടെ ഉത്സവ അന്തരീക്ഷമാണ് ഉള്ളത്. എ്ല്ലാവരും അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. അടുത്തുതന്നെ ഝൂലാസന്‍ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ അവരെ ക്ഷണിക്കും. സുനിത തന്റെ പൂര്‍വിക ഗ്രാമത്തില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണ്,'' നവീന്‍ കൂട്ടിച്ചേര്‍ത്തു.
1957ലാണ് സുനിതയുടെ പിതാവ് ദീപക് പാണ്ഡയയ അമേരിക്കയിലേക്ക് കുടിയേറിയത്. വെറും ഏഴുദിവസം മാത്രം നീണ്ട ദൗത്യത്തിനായാണ് സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശത്തെത്തിയത്. എന്നാല്‍ സാങ്കേതിക തടസ്സം മൂലം ദൗത്യം നീണ്ടുപോകുകയായിരുന്നു. ഒമ്പത് തവണയായി 62 മണിക്കൂര്‍ ബഹിരാകാശത്ത് നടന്ന സുനിത ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Gujarat
First Published :
March 19, 2025 11:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ദീപാവലിയും ഹോളിയും പോലെ; സുനിതയുടെ മടങ്ങിവരവ് ആഘോഷമാക്കി ഗുജറാത്തിലെ ഗ്രാമം


